/kalakaumudi/media/media_files/2026/02/21/usha-2026-02-21-10-22-10.jpg)
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസ് എടുത്തു. വകുപ്പ് മേധാവി ഡോ. ലളിതാംബികയ്‌ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് കേസ് എടുത്തരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയയായ ഉഷാ ജോസഫിന്റെ ബന്ധുവിന്റെ പരാതിയിൽ ജീവന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ചെന്നാണ് കേസ്.യൂണിറ്റ് ചീഫ് എന്ന നിലയിലാണ് ലളിതാംബികയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയോ മറ്റുള്ളവരോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരാമാം വിധം പ്രവർത്തിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയിലാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കൂടുതൽ പേരെ പ്രതി ചേർത്തേക്കും.സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ജെ ഷാഹിദയെയും നഴ്സ് പി എസ് ധന്യയെയും ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡോക്ടർ ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അന്ന് ശസ്ത്രക്രിയ നടത്തിയ ടീമിൽ ഉൾപ്പെട്ട നഴ്സ് ആണ് ധന്യ.
2021 മെയ് 12നാണ് പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫ് ശസ്ത്രക്രിയക്കായി ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയയിലെ പിഴവ് കാരണം ഉഷ അഞ്ച് വർഷമാണ് ദുരിതം സഹിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി ഗീതയുടെ നിർദേശം. അതേസമയം ഉഷയെ വിദഗ്ധ ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശസ്ത്രക്രിയ എപ്പോഴെന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
