സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം ;നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍

ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുതെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു

author-image
Devina
New Update
suicide

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബന്ധുക്കൾ.

ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് കൊടുക്കുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാൾക്കും ഉണ്ടാവരുതെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്.

 ബസിനുള്ളിൽ ദീപക് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങൾ ചിത്രീകരിച്ച യുവതി ആരോപിച്ചത്. തന്റെ ദൃശ്യങ്ങൾ ലക്ഷക്കണക്കിനു ആളുകൾ കണ്ടതിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ദീപക്കെന്ന് ബന്ധുക്കൾ പറയുന്നു. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്.

കണ്ണൂരിൽ പോയി വന്നതിനു ശേഷം മകൻ മാനസിക പ്രയാസത്തിലായിരുന്നെന്ന് പിതാവ് പറഞ്ഞു. എന്നാൽ തങ്ങൾ ഈ സംഭവത്തെ കുറിച്ച് അറിയാൻ താമസിച്ചു. അതേസമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ബന്ധു സനീഷിനെ ദീപക്ക് ഫോണിൽ വിളിച്ചിരുന്നു.

പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുൻപേ ദീപക് ആത്മഹത്യ ചെയ്തു. ഫോൺ സംഭാഷണത്തിൽ സംഭവത്തെ കുറിച്ച് ദീപക് ഒന്നും പറഞ്ഞിരുന്നില്ലെന്നും സനീഷ് മാധ്യമങ്ങളോടു പറഞ്ഞു.

കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയിൽ പ്രവർത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരിൽ പോയിരുന്നു.

ഈ സമയം ബസിൽ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

 മറ്റുള്ളവരിൽ നിന്ന് ഇത്തരത്തിൽ വിഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ ദീപക് ഏറെ വിഷമത്തിൽ ആയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.