/kalakaumudi/media/media_files/W3o0QzmAoDAYTGyD8rTF.jpg)
ഡോ. രാജലക്ഷ്മി എസ്., സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്, എസ്.യു.ടി. ആശുപത്രി, പട്ടം, തിരുവനന്തപുരം
സെപ്റ്റംബര്‍ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദ്രോഗത്തിന്റെ പ്രാധാന്യവും അതെങ്ങനെ തടയാം എന്നും ഹൃദയ സംരക്ഷണത്തെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ഉദ്ദേശം. ഹൃദ്രോഗത്തെ നമ്പര്‍ 1 നിശബ്ദ കൊലയാളി എന്നു വിശേഷിപ്പിക്കാം. ആഗോള കണക്കുകള്‍ അനുസരിച്ച് ഏകദേശം 18 ദശലക്ഷത്തിലേറെ ജീവന്‍ ഹൃദ്രോഗം മൂലം വര്‍ഷം തോറും പൊലിയുന്നു. എന്നാല്‍, ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് വസ്തുത.
'പ്രവര്‍ത്തനത്തിനായി ഹൃദയം ഉപയോഗിക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തിന്റെ പ്രമേയം. ഹൃദ്രോഗം തടയുന്നതിനുള്ള അര്‍ത്ഥവത്തായ നടപടികള്‍ എടുക്കാനും ഹൃദയ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങള്‍ എടുക്കാനും വ്യക്തികളെയും കമ്മ്യൂണിറ്റികളെയും ആരോഗ്യപ്രവര്‍ത്തകരെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി ആരോഗ്യ സംരക്ഷണ സംഘടനകളും സര്‍ക്കാരും സര്‍ക്കാരിതര സംഘടനകളും ഒത്തുചേര്‍ന്ന പരിശോധനകളും സെമിനാറും പ്രവര്‍ത്തനങ്ങളും, ക്യാമ്പെയ്നുകളും സംഘടിപ്പിക്കുന്നു. ഹൃദ്രോഗം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ ജീവിതശൈലി മാറ്റാനും ഈ പ്രവര്‍ത്തനങ്ങള്‍ ആളുകളെ പ്രേരിപ്പിക്കുന്നു.
ഹൃദയ സംരക്ഷണത്തിനായി ചെയ്യേണ്ടത്
* പുകവലി ഉപേക്ഷിക്കുക
* ആരോഗ്യകരമായ ഭക്ഷണ രീതി
* കൃത്യമായ വ്യായാമം
* മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി യോഗ, ധ്യാനം, വിനോദം എന്നിവയില്‍ ഏര്‍പ്പെടുക.
ആരോഗ്യകരമായ ഭക്ഷണ രീതി: പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക, വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങള്‍, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക എന്നതാണ്.
വ്യായാമം: ദിവസത്തില്‍ 30 - 40 മിനിട്ട്, ആഴ്ചയില്‍ 5 ദിവസമെങ്കിലും വ്യായാമത്തിലേര്‍പ്പെടുക. അത് ഓട്ടമോ, നടത്തമോ, കളികളോ ആവട്ടെ. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മനസ്സിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ച് സമയമെങ്കിലും ഏര്‍പ്പെടുക.
ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, അമിത കൊളസ്ട്രോള്‍ എന്നിവ ആഹാരക്രമം, വ്യായാമം എന്നിവ കൂടാതെ നിര്‍ദ്ദേശാനുസരണം മരുന്നുകള്‍ ഉപയോഗിച്ചും നിയന്ത്രിക്കുക.
നിങ്ങള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ പരിശോധനകള്‍ക്ക് വിധേയനാവുക. പെട്ടെന്നുണ്ടായ കടുത്ത നെഞ്ചുവേദനയ്ക്ക് ഇസിജിയിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ചിലപ്പോള്‍ അടിയന്തിരമായി ആന്‍ജിയോപ്ലാസ്റ്റി വേണ്ടി വന്നേക്കാം. അല്ലാത്ത പക്ഷം ട്രോപോനിന്‍ എന്ന രക്ത പരിശോധന ആദ്യഘട്ടത്തിലും ആവശ്യമെങ്കില്‍ ട്രെഡ്മില്‍ ടെസ്റ്റ്, എക്കോ കാര്‍ഡിയോഗ്രാഫി ആന്‍ജിയോഗ്രാം മുതലായ പരിശോധനകളിലൂടെ രോഗനിര്‍ണ്ണയം നടത്താനാവും.
രോഗമുള്ളവര്‍ക്ക് ചികിത്സാ സംവിധാനങ്ങളെല്ലാം സര്‍വ്വസാധാരണമായി ലഭ്യമാണ്. മരുന്നുകള്‍ കൂടാതെ ചിലര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി എന്നിവയും ആവശ്യം വന്നേക്കാം. ശാസ്ത്രത്തോടൊപ്പം സാങ്കേതികവിദ്യയും പുരോഗമിക്കുന്നതനുസരിച്ച് അതിനൂതന ചികിത്സാരീതികള്‍ ഇപ്പോള്‍ ലഭ്യമാണ് - അതായത്, ശാസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റി വയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്മേക്കര്‍ വയ്ക്കുന്നത് (Leadless Pacemaker) തുടങ്ങിയവ ഇവയില്‍ ചിലതാണ്.
എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ചികിത്സയേക്കാള്‍ ഏറ്റവും ഉചിതവും ഉത്തമവും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
