യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസ്: നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി

ഗോത്രത്തിന്റെ തലവന്മാരുമായും കുടുംബവുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ

author-image
Punnya
New Update
nimishapriya

നിമിഷപ്രിയ

സന: യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്.
അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിനെപ്പറ്റി യാതൊന്നും അറിയില്ലെന്ന നിമിഷപ്രിയയുടെ മോചനശ്രമം നടത്തുന്ന അഡ്വ.സുഭാഷ് ചന്ദ്രന്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ആക്ഷന്‍ കൗണ്‍സിലിന്റെ ഗ്രൂപ്പില്‍ ആരും അറിഞ്ഞിട്ടില്ല. യെമനിലുള്ള ആളുകള്‍ കൂടിയുള്ള ഗ്രൂപ്പാണിത്. നിമിഷപ്രിയയുടെ മോചനത്തിന് മുന്നോടിയായുള്ള ചര്‍ച്ചകളുടെ ഒന്നാംഘട്ടത്തിന് തുക കൊടുത്തിരുന്നു. അടുത്തഘട്ട ചര്‍ച്ചയ്ക്കു പണം ചോദിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വിവരമാണു നമുക്കു കിട്ടിയിരുന്നത്. നിമിഷയുടെ അമ്മ പ്രേമകുമാരി യെമനിലുണ്ട്. അവരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ എംബസി നിയോഗിച്ച അഭിഭാഷകന്‍ അബ്ദുല്ലാ അമീര്‍ ചര്‍ച്ചകളാരംഭിക്കാന്‍ രണ്ടാം ഗഡുവായി 20,000 യുഎസ് ഡോളര്‍ കൂടി (ഏകദേശം 16.60 ലക്ഷം) ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചര്‍ച്ചകള്‍ തുടങ്ങൂ എന്ന് അറിയിച്ചതോടെയാണ് മോചനശ്രമം നിലച്ചത്. ആദ്യ ഗഡുവായി 19871 ഡോളറിന്റെ ചെക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകന് കൈമാറിയിരുന്നു. ആകെ 40,000 യുഎസ് ഡോളറാണ് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ വേണ്ടതെന്നും ഇത് രണ്ട് ഗഡുവായി നല്‍കണമെന്നും തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു എന്ന നിലപാടിലായിരുന്നു അഭിഭാഷകന്‍.
ആദ്യ ഗഡു തുക വിവിധ പ്രദേശങ്ങളിലെ ജനകീയ പിരിവുവഴി ശേഖരിച്ചതായിരുന്നു. ഈ തുക ഏതു രീതിയിലാണ് വിനിയോഗിച്ചതെന്നറിയാതെ എങ്ങനെയാണ് അടുത്ത ഗഡു ശേഖരിക്കുകയെന്നാണ് ധനശേഖരണത്തിന് മുന്‍കൈ എടുത്ത സേവ് നിമിഷപ്രിയ രാജ്യാന്തര ആക്ഷന്‍ കൗണ്‍സിലെ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. തലാലിന്റെ കുടുംബവും ഗോത്രത്തലവന്മാരും മാപ്പു നല്‍കാതെ നിമിഷപ്രിയയുടെ മോചനം സാധ്യമാകില്ല. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയെ യെമന്‍ തലസ്ഥാനമായ സനായിലെത്തിച്ചിട്ട് 5 മാസമായി. സനായില്‍ സേവ് ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോമിന്റെ വസതിയിലാണ് പ്രേമകുമാരിയുള്ളത്.

nimishapriya case yemen