/kalakaumudi/media/media_files/2025/01/23/e1tvKR6NE0fdcmims12s.jpg)
മൂവാറ്റുപുഴ: ഫിസിയോ തെറാപ്പിക്ക് എത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ യുവാവിന് 30 കൊല്ലം തടവും നാൽപതിനായിരം രൂപ പിഴയും ശിക്ഷവിധിച്ച് പോക്സോ കോടതി. പുത്തൻകുരിശ് രാമല്ലൂർ കാണിനാട് ഭാഗത്ത് കൊടിയാട്ട് വീട്ടിൽ രഞ്ജു കുര്യാക്കോസിനെയാണ് (31) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്.
2021 ഡിസംബർ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥിനിക്ക് നിരന്തരം നടുവേദന
അനുഭവപ്പെട്ടതിനെ തുടർന്ന് ഫിസിയോ തെറാപ്പി നടത്താൻ ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് സ്വകാര്യ പാലിയേറ്റീവ് കെയർ സെന്ററിൽ പെൺകുട്ടി മാതാവുമായി ഫിസിയോ തെറാപ്പിക്ക് എത്തി. പരിശോധനയ്ക്കെന്ന പേരിൽ പ്രതി പെൺകുട്ടിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിക്കുകയും തുടർന്ന് ഫിസിയോ തെറാപ്പിയുടെ മറവിൽ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മറ്റൊരു തെറാപ്പിസ്റ്റിനെ സമീപിച്ചപ്പോഴാണ് ലൈംഗിക അതിക്രമം നടന്നതായി കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കളോടൊപ്പം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി മൊഴിനൽകി. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ മിനി അഗസ്റ്റിൻ, എസ്.ഐ ഏലിയാസ് പോൾ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ടി. ദിലീഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.