രാഹുല്‍ മാങ്കൂട്ടത്തെ മാറ്റും?; ഇടപെട്ട് എഐസിസി

ആരോപണങ്ങള്‍ പുറത്ത് വരും മുന്‍പേ രാഹുലിനെതിരെ എഐസിസിക്ക് പരാതികള്‍ കിട്ടിയിരുന്നതായാണ് വിവരം. പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം

author-image
Biju
New Update
RAHUL

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്‌നിന്നു നീക്കിയേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇതു സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ച നടത്തി. മുതിര്‍ന്ന നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷമാകും ഔദ്യോഗിക തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. 

ആരോപണങ്ങള്‍ പുറത്ത് വരും മുന്‍പേ രാഹുലിനെതിരെ എഐസിസിക്ക് പരാതികള്‍ കിട്ടിയിരുന്നതായാണ് വിവരം. പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. രാഹുലിനെതിരെ എഐസിസിക്ക് ഒന്‍പതില്‍ അധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിയുന്നതാണ് നല്ലതെന്ന വികാരമുണ്ട്. എന്നാല്‍, പേരെടുത്തു പറയാത്ത ആരോപണങ്ങളുടെ പേരില്‍ എന്തിനാണ് നടപടിയെന്ന മറുചോദ്യവും ഉയരുന്നുണ്ട്.

കെപിസിസി ഡിസിസി പുനഃസംഘടനയ്ക്ക് ശേഷം രാഹുലില്‍ നിന്ന് രാജി എഴുതി വാങ്ങാനാണ് നേതൃത്വത്തിന്റെ നീക്കം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുന്ന കാര്യവും ദേശീയ നേതൃത്വത്തിന്റെ ആലോചനയിലുണ്ടെന്നാണ് സൂചന. എന്നാല്‍ ഈ സാഹചര്യത്തില്‍ രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജി വയ്പ്പിക്കുന്നത് പാര്‍ട്ടിയ്ക്കാകെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് അത്തരമൊരു നീക്കം ഉണ്ടാകില്ല.

സൈബറിടത്തിലെയും ചാനല്‍ ചര്‍ച്ചകളിലെയും തീപ്പൊരു നേതാവായതു കൊണ്ട് രാഹുലിനെതിരായ ആരോപണം സിപിഎം പരമാവധി മുതലെടുക്കുന്നുണ്ട്. അതേസമയം മുന്‍കാലങ്ങളിലേതു പോലെ രാഹുലിനെ പ്രതിരോധിച്ചു കൊണ്ടുള്ള നീക്കങ്ങള്‍ കുറവാണ് താനും. പ്രമുഖ യുവ കോണ്‍ഗ്രസ് നേതാവില്‍ നിന്നും ഉണ്ടായ മോശമായ അനുഭവം തുറന്നുപറഞ്ഞ് മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ് രംഗത്ത് വന്നിരുന്നു. നേതാവിന്റെ പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളില്‍ നിന്നും വലിയ പ്രശ്‌നങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞതെന്നും ഇവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

സാമൂഹിക മാധ്യമങ്ങളില്‍ ഇയാളെക്കുറിച്ച് പല ആരോപണങ്ങളും വരുന്നു. ഈ സാഹചര്യത്തിലാണ് തുറന്നുപറയാം എന്ന തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് തനിക്ക് പിതൃതുല്യനാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരോട് കാര്യം പറഞ്ഞിരുന്നു. പരാതിയായി ഇക്കാര്യം ഉന്നയിച്ചപ്പോള്‍ പല വിഗ്രഹങ്ങളും ഉടഞ്ഞു. ഒരു രാഷ്ട്രീയ നേതാവിനോട് പരാതി പറഞ്ഞപ്പോള്‍ അത് അവന്റെ മിടുക്ക് എന്ന് പറഞ്ഞുവെന്നും റിനി പറയുന്നു.

Who cares എന്നാണ് എപ്പോഴും അയാളുടെ മനോഭാവം. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ ആണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുക്കാം വരണമെന്ന് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തി. അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും റിനി പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാല്‍ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടര്‍ന്നുമെന്നുമാണ് വെളിപ്പെടുത്തുന്നത്.

പരാതി ഉന്നയിച്ചിട്ടും സ്ഥാനമാനങ്ങള്‍ നല്‍കി. കൂടുതല്‍ സ്ത്രീകള്‍ക്ക് ദുരനുഭവം ഉണ്ടായി. അവര്‍ മുന്നോട്ട് വരണമെന്നും നടി ആവശ്യപ്പെട്ടു. നിരവധി സ്ത്രീകള്‍ക്ക് ഇപ്പോഴും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. പുറത്തുപറയുമെന്ന പറഞ്ഞിട്ടും പോയി പറയു എന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ സ്ത്രീകള്‍ക്കും ദുരനുഭവം ഉണ്ടായതായി അറിയാമെന്നും നടി പറയുന്നു.

അഭിനേത്രിയും മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി ഇന്നലെ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

rahul mamkootathil