/kalakaumudi/media/media_files/2024/11/28/3ac80QIbIhhoW2dS0XML.jpg)
കൊച്ചി: എറണാകുളം നഗരത്തിലെ മസാജ് സെന്ററിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ.ബിജു, മസാജ് സെന്റർ ജീവനക്കാരി രമ്യ, ഷിഹാം എന്നിവരെയാണ് പ്രതി ചേർത്തത്.
പാലാരിവട്ടം മെഡിക്കൽ സെന്ററിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ മസാജ് സെന്ററിൽ ഈമാസം എട്ടിന് വൈകിട്ടെത്തിയ മരട് നെട്ടൂർ സ്വദേശിയിൽ നിന്നാണ് പണം വാങ്ങിയത്. ഇയാളെ അടുത്ത ദിവസം രാവിലെ ഫോണിൽ വിളിച്ച രമ്യ ആറര ലക്ഷം രൂപ ആവശ്യപ്പെട്ടു. മസാജ് തുടങ്ങുന്നതിന് മുമ്പ് താൻ ടേബിളിൽ ഊരിവെച്ച ആറര ലക്ഷം രൂപയുടെ താലിമാല കാണാതായെന്നും മരട് സ്വദേശിയാണ് അപഹരിച്ചതെന്നും രമ്യ പറഞ്ഞു. പണം തന്നില്ലെങ്കിൽ ഭാര്യയോടും വീട്ടുകാരോടും പറയുമെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് ഷിഹാമും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് എസ്.ഐ മുഖേന പണം കൈമാറി. സംഭവത്തിൽ ഇന്നലെ രാത്രിയാണ് കേസെടുത്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
