'ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികൾക്കൊപ്പം തന്നെ'; ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞതെന്ന് എംവി ഗോവിന്ദൻ

ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞപോയ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അടഞ്ഞ അധ്യായം എന്നല്ല എന്നും എംവി ഗോവിന്ദൻ. വിശ്വാസികളെ കൂടി ചേർത്ത് വർഗീയതയെ ചെറുക്കാനാണ് ശ്രമമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

author-image
Devina
New Update
govindan


തിരുവനന്തപുരം: സിപിഎം എന്നും വിശ്വാസികൾക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികൾക്കൊപ്പം തന്നെയായിരിക്കുമെന്നും ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞപോയ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അടഞ്ഞ അധ്യായം എന്നല്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചെമ്പഴന്തിയിൽ അജയൻ രക്ത സാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. വിശ്വാസികളെ കൂടി ചേർത് വർഗ്ഗീയതയെ ചെറുക്കാനാണ് ശ്രമം. അതിൻറെ ഭാഗം കൂടിയാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. അല്ലാതെ ചിലർ പറയുന്നത് പോലെ വർഗീയതക്ക് വളം വെച്ചു കൊടുക്കാനല്ലെന്നും അയ്യപ്പ സംഗമത്തിന് പൂർണ പിന്തുണയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനിയും മൃഗീയമായ വിവരങ്ങൾ പുറത്ത് വരാനുണ്ട് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നതെന്നും കോൺഗ്രസ് നൽകുന്ന സംരക്ഷണം കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്ത്രീവിരുദ്ധ നിലപാടിനെതിരായി കേരളം ശക്തമായി പ്രതികരിക്കും. രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാൻ കഴിയാത്ത തരത്തിലുള്ള അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ആ കുട്ടി മാനസികാവസ്ഥ തെറ്റിയ നിലയിലാണ് എന്ന് ആ പെൺകുട്ടിയെ നേരിൽ കണ്ട മാധ്യമപ്രവർത്തക വരെ പറഞ്ഞു. കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. സസ്പെൻഷൻ ഉൾപ്പെടെ അതാണ് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ഇതേക്കുറിച്ച് നല്ല ധാരണ ജനങ്ങൾക്കുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡാണെന്നും അതിന് രാജ്യത്തിൻറെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നുമായിരുന്നു ഇന്നലെ എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിൻറെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികൾക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും യുവതി പ്രവേശനം അധ്യായമേ വിട്ടുകളഞ്ഞതാണെന്നുമായിരുന്നു ഇന്നലെ എംവി ഗോവിന്ദൻ വ്യക്തമാക്കിയത്.