/kalakaumudi/media/media_files/2024/11/06/UYjutfa5llxVFlG9KLbm.jpg)
വീണ്ടുമൊരു ക്രിസ്മസ് കാലം വരവായി. ക്രിസ്മസ് ആശംസാകാര്‍ഡുകളും സമ്മാനങ്ങളും നല്‍കിയും പുല്‍കൂട് ഒരുക്കിയും ക്രിസ്മസ് ട്രീ അലങ്കരിച്ചുമൊക്കെ നാം ആഘോഷമാക്കുമ്പോള്‍ ഇതൊക്കെ അന്യമായ ഒരുപാട് കുട്ടികള്‍ നമുക്കിടയിലുണ്ടെന്നതു മറന്നുകൂട. ഇത്തരം സമ്മാനങ്ങള്‍ ലഭിക്കാനുള്ള ഭാഗ്യമില്ലാത്ത ധാരാളം കുട്ടികളുണ്ട് സര്‍ക്കാരിന്റെ വിവിധ ചില്‍ഡ്രന്‍സ് ഹോമുകളില്‍. അവര്‍ക്ക് എന്തെങ്കിലും ഒരു സമ്മാനം വാങ്ങി നല്‍കാന്‍ നിങ്ങള്‍ക്കും അവസരം ഒരുക്കുകയാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടം.
ഇതിനായി ബീ എ സാന്റ എന്ന പേരില്‍ ഒരു ബഹുജന സഹകരണ പ്രവര്‍ത്തനം ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ജില്ലയിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിച്ച ഇരുന്നൂറോളം സമ്മാനങ്ങള്‍ പബ്ലിക് വിഷ് ലിസ്റ്റ് ആയി ഇട്ടിരുന്നു. ഈ സമ്മാനങ്ങള്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ള സുമനസുള്ളവര്‍ വാങ്ങി അയയ്ക്കുകയും ചെയ്തിരുന്നു.
രണ്ട് വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് ഈ ക്രിസ്മസ് കാലവും ബാല്യങ്ങളില്‍ പുഞ്ചിരി നിറയ്ക്കുവാനായി ബീ എ സാന്റ മൂന്നാംഘട്ട പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, നിങ്ങള്‍ക്ക് ജില്ലാ ഭരണകൂടം തയാറാക്കിയ ആമസോണ്‍ വിഷ്‌ലിസ്റ്റില്‍ നിന്ന് കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിച്ച സമ്മാനങ്ങള്‍ തന്നെ വാങ്ങി, തിരുവനന്തപുരം കളക്ടറേറ്റില്‍ ഏല്പിക്കാം. ഈ സമ്മാനങ്ങള്‍ ക്രിസ്മസിന് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍ കൈമാറും.
സമ്മാനങ്ങള്‍ അയക്കേണ്ട വിലാസം: Anu Kumari IAS, District Collector, Collectorate, Kudappanakkunnu, Thiruvananthapuram, Kerala, India, 695043.