കണ്ടിട്ടില്ല, ഇങ്ങനെയൊരു പത്രാധിപരെ

മലയാള പത്രലോകത്തെ ലാസ്റ്റ് എംപറര്‍ എന്ന് വിളിക്കാവുന്ന എം. എസ്. മണി അനശ്വരനായിട്ട് ഈ 18 ന് ആറ് വര്‍ഷം പൂര്‍ത്തിയാവുന്നു

author-image
Rajesh T L
New Update
m s mani

"തിരുവനന്തപുരത്ത് വരുത്താനായി ജീവിച്ച എന്നെ ഇങ്ങനെ സ്നേഹിച്ച, എന്നും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് പിടിച്ചു വലിച്ച മറ്റൊരു ജേഷ്ഠന്‍ എനിക്കില്ല. മണി സാര്‍ എന്നല്ലേ വിളിക്കുക? ആ സാര്‍ എന്നത് വലിയ ഒരു പ്രപഞ്ചമാണ്..."

പെരുമ്പടവം ശ്രീധരന്‍

ഒരു ഉച്ചയ്ക്ക് ഓര്‍ക്കാപ്പുറത്ത് എം എസ് മണി സാര്‍ എന്റെ തമലത്തെ വീട്ടിലേക്ക് കയറി വന്നു, ഒറ്റയ്ക്ക്. അദ്ദേഹം അങ്ങനെ വരേണ്ട ആളല്ല. അങ്ങനെ വരുന്ന ആളുമല്ല.
സത്യത്തില്‍ ഞാന്‍ ആകെ പേടിച്ചു പോയി. എന്താ സാര്‍ വന്നത് എന്ന് ചോദിച്ചപ്പോ പറഞ്ഞു.

''നിന്നെ ഒന്ന് കാണാന്‍.''
'വഴക്ക് പറയാനാണോ സാര്‍?'
'അല്ല നീ ഇപ്പോ മഹാ ഉഴപ്പനാ. നീ ഒന്നും എഴുതുന്നില്ലല്ലോ.''
'എഴുതിയാ പോരല്ലോ സാര്‍ നല്ലതെഴുതണ്ടേ?'
''നീ വല്ല ചീത്തയും എഴുതിയാ ഞങ്ങള് പ്രസിദ്ധീകരിക്കുമോ. അടുത്ത നോവല്‍ കലാകൗമുദിക്ക് വേണ്ടി എഴുതിക്കോ. കാവ്യാത്മകമായിരിക്കണം, വളരെ നല്ല നോവലുമായിരിക്കണം.''
ഞാന്‍ സമ്മതിച്ചു. ഉച്ചയ്ക്കാണ് സാറിന്റെ ആ സന്ദര്‍ശനം. ഞാന്‍ പറഞ്ഞു, ഇവിടെ ഒന്നും തരാനില്ല.

''നീ വളരെ ലുബ്ധനാണെന്നാണല്ലോ പറഞ്ഞു കേള്‍ക്കുന്നത്.'
'ഇവിടെ ആരും വരാറില്ല സാര്‍.' ഞാന്‍ ചിരിച്ചു.
അന്ന് എന്റെ ഭാര്യ ലൈലയുണ്ടായിരുന്നു.  എന്നെ കാണാന്‍ വരുന്നവരോടൊക്കെ അവള്‍ വലിയ ആദരവോടെ മാത്രമേ പെരുമാറാറുള്ളു. ആര് വന്നാലും ചായ കൊടുക്കും. സാറിനും അവള്‍ അന്ന് ചായ കൊടുത്തു.

കാണുമ്പോഴെല്ലാം എന്നെ ഒരു കെട്ടിപ്പിടിത്തമുണ്ട്.
അയ്യോ... ആ പിടിത്തതില്‍ ഞാനാകെ ഞെരുങ്ങിപ്പോകും. അത്ര ആരോഗ്യമാണ്. എന്നെ ഒരു സ്വന്തം അനുജനെപ്പോലെയാണ് മണി സാര്‍ കണ്ടിരുന്നത് (വിങ്ങുന്നു).
''നീ എന്താ ഇങ്ങനെ പറഞ്ഞാ കേള്‍ക്കാത്തത്.?''
പറഞ്ഞിട്ട് എന്റെ തുടക്കിട്ടൊരു അടി തന്നു.
എന്താന്ന് ചോദിച്ചപ്പോ പറയുകയാണ്. നീയിതുവരെ നോവല്‍ എഴുതി തന്നില്ലല്ലോ. എഴുതിക്കോളാമെന്ന് ഞാനും.

''വേറെ ആര്‍ക്കും കൊടുത്തേക്കരുത്. നിനക്കിവിടെ ജീവിക്കാനൊക്കില്ല. കേട്ടല്ലോ.''
ഞാനെഴുതി കഴിഞ്ഞാ അങ്ങോട്ടെത്തിച്ചോളാം. അവിടെ എത്തി തിരുമുമ്പില്‍ കുമ്പിട്ട് കാഴ്ച വെച്ചോളാം. മണി സാറിന് എഴുതിയിട്ടേ മറ്റാര്‍ക്ക് വേണ്ടിയിട്ടും ഞാനഴുതിയിട്ടുള്ളൂ.'
''നീ കുമ്പിടുകയൊന്നും വേണ്ട. വിളിച്ചൊന്നു എന്നോട് പറഞ്ഞാ മതി. ഞാന്‍ വന്ന് വാങ്ങിച്ചോളാം.''

എന്നോട് അത്രമേല്‍ വാത്സല്യമായിരുന്നു അദ്ദേഹത്തിന്. അത് മറക്കാനൊക്കില്ല. എന്നെ അങ്ങനെ ആരും സ്‌നേഹിച്ചിട്ടില്ല.

തിരുവനന്തപുരത്ത് ഞാനൊരു അപരിചിതനെ പോലെയാണ്  ജീവിച്ചിരുന്നത്. എഴുത്തുകാരുമായിട്ടോ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുമായിട്ടോ എനിക്ക് ഒരു അടുപ്പവും പരിചയവും ഉണ്ടായിരുന്നില്ല. ഒരു ഏകാകിയെപ്പോലെ കഴിയുമ്പോഴാണ് ഒരു ചടങ്ങില്‍ വച്ച് എന്നെ മണി സാര്‍ ആദ്യം കാണുന്നത്. അതൊരു കല്ല്യാണ ചടങ്ങിലാണെന്നാണ് എന്റെ ഓര്‍മ. ധാരാളം പേര്‍ ഇരിക്കുന്നിടത്തു വന്നെന്നോട് ചോദിച്ചു, 'ങാ താനാണോ ,തന്നെ ഒരിടത്തും കാണാനില്ലല്ലോ?'

'നമ്മള്‍ ആദ്യമായിട്ടാണ് സാര്‍ കാണുന്നത്.' ഞാന്‍ പറഞ്ഞു.
ങാ അതാണ് ഞാന്‍ ചോദിക്കുന്നത്. താനെന്താ ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത്.
ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളും ഒന്നുമുള്ള ആളല്ല സാര്‍ ഞാന്‍.
'എന്നാ അങ്ങനെ അല്ല. ഇനി മുതല്‍ ഞാനുണ്ട് ഇവിടെ കേട്ടോ. എന്തു കാര്യത്തിനും എന്നെ വിളിച്ചോണം.'

ഞാന്‍ വിളിച്ചോളാം എന്നും പറഞ്ഞു.
പിന്നെ ഇടക്കൊക്കെ ഞാന്‍ മണി സാറിനെ വിളിക്കും. അപ്പോഴൊക്കെ ചോദിക്കും, താനെന്തെടുക്കുവാടോ അവിടെ?
വായിച്ചുകൊണ്ടിരിക്കുന്നു എന്ന് ഞാന്‍ പറയും. അപ്പോഴൊരു മറുപടിയുണ്ട്. താനെപ്പോഴും ഇങ്ങനെ വായിച്ച് വായിച്ച്  പണ്ഡിതനാകാനാണോ ശ്രമം?
നേരം പോകണ്ടേ സര്‍.

ഇരുന്ന് നല്ല നോവലെഴുത്. അഭയം പോലൊരെണ്ണം. ക്ലാസിക്കല്ലേ അത്.
അഭയം ക്ലാസിക്കാണെന്ന് പലരും പറയുന്നുണ്ട്. അതില്‍ സന്തോഷമുണ്ട്. അഷ്ടപതി എന്ന നോവലും ഞാന്‍ എഴുതിയിട്ടുണ്ട് സാര്‍.
ങാ എനിക്കറിയാം. അതിന് സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയില്ലേ?
ഉവ്വെന്ന് മറുപടി.

പത്രക്കാരാരും എന്നെ കാണാന്‍ ഇവിടെ വരാറില്ല സാര്‍.
ഇങ്ങനെയായാല്‍ ആരാ വരുന്നത്. ചീത്ത വിളി കേള്‍ക്കാന്‍. വന്നാ നീ ഒരു നേരത്തെ ആഹാരം പോലും കൊടുക്കില്ല.
തരില്ലെന്ന് ഞാനും.
മറുപടി ചിരിയാണ്. അത് കേള്‍ക്കാനുമുണ്ട് സുഖം.

വാരിക നന്നാക്കുന്നതിനെപ്പറ്റി മണി സാര്‍ ഇടക്കെല്ലാം എന്നെ വിളിച്ച് അഭിപ്രായം ചോദിക്കുമായിരുന്നു. ഞാന്‍ പറയും വാരികയൊക്കെ വളരെ നന്നായി പോകുന്നുണ്ടല്ലോ സാര്‍.

അതല്ല, തന്റെ ഒരു കോണ്‍ട്രിബ്യൂഷനുണ്ടാകണം.
ആസ്വാദകനെന്ന നിലയ്ക്കാണ് സാര്‍ എന്റെ കോണ്‍ട്രിബ്യൂഷന്‍.
താനെന്തൊ കലാകൗമുദിക്ക് എഴുതാത്തത്?
ഞാന്‍ എഴുതാന്‍ പോകുകയാണ് സാര്‍. അങ്ങനെ ഞാന്‍ ഒരു നോവല്‍ എഴുതി കൊടുത്തു. ഏതാണ് നോവല്‍ എന്ന് ഇപ്പോ ഓര്‍ക്കുന്നില്ല.

എല്ലാം അധികാരത്തിന്റെ, ആജ്ഞാരൂപേണയുള്ള വാക്കുകളാണ്. അങ്ങനെ ഒരു പത്രാധിപരെ ഞാനൊരിക്കലും കണ്ടിട്ടില്ല. എന്തും എന്നോട് അധികാരത്തോടെ പറയാനുള്ള ആര്‍ജ്ജവമുള്ള ആളായിരുന്നു മണി സാര്‍. പത്രാധിപര്‍ എന്നാല്‍ എനിക്ക് മണി സാറാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജ്യേഷ്ഠ തുല്യന്‍. തീര്‍ത്താല്‍ തീരാത്ത കടപ്പാടോടു കൂടി മാത്രമേ എനിക്ക് എന്റെ മണി സാറിനെ ഓര്‍ക്കാനാകൂ.

'ഒരു സങ്കീര്‍ത്തനം പോലെ' ഇറങ്ങിയതിന് ശേഷം അദ്ദേഹമത് വായിച്ചിട്ട് എന്നെ വിളിച്ചു. ''ഇത് ക്ലാസിക്കാടാ, അതി മനോഹരം. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന തല ഇനി നിന്റേതാടാ. നോവലൊക്കെ എഴുതുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നീയൊരു കവിയാണ്.
മലയാളത്തില്‍ നിന്നെപ്പോലെ കാവ്യഭാഷയുള്ള എഴുത്തുകാര്‍ വേറെയില്ല.
നിന്റെ ഈ പുസ്തകം വായിക്കുമ്പോള്‍ കവികള്‍ക്ക് പോലും നിന്നോട് അസൂയ തോന്നും. നിന്റെ ഗദ്യമെന്നു പറയുന്നത് കവിതാമയമാണ്.''

എം.ടിയും നീയുമാണ് മലയാളത്തിലെ ഏറ്റവും നല്ല എഴുത്തുകാര്‍ എന്ന് എന്നോടെപ്പോഴും മണി സാര്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ ഈ പറച്ചില്‍ ഞാന്‍ കേട്ടിരിക്കും.
പറയുന്നയാളിന്റെ ഔന്നത്യമോര്‍ക്കുമ്പോള്‍ വിശ്വസിക്കാനും പ്രയാസമാണ്.
എങ്കിലും ഞാന്‍ പറയും. കേള്‍ക്കാന്‍ നല്ല സുഖമുണ്ട്. എം.ടി ആര് ഞാനാര് എന്നു ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതാണ്.
'' നീ ആരെന്ന് എനിക്കറിയാം. അതിന് നിന്റെ അഭിപ്രായമൊന്നും വേണ്ട. നിന്നെ സന്തോഷിപ്പിച്ചിട്ട് എനിക്കൊരു കൈക്കൂലിയും ആവശ്യമില്ല, കേട്ടില്ലേ...'
അത്ര വാത്സല്യമായിരുന്നു അദ്ദേഹത്തിന് എന്നോട്.
ഓണമാകുമ്പോള്‍ വിളിക്കും,
''കലാകൗമുദി ഓണം വിശേഷാല്‍ പതിപ്പിറങ്ങുകയാണ്. അത് വിശേഷാല്‍ പതിപ്പാകണമെങ്കില്‍ നിന്റെ നോവലോ, കഥയോ വേണം. കേട്ടല്ലോ...'
ഇതാണ് എന്റെ മണി സാര്‍...

തമലത്ത് എന്റ വീട്ടിലേക്ക് മണി സാര്‍ ഓടിക്കയറി വന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. കിടക്കുകയാണെങ്കില്‍ കട്ടിലില്‍ എന്റെ അടുത്തിരുന്നിട്ട് കവിളത്ത് രണ്ട് തപ്പാളിക്കല്‍ (നോവിക്കാതെയുള്ള തല്ല്) തരും എന്നിട്ട് ചോദിക്കും:
''നീ എന്താ ഇവിടെ സ്വപ്നം കാണുകയാണോ? നീയിങ്ങനെ ഇവിടെ കിടന്നാ പോര. നല്ല നോവലെഴുത്. നിനക്ക് എഴുതാന്‍ മടിയാണെങ്കില്‍ മോളില്ലേ അല്ലി, അവളെഴുതിക്കോളും നീ പറഞ്ഞു കൊടുത്താ മതി.''

മണി സാറിന്റെ സ്‌നേഹം കിട്ടിയില്ലായിരുന്നെങ്കില്‍ ഞാനാരായേനേ, ഒന്നുമല്ല. എന്നെ ഉയര്‍ത്തി കൊണ്ടു വന്നതില്‍ മണി സാറിന്റെ പങ്ക് വളരെ വലുതാണ്. ഞാനെന്നും അത് കടപ്പാടോടെ ഓര്‍മ്മിക്കും.
പ്രതിഫലം ഒന്നും ഞാന്‍ ചോദിക്കാറില്ല. അതൊക്കെ തരും. അന്ന് അങ്ങനെ പ്രതിഫലം ചോദിക്കാനുള്ള അര്‍ഹതയൊന്നും എനിക്കില്ല. ഞാന്‍ വിനയത്തോടെ മാത്രമേ സാറിനോട് സംസാരിച്ചിട്ടുള്ളൂ. ആ വിനയവും സ്‌നേഹവും ആദരവും അദ്ദേഹം എന്നോടും കാണിച്ചിട്ടുണ്ട്.

മകള്‍ വത്സാമണിയുടെ വിവാഹത്തിന് എന്നെ ക്ഷണിക്കാന്‍ സാര്‍ എന്റെ വീട്ടില്‍ വന്നു.
''ഒരു കത്തയച്ചാലും നീ വരുമെന്നെനിക്കറിയാം. പക്ഷേ അതല്ല, എന്റെ മകളുടെ വിവാഹത്തിന് നീ അവിടെ ആദ്യം വീട്ടില്‍ എത്തണം. അവസാനം പോകേണ്ട ആളും നീയാണ്. കേട്ടല്ലോ.

വരന്‍ ആരെന്ന് അറിയാല്ലോ, ഭാസുരചന്ദ്രനാണ്. നിന്റെ അടുത്ത സുഹൃത്തല്ലേ.?''
അതെ, എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്റെ അനുജനാണ് സാര്‍ ഭാസുരചന്ദ്രന്‍, ഞാന്‍ പറഞ്ഞു. കല്യാണത്തിന് ഞാന്‍ പോയി. ഇന്നും മായാതെയുണ്ട് ആ ഓര്‍മ്മകള്‍...

സാഹത്യ അക്കാദമി പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം സാറിനോട്
ഞാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടെതെന്ന് വിളിച്ചു ചോദിച്ചപ്പോ പറഞ്ഞത്,
''നീ ചെയ്യുന്നതെല്ലാം നല്ലതാണെന്നാണ് എല്ലാരും പറയുന്നത്. ലീലവതി ടീച്ചറ് പറഞ്ഞല്ലോ വളരെ കാലമായിട്ട് ഇപ്പോഴാണ് സാഹിത്യ അക്കാദമിക്ക് ഒരു നല്ല പ്രസിഡന്റിനെ കിട്ടിയതെന്ന്.

അങ്ങനെ ഒന്നും ഉള്ള ഒരാളല്ലല്ലോ സാര്‍ ഞാന്‍ എന്നു പറയുമ്പോ ഉടനെത്തും ശകാരം.
''എന്ന് നീ തീരുമാനിച്ചാ മതിയോ... നീ ആരാണെന്ന് നീയാണോ തൂക്കി നോക്കാന്‍.''

ഞാനങ്ങനെയായിരുന്നു. എല്ലാരോടും സ്‌നേഹത്തോടും ബഹുമാനത്തോടും മാത്രമേ പെരുമാറിയിട്ടുള്ളു. എവിടെ ചെന്നാലും അവിടെ ഉള്ള ഏറ്റവും ചെറിയ ആളായിട്ടേ ഞാന്‍ നില്‍ക്കൂ. അതു തന്നെയാണ് എന്റെ കുഴപ്പമെന്ന് ചിലരെന്നോട് പറയുമായിരുന്നു. എന്റെ എളിമയാണ് എന്റെ വലിപ്പം. അതിന് ഒരു മാറ്റവും വരരുത്.
'നീ ധിക്കാരിയല്ല. നിന്റെ മനസ്സില്‍ ധിക്കാരമില്ല.' എന്നൊക്കെ പറഞ്ഞ് മണി സാര്‍ എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്.

പുതിയ എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടു വരിക എന്നത് തന്റെ കര്‍ത്തവ്യമാണെന്ന് മണി സാര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. അതിന്റെ സൗഭാഗ്യം നുണഞ്ഞവരാണ് മലയാളത്തിലെ എല്ലാ എഴുത്തുകാരും. ആ മഹാത്മാവിന്റെ ഓര്‍മ്മകളില്‍ ഞാന്‍ ഇപ്പോഴും അക്ഷരങ്ങളുടെ പുണ്യതീര്‍ത്ഥം നുണയുകയാണ്. മഹാരഥന്മാര്‍ ഒരിയ്ക്കലും മരിക്കാറില്ല. എന്റെ മണി സാറും.

ഫെബ്രുവരി 18 സാറിന്റെ ഓര്‍മ്മ ദിവസമാണെന്നറിയാം. ഞാനിപ്പോ തമലത്തല്ല. എന്റെ പെരുമ്പടവം നാട്ടിലാണ്. യാത്രക്കൊന്നും വയ്യ. തിരുവനന്തപുരത്തായിരുന്നെങ്കില്‍ സാറിന്റെ ഓര്‍മ്മ ദിവസത്തില്‍ ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു...
പെരുമ്പടവം പറഞ്ഞു നിര്‍ത്തി.

തയ്യാറാക്കിയത്: പി കെ ശ്രീകുമാര്‍

journalist life writer