ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ നിയമനടപടിയുമായി ദീപക്കിന്റെ കുടുംബം

കണ്ണൂരില്‍ പോയി വന്നതിനു ശേഷം മകന്‍ മാനസിക പ്രയാസത്തിലായിരുന്നെന്നും പിതാവ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ സംഭവത്തെ കുറിച്ച് അറിയാന്‍ താമസിച്ചു. അതേസമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ബന്ധു സനീഷിനെ ദീപക്ക് ഫോണില്‍ വിളിച്ചിരുന്നു

author-image
Biju
New Update
DEEPAK

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി ബന്ധുക്കള്‍. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ് നല്‍കുമെന്ന് ആത്മഹത്യ ചെയ്ത ദീപക്കിന്റെ പിതാവ് പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കവെയാണ് മകനു നീതി ലഭിക്കണമെന്നും തന്റെ മകനു സംഭവിച്ചത് മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും പിതാവ് പറഞ്ഞത്.

കണ്ണൂരില്‍ പോയി വന്നതിനു ശേഷം മകന്‍ മാനസിക പ്രയാസത്തിലായിരുന്നെന്നും പിതാവ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഈ സംഭവത്തെ കുറിച്ച് അറിയാന്‍ താമസിച്ചു. അതേസമയം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു ബന്ധു സനീഷിനെ ദീപക്ക് ഫോണില്‍ വിളിച്ചിരുന്നു. പിറ്റേന്ന് കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതിനുമുന്‍പേ ദീപക് ആത്മഹത്യ ചെയ്തു. ഫോണ്‍ സംഭാഷണത്തില്‍ സംഭവത്തെ കുറിച്ച് ദീപക് ഒന്നും പറഞ്ഞിരുന്നില്ലെന്നും സനീഷ് മാധ്യമങ്ങളോടു പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ആരോപിച്ചത്. തന്റെ ദൃശ്യങ്ങള്‍ ലക്ഷക്കണക്കിനു ആളുകള്‍ കണ്ടതില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ദീപക്കെന്ന് ബന്ധുക്കള്‍ പറയുന്നു. 23 ലക്ഷം പേരാണ് ഞായറാഴ്ച ഉച്ചവരെ ഈ വിഡിയോ കണ്ടത്.

കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരില്‍ പോയിരുന്നു. ഈ സമയം ബസില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നു കാട്ടിയാണ് ഒരു യുവതി റീല്‍സ് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മറ്റുള്ളവരില്‍ നിന്ന് ഇത്തരത്തില്‍ വിഡിയോ പ്രചരിക്കുന്ന വിവരം അറിഞ്ഞ ദീപക് ഏറെ വിഷമത്തില്‍ ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

അതേസമയം വിഡിയോ സംബന്ധിച്ച വിഷമം ദീപക് ചില സുഹൃത്തുക്കളുമായി ശനിയാഴ്ച വൈകിട്ട് ഫോണിലും മറ്റും സംസാരിച്ചിരുന്നു. സംഭവത്തില്‍ കേസ് നല്‍കുന്നതിനെ കുറിച്ചും ദീപക് അടുത്ത സുഹൃത്തുക്കളോടു സൂചിപ്പിച്ചിരുന്നു.