ഹോട്ടല്‍ ഉടമകളെ വധിക്കാന്‍ ശ്രമിച്ച യുവാവിന് 15 വര്‍ഷം തടവ്

ആനാട് അജിത് ഭവനില്‍ അജിത്തിനെ (30) തിരുവനന്തപുരം സെഷന്‍സ് കോടതി ജഡ്ജി എംപി ഷിബുവാണ് ശിക്ഷിച്ചത്. 2015 ഏപ്രില്‍ മൂന്നിന് നെടുമങ്ങാട് പഴകുറ്റിയിലുള്ള ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം.

author-image
Prana
New Update
sd

ഹോട്ടലില്‍ നിന്നു ബാക്കി നല്‍കിയ തുകയില്‍ ഒരു രൂപ കുറഞ്ഞതിന്റെ വിദ്വേഷത്തില്‍ ഹോട്ടല്‍ ഉടമകളായ ദമ്പതിമാരെ തിളച്ച വെള്ളം ദേഹത്ത് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് 15 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. ആനാട് അജിത് ഭവനില്‍ അജിത്തിനെ (30) തിരുവനന്തപുരം സെഷന്‍സ് കോടതി ജഡ്ജി എംപി ഷിബുവാണ് ശിക്ഷിച്ചത്. 
2015 ഏപ്രില്‍ മൂന്നിന് നെടുമങ്ങാട് പഴകുറ്റിയിലുള്ള ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒന്‍പതിന് ഹോട്ടലില്‍ ഭക്ഷണം കഴിച്ച പ്രതിക്ക് ബാക്കി നല്‍കിയ തുകയില്‍ ഒരു രൂപ കുറഞ്ഞതിനെ തുടര്‍ന്നാണ് വഴക്കുണ്ടായത്. പ്രതി ബഹളം വച്ചതോടെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളില്‍നിന്ന് ഒരു രൂപ വാങ്ങി നല്‍കി. 
എന്നാല്‍ ദേഷ്യം അടങ്ങാതിരുന്ന പ്രതി അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന വെള്ളം എടുത്ത് ഹോട്ടല്‍ ഉടമകളായ രഘുനാഥന്റെയും ലീലാമണിയുടേയും ദേഹത്ത് ഒഴിക്കുകയായിരുന്നു. ലീലാമണിക്കു ഗുരുതരമായി പൊള്ളലേറ്റിരുന്നു.നെടുമങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സ്റ്റുവര്‍ട്ട് കീലര്‍ അനേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ അജിത് പ്രസാദ് അഭിഭാഷകയായ വി.സി ബിന്ദു എന്നിവര്‍ ഹാജരായി.

Murder Attempt Case imprisonment hotel owners