കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സ തേടിയ യുവതി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
നവംബര്‍ നാലിനാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ 19 ന് യുവതി മരിച്ചു. ഗില്ലൈന്‍ബാരി സിന്‍ഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായിരുന്നതെന്നും എന്നാല്‍ മനോരോഗ ചികിത്സയാണ് നല്‍കിയതെന്നും ഭര്‍ത്താവ് ഗിരീഷിന്റെ പരാതിയില്‍ പറയുന്നു. നാലുദിവസങ്ങള്‍ക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോള്‍ ന്യുമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. മൂന്ന് കുട്ടികളുടെ മാതാവാണ് രജനി