പ്രതീകാത്മക ചിത്രം
കൊച്ചി: ഹോസ്റ്റലിൻറെ ശുചിമുറിയിൽ കൊല്ലം സ്വദേശിയായ യുവതി പ്രസവിച്ചു. ഞായറാഴ്ച രാവിലെ ഓൾഡ് മാർക്കറ്റ് റോഡിനു സമീപത്തുള്ള വനിതാ ഹോസ്റ്റലിലാണ് സംഭവം. ഒപ്പമുണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്ന് യുവതിയെയും കുഞ്ഞിനെയും പൊലീസെത്തി എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണു യുവതി.
അതേസമയം, യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുള്ളവർ അറിഞ്ഞിരുന്നില്ല. ആറു പേരുള്ള മുറിയിലാണു പെൺകുട്ടി കഴിഞ്ഞിരുന്നത്. ഇടയ്ക്ക് പലപ്പോഴും ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു യുവതി ഒഴിഞ്ഞുമാറിയിരുന്നു. ഇന്നലെ രാവിലെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കൾ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.
ഒടുവിൽ, ഒപ്പമുണ്ടായിരുന്നവർ വാതിൽ തള്ളിതുറന്ന് അകത്തു കയറിയപ്പോൾ കയ്യിൽ നവജാതശിശുവിനെയും പിടിച്ചു നിൽക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണു വിവരം പൊലീസിൽ വിവരം അറിയിച്ചത്. കൊല്ലം സ്വദേശിയായ സുഹൃത്തിൽനിന്നാണു ഗർഭം ധരിച്ചതെന്നു യുവതി പൊലീസിനു മൊഴി നൽകി. യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ പൊലീസ് എറണാകുളം സ്റ്റേഷനിൽ വിളിപ്പിച്ചു. പെൺകുട്ടി പരാതി നൽകാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നു നോർത്ത് പൊലീസ് പറഞ്ഞു.