'രാഹുലിന് എതിരെ മുതിര്‍ന്ന നേതാക്കളുടെ ഗൂഢാലോചന', മൊഴി നല്‍കി വനിതാ നേതാവ്

വെളിപ്പെടുത്തല്‍ നടത്തിയ ആരും കേസുമായി മുന്നോട്ടുപോകാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് നടിയെ പരാതിക്കാരിയായി പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നത്.

author-image
Biju
New Update
rahul

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ കേസില്‍ മൊഴി നല്‍കിയ യുവനടിയെ പരാതിക്കാരിയാക്കാന്‍ കഴിയുമോ എന്നു നിയമോപദേശം തേടി ക്രൈംബ്രാഞ്ച്. രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു വ്യക്തമാക്കിയ നടി ചാറ്റ് വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു നല്‍കി. എന്നാല്‍ കൂടുതല്‍ നിയമനടപടികള്‍ക്ക് ഇല്ലെന്ന നിലപാടാണ് നടി. വെളിപ്പെടുത്തല്‍ നടത്തിയ ആരും കേസുമായി മുന്നോട്ടുപോകാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് നടിയെ പരാതിക്കാരിയായി പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നത്. 

അതിനിടെ, രാഹുലിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഡിജിപിക്കു പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ക്രൈംബ്രാഞ്ചിനു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തന്നെ മൊഴി നല്‍കി. കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കളാണ് രാഹുലിനെതിരെ ഗൂഢാലോചന നടത്തുന്നതെന്നും അവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നുമാണ് വനിതാ നേതാവിന്റെ മൊഴി. ഡിജിപിക്കു നല്‍കിയ പരാതിയില്‍ ഇവര്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. തിരുവനന്തപുരത്ത് ജവഹര്‍ നഗരിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ നേരിട്ടെത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്. 

രാഹുല്‍ വിഷയം കോണ്‍ഗ്രസില്‍ തന്നെ വലിയ പടലപ്പിണക്കങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാഹുലിനെതിരെ സ്വീകരിച്ച നടപടുകളില്‍ ഒരു വിഭാഗം യുവനേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തിലാണ് രാഹുല്‍ അനുകൂല നീക്കങ്ങള്‍ ശക്തമാകുന്നതെന്ന തരത്തിലുള്ള പ്രചാരണം കോണ്‍ഗ്രസ് നേതൃത്വം തള്ളി.