വന്ധ്യത ചികിത്സയുടെ പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ച് ചൂഷണം ; പ്രത്യേകം സംഘം അന്വേഷിക്കും

അണ്ഡദാതാക്കളായി തങ്ങൾ പാർപ്പിച്ചിരുന്ന ഇതരസംസ്ഥാന യുവതികളെ കസ്റ്റഡിയിൽ നിന്നു വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരിയിലെ  എആർടി ബാങ്ക് മാനേജിങ് ഡയറക്ടർ എം.എ അബ്ദുൽ മുത്തലീഫ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്

author-image
Devina
New Update
sthree chooshanam


കൊച്ചി: വന്ധ്യതാ ചികിത്സയുടെ പേരിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ എത്തിച്ച് ചൂഷണം ചെയ്യുന്നതുമായി  ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.


സ്ത്രീകളെ  എത്തിക്കുന്ന പ്രവണത  സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് അഞ്ചിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കളമശേരി ഇൻസ്‌പെക്ടർ ടി ദിലീഷിന്റെ നേതൃത്വത്തിൽ സംഘത്തെ നിയോഗിച്ചെന്നാണ് സർക്കാർ അറിയിച്ചത്.

കളമശ്ശേരി  എസ്‌ഐ സെബാസ്റ്റിയൻ ആന്റണി ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌ഐമാരായ ടി.കെ.മനോജ്, പി.ഐ.റഫീഖ് എന്നിവരാണ് സിറ്റി പോലീസ് കമ്മിഷണർ പുട്ടവിമലാദിത്യ രൂപീകരിച്ച സംഘത്തിലെ മറ്റ് അംഗങ്ങൾ.

കൊച്ചി സിറ്റി ജില്ല ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ മേൽനോട്ടം വഹിക്കും.

അണ്ഡദാതാക്കളായി തങ്ങൾ പാർപ്പിച്ചിരുന്ന ഇതരസംസ്ഥാന യുവതികളെ കസ്റ്റഡിയിൽ നിന്നു വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരിയിലെ  എആർടി ബാങ്ക് മാനേജിങ് ഡയറക്ടർ എം.എ അബ്ദുൽ മുത്തലീഫ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.


സമഗ്രവും ഫലപ്രദവും സമയബന്ധിതവുമായ അന്വേഷണം നടത്താനും 14 ദിവസം കൂടുമ്പോൾ പുരോഗതി റിപ്പോർട്ട് നൽകാനും അന്വേഷണ സംഘത്തിന് നിർദേശം നൽകിയതായി സർക്കാർ അറിയിച്ചു ഹർജി ഇന്ന് കോടതി പരിഗണിക്കും.