/kalakaumudi/media/media_files/2025/06/24/pa-2025-06-24-23-38-08.jpg)
കൊച്ചി: മിനിവാനിൽ യുവാവ് ചോരവാർന്ന് മരിച്ച സംഭവത്തിൽ സുഹൃത്തിന്റെ ഭർത്താവ് അറസ്റ്റിൽ. പള്ളുരുത്തി പെരുമ്പടപ്പ് വലിയകത്തുവീട്ടിൽ ആഷിഖ് അക്ബറിന്റെ (32) കൊലപാതകത്തിലാണ് പള്ളുരുത്തി പഷ്ണിത്തോടിനു സമീപം തോപ്പിൽ വീട്ടിൽ ഷിഹാബ് സുബൈർ (33) അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും ആഷിഖിന്റെ സുഹൃത്തുമായ കലൂർ സ്വദേശി ഷഹാനയും (30) പൊലീസ് കസ്റ്റഡിയിലുണ്ട്. ഷഹാനയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.
ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ആഷിഖും ഷഹാനയും തമ്മിലുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ അടിപിടിക്കിടെ ഷിഹാബ് കത്തികൊണ്ട് ആഷിഖിനെ ആക്രമിക്കുകയായിരുന്നു. തുടയിലേറ്റ കുത്തും ദേഹത്തേറ്റ വെട്ടുമാണ് മരണകാരണം.
ഷഹാനയുടെയും ഡ്രൈവറായ ഷിഹാബിന്റെയും പ്രണയവിവാഹമായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. പഷ്ണിത്തോടിന് സമീപം വാടകയ്‌ക്കാണ് താമസം. മത്സ്യവിതരണ വാഹനത്തിന്റെ ഡ്രൈവറായ ആഷിഖുമായി ഏതാനും വർഷം മുമ്പാണ് ഷഹാന സൗഹൃദത്തിലായത്. അക്വ്യൂപങ്‌ചർ ഡോക്ടറെന്ന് അവകാശപ്പെടുന്ന ഇയാളുമായുള്ള ലഹരിയിടപാടാണ് സൗഹൃദത്തിന് വഴിതുറന്നത്. ഇതേച്ചൊല്ലി ഷഹാനയും ഷിഹാബും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നു.
രണ്ടുതവണ ആഷിഖിനെയും ഷഹാനയെയും കാണാതായെങ്കിലും തിരിച്ചെത്തിയിരുന്നു. രണ്ടാം തവണ തിരിച്ചെത്തിയപ്പോൾ ഷിഹാബിന്റെ സമ്മർദ്ദത്തിൽ ആഷിഖിനെതിരെ ഷഹാന പീഡന പരാതി നൽകി. തുടർന്ന് ജനുവരിയിൽ ആഷിഖിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നരമാസം മുമ്പ് ജാമ്യത്തിലിറങ്ങിയ ആഷിഖ് ഷഹാനയുമായി വീണ്ടും സൗഹൃദത്തിലായി. ഇതറിഞ്ഞാണ് ഷിഹാബ്, ആഷിഖ് വാഹനം പാർക്ക് ചെയ്തിരുന്ന കണ്ണങ്ങാട്ട് പാലത്തിന് സമീപമെത്തിയത്. ഷിഹാബം മർദ്ദിച്ചതോടെ ആഷിഖ് കത്തിയെടുത്തു. ഇത് പിടിച്ചുവാങ്ങിയാണ് ഷിഹാബ് കുത്തിയത്. തുടർന്ന് വീട്ടിലേക്ക് പോയി.