തിരുവനന്തപുരം: ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള നദികളില്‍ ജല നിരപ്പ് ഉയരുന്നുണ്ട്.പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി, കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസര്‍കോട് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദി, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
അലേര്‍ട്ടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.