/kalakaumudi/media/media_files/2025/09/14/padmaja-2025-09-14-15-38-02.jpg)
കൽപ്പറ്റ: വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മരുമകൾ പത്മജയുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ ചർച്ചയുടെ സംഭാഷണം പുറത്ത്. എൻഎം വിജയൻറെ മരണത്തിന് പിന്നാലെ കോൺഗ്രസ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും വഞ്ചിച്ചെന്നും ആരോപിച്ച് പത്മജ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് എൻഎം വിജയൻറെ കുടുംബം തിരുവഞ്ചൂരുമായി നടത്തിയ ചർച്ചയുടെ സംഭാഷണം പുറത്തുവിട്ടത്. ഒളിച്ചുകളി ഇഷ്ടമല്ലെന്നും രാഷ്ട്രീയത്തിലെ തരികിട പണികളോട് യോജിക്കുന്നില്ലെന്നും പറഞ്ഞ വാക്കിനോട് വില വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ സംഭാഷണത്തിൽ പറയുന്നുണ്ട്. കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുകൊണ്ടാണ് തിരുവഞ്ചൂരിൻറെ സംഭാഷണം. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ വേണ്ടതായിരുന്നുവെന്നും പണം കൊടുക്കാം എന്ന് ചിരിച്ചു വാക്ക് കൊടുത്തുപോയവർക്ക് ബാധ്യതയുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നുണ്ട്. തരികിട പണിക്ക് താൻ പോകാറില്ലെന്നും ഇരു ചെവി അറിയാതെ കാര്യങ്ങൾ സെറ്റിൽ ചെയ്യേണ്ടതായിരുന്നുവെന്നും പറയുന്നുണ്ട്. വിശ്വസിക്കുന്ന പാർട്ടി തകരാതിരിക്കാനാണ് ഇടപ്പെട്ടത്. ഇപ്പോഴത്തെ നിലപാടുകളോട് തനിക്ക് ഒരു യോജിപ്പുമില്ല. എല്ലാവരും കൂടി കുഴിയിൽ ചാടിക്കും. വിജയൻറെ കുടുംബം പറയുന്നതിനോട് 100ശതമാനം യോജിപ്പുണ്ടെന്നും ടി സിദ്ദീഖ് എംഎൽഎ പറഞ്ഞ ഒരു കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ലെന്നും തിരുവഞ്ചൂർ പറയുന്നുണ്ട്. എൻഎം വിജയൻറെ കടബാധ്യതയിലടക്കം കോൺഗ്രസ് നേതൃത്വം നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാണ് എൻഎം വിജയൻറെ കുടുംബം ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയത്ത് വെച്ചാണ് പത്മജയടക്കമുള്ളവർ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ചർച്ച നടത്തിയത്. എൻഎം വിജയൻറെ കുടുംബമാണിപ്പോൾ ചർച്ച നടത്തിയതിൻറെ ശബ്ദരേഖ പുറത്തുവിട്ടത്.