/kalakaumudi/media/media_files/2025/07/30/rahul-2025-07-30-22-28-02.jpg)
തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃയോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നു, വയനാട് ദുരിതാശ്വാസത്തില്‍ വീട് നിര്‍മിക്കാന്‍ ഏകപക്ഷീയ തീരുമാനമെടുത്തു എന്നിങ്ങനെയായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍.
വയനാട് ദുരിതാശ്വാസത്തിലെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഫണ്ട് ശേഖരണവും മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ശേഷം വേദി വിടാനൊരുങ്ങിയ സംസ്ഥാന അധ്യക്ഷനോട് പ്രതിനിധികള്‍ പറയുന്നത് കൂടെ കേള്‍ക്കണമെന്ന ആവശ്യമുയര്‍ന്നു.
വേദിയില്‍ നിന്നിറങ്ങിയ രാഹുലിനെ നേതാക്കള്‍ ഇടപ്പെട്ട് തിരികെയെത്തിച്ചപ്പോഴായിരുന്നു വിമര്‍ശനം. വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ നേതൃസംഗമത്തില്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15നകം പൂര്‍ത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
ചില ജില്ലാ കമ്മിറ്റി ഭാരവാഹികളും നിയോജകമണ്ഡലം പ്രസിഡന്റുമാരും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാറില്ലെന്നും ഹാജര്‍ ബുക്ക് പരിശോധിച്ചു രാഹുല്‍ പ്രതിനിധികളോട് പറഞ്ഞു. ഇവര്‍ക്കെതിരെയും പ്രവര്‍ത്തിക്കാത്ത മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ രാഹുല്‍ ജില്ലാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.