/kalakaumudi/media/media_files/gqqFDDx2Ha7MELvCoQ9Y.jpeg)
ആലപ്പുഴ പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ അമ്പലപ്പുഴ കോടതി ഉത്തരവിട്ടു. സംഭവത്തിൽ യുവാവിന്റെ ഭാര്യയെ പ്രതിയാക്കിക്കൊണ്ട് കേസെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് കോടതിയുടെ ഉത്തരവ്. പുന്നപ്ര സജീന മൻസിൽ റംഷാദ് ആയിരുന്നു മരണപ്പെട്ട യുവാവ്.മകന്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിക്കൊണ്ട് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിതാവ് ആയിരുന്നു കോടതിയെ സമീപിച്ചിരുന്നത്. സംഭവത്തിൽ മരുമകൾ, മരുമകളുടെ അമ്മ, മരുമകളുടെ ആൺ സുഹൃത്ത് എന്നിവരെ പ്രതിയാക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. കോടതിയുടെ ഉത്തരവിന് പിന്നാലെ കേസെടുത്തുകൊണ്ട് തുടർനടപടികളിലേക്ക് നീങ്ങുമെന്നും പുന്നപ്ര പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 13നായിരുന്നു റംഷാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. മനോജ് എന്ന യുവാവുമായി റംഷാദിന്റെ ഭാര്യ സമീന സൗഹൃദം പുലർത്തിയിരുന്നു. ഈ വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് റംഷാദിന്റെ പിതാവായ മുഹമ്മദ് രാജ പരാതി നൽകിയത്. മാനസിക പീഡനങ്ങളിൽ വേദനിച്ചാണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്നാണ് മുഹമ്മദ് രാജ ആരോപിച്ചത്. 2020ലായിരുന്നു സമീനയും റംഷാദും വിവാഹിതരായിരുന്നത്. എന്നാൽ മനോജുമായുള്ള സൗഹൃദത്തെ തുടർന്ന് ഇരുവരും തമ്മിൽ ഒരു വർഷത്തോളം പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചിരുന്നു.