/kalakaumudi/media/media_files/2025/04/13/Yh7gSAGljeI9vVt6DeUQ.png)
കൊച്ചി: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ റോളർസ്കേറ്റിംഗ് പരിശീലകരും അയൽവാസികളുമായ യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം പുഷ്പകണ്ടം നെല്ലിക്കുന്നേൽ ബാബുവിന്റെ മകൻ ബിബിൻ (26), പുഷ്പകണ്ടം തെക്കേടത്ത് പ്രതാപന്റെ മകൻ അഭിജിത്ത് (24) എന്നിവരാണ് മരിച്ചത്.സൗത്ത്കളമശേരി ഗ്ലാസ് ഫാക്റ്ററി കോളനിക്ക് സമീപം ആറാട്ട്കടവിനോട് ചേർന്ന് മുട്ടാർപുഴയിൽ ഇന്നലെ വൈകിട്ട് 5.20ഓടെയായിരുന്നു അപകടം.ഇവരുൾപ്പെട്ട ആറംഗ സംഘം വൈകിട്ട് നാലിനാണ് കുളിക്കാനെത്തിയത്. നീന്തലറിയാത്ത അഭിജിത്ത് വെള്ളത്തിൽ താഴുന്നത് കണ്ട് ബിബിൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം കൂട്ടിയതിനെ തുടർന്ന് ആളുകളെത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ഏലൂരിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ തെരച്ചിലിൽ 6.30 ഓടെ ആദ്യം അഭിജിത്തിനെയും തുടർന്ന് ബിബിനെയും കടവിനോട് ചേർന്ന് മുങ്ങിയെടുത്തു. തുടർന്ന് മഞ്ഞുമ്മലിലെ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.കളമശേരിയിലും പരിസരത്തുമുള്ള സ്കൂളുകളിൽ സ്കേറ്റിംഗ് പരിശീലകരായ ഇരുവരും കൂട്ടുകാർക്കൊപ്പം ചങ്ങമ്പുഴ നഗറിലായിരുന്നു താമസം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് ഇന്ന് വിട്ട്കൊടുക്കും. കളമശേരി പൊലീസ് കേസെടുത്തു. ശശികലയാണ് മരിച്ച അഭിജിത്തിന്റെ മാതാവ്. അഭിരാമി സഹോദരിയാണ്. മെറീനയാണ് ബിബിന്റെ മാതാവ്.