/kalakaumudi/media/media_files/XogvGFfdnukVWrzAF76g.jpg)
മുഹമ്മദ് അമാൻ
കൊച്ചി: സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന "സോൾപിഡെം" എന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊച്ചി മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയും ഇപ്പോൾ പാലാരിവട്ടം മാമംഗലത്ത് പദ്മശ്രീ ലൈനിൽ സഫ്രോൺ വില്ലാസിൽ താമസിക്കുന്ന മുഹമ്മദ് അമാൻ (21) എന്നയാളെ ആണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എറണാകുളം എക്സൈസ് ഇൻ്റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് മാനസ്സിക വെല്ലുവിളി നേരിടുന്നവർക്ക് സമാശ്വാസം നൽകുന്നതിന് ഉപയോഗിക്കുന്ന അത്യന്തം മാരകമായ സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന "സോൾപിഡെം" എന്ന 75 എണ്ണം മയക്ക് മരുന്ന് ഗുളികകൾ കണ്ടെടുത്തു. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. വെറും ഒൻപത് രൂപ മാത്രം വിലയുള്ള ഒരു മയക്ക് മരുന്ന് ഗുളിക 100 രൂപയ്ക്കാണ് ഇയാൾ മറിച്ച് വിറ്റിരുന്നത്. ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്ത ഗുളികകൾ 15 ഗ്രാമോളം തൂക്കം വരും. നേരത്തെ പവർലിഫിറ്റിംഗ് കോംമ്പറ്റീഷന് പങ്കെടുക്കുന്നതിന് വേണ്ടി എന്ന് പറഞ്ഞ് ഇയാൾ വീട്ടുകാരിൽ നിന്ന് പണം വാങ്ങിയ ശേഷം ഈ തുക സുഹൃത്തുകളുമായി വഴി വിട്ട് ചിലവഴിക്കുകയായിരുന്നു. വീട്ടുകാർ ഇത് തിരിച്ചറിഞ്ഞതിനെ തുടർന്ന് പണം നൽകുന്നത് നിറുത്തി വച്ചിരുന്നു. തുടർന്ന് ഇയാളുടെ ആവശ്യ പ്രകാരം ഇവരുടെ തന്നെ ഉടമസ്ഥതയിൽ ഉള്ള സ്വന്തം മെഡിക്കൽ ഷോപ്പിൽ തന്നെ ഇയാൾ ശമ്പളത്തിന് ജോലി ചെയ്ത് വരുകയായിരുന്നു. ശമ്പളം കിട്ടുന്ന തുക മതിയാകാതെ വന്നപ്പോൾ മെഡിക്കൽ ഷോപ്പിൽ സൂക്ഷിച്ചിരുന്ന മയക്ക് മരുന്നുകൾ സുഹൃത്തുക്കൾ വഴി ആവശ്യക്കാരെ കണ്ടെത്തി പത്തിരട്ടി ലാഭത്തിൽ മറിച്ച് വിൽപ്പന നടത്തി വരുകയായിരുന്നു. കലൂർ,പൊറ്റക്കുഴി, എളമക്കര ഭാഗങ്ങളിൽ മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന ആളെക്കുറിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ടീമിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിൻ്റെ മേൽനോട്ടത്തിൽ ഉള്ള ടീം ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു. ഇയാൾ മയക്ക് മരുന്നുമായി കലൂർ പൊറ്റക്കുഴി ഭാഗത്ത് ഇടപാടെ കാത്ത് നിൽക്കവേ ഇയാളെ എക്സൈസ് സംഘം കൈയ്യോടെ പിടി കൂടുകയായിരുന്നു. ഈ മയക്ക് മരുന്ന് ഇത് വരെ ഉപയോഗിക്കാത്തവർക്ക് ഉപയോഗിച്ച് നോക്കുന്നതിന് ഈ മയക്ക് മരുന്നിൻ്റെ സാമ്പിൾ "ടെസ്റ്റ് ഡോസ് " എന്ന രീതിയിൽ ആദ്യം സൗജന്യമായി നൽകിയിരുന്നു. ഇതിന് ശേഷം സാധനം ആവശ്യം എങ്കിൽ മുൻകൂട്ടി ഓർഡർ ചെയ്യണം. ഈ ഗുളികകൾ കഴിച്ചാൽ എച്ച്.ഡി. വിഷനിൽ വിവിധ വർണ്ണങ്ങളിൽ കാഴ്ചകൾ കാണാൻ കഴിയുമെന്നും കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉൻമേഷത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും പറഞ്ഞ് തെറ്റിധരിപ്പിച്ചാണ് യുവതി യുവക്കളെ ഇതിലേക്ക് ആകർഷിച്ചിരുന്നത്. ഇതിന്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും എന്നതാണ് വിദ്യാർഥികൾ അടക്കമുള്ള യുവതിയുവാക്കൾ ഇതിലേക്ക് ആകൃഷ്ടരാക്കാൻ കാരണം. ഇതിൻ്റെ അനാവശ്യമായ ഉപയോഗം അമിത രക്ത സമർദ്ദത്തിന് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം സംഭവിക്കുവാനും മൂകമായ അവസ്ഥയിൽ എത്തിച്ചേരുവാനും ഇതേ തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബൈപോളാർ ഡിസോഡർ, ഇൻസോ മാനിയ, അമിത ഭയം, ഉത്കണ്ഠ തുടങ്ങിയ അസുഖങ്ങൾക്കാണ് ഈ മയക്ക് മരുന്ന് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന "സോൾപിഡെം" എന്ന അതിമാരക മയക്ക് മരുന്ന് ഇത്രയും ഏറെ അളവിൽ പിടി കൂടുന്നത്. ഷെഡ്യൂൾഡ് IV വിഭാഗത്തിൽപ്പെടുന്ന ഈ മയ്ക്ക് മരുന്ന് വളരെ അപൂർവ്വം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഈ മയക്ക് മരുന്ന് ഗുളികകൾ ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ വഴി ലഭിക്കുന്ന ഒന്നാണ്. ഈ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകളിൽ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്. ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ഉള്ള എക്സൈനിൻ്റെ സൗജന്യ ലഹരി മുക്ത കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന്നുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എറണാകുളം സ്പെഷ്യൽ സ്ക്വാസ് ഇൻസ്പെക്ടർ, കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി.ടോമി, എറണാകുളം ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ജിനേഷ് കുമാർ സി.പി, സജോ വർഗ്ഗീസ്, ടി.ടി. ശ്രീകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു