ഭാര്യയുടെ ഘാതകനെന്ന് സംശയം. ഇടപ്പള്ളി പള്ളിക്ക് മുന്നിൽ ഗുണ്ടകൾ ഏറ്റുമുട്ടി

നഗരത്തിലെ ബാറിൽ തോക്കും വടിവാളുമായി​ ഗുണ്ടകളും കൗൺസിലറും ഏറ്റുമട്ടിയതിന്റെ ഭീതി ഒഴിയും മുമ്പ് വീണ്ടും ഗുണ്ടാ ചേരിപ്പോര്. ഇടപ്പള്ളി പള്ളിക്ക് മുന്നി​ൽ തൃശൂരിലെ ഗുണ്ടകൾ ഏറ്റുമുട്ടി. തമ്മിലടി കലാശിച്ചത് കത്തിക്കുത്തിൽ.

author-image
Shyam
New Update
kottayam-gunda

കൊച്ചി: നഗരത്തിലെ ബാറിൽ തോക്കും വടിവാളുമായി​ ഗുണ്ടകളും കൗൺസിലറും ഏറ്റുമട്ടിയതിന്റെ ഭീതി ഒഴിയും മുമ്പ് വീണ്ടും ഗുണ്ടാ ചേരിപ്പോര്. ഇടപ്പള്ളി പള്ളിക്ക് മുന്നി​ൽ തൃശൂരിലെ ഗുണ്ടകൾ ഏറ്റുമുട്ടി. തമ്മിലടി കലാശിച്ചത് കത്തിക്കുത്തിൽ. തൃശൂർ പെരുങ്ങോട്ടുകര അയ്യാണ്ടി വീട്ടിൽ എ.വി. രാഗേഷിന് (40) ചെവി​ക്ക് പി​ന്നി​ൽ കുത്തും ഇരുമ്പുവടി​ക്ക് അടി​യും കി​ട്ടി​. മുറി​വ് സാരമുള്ളതല്ല. കഴിഞ്ഞ 23ന് രാത്രി 8.30നായിരുന്നു സംഭവം.

അടിപിടിക്ക് ശേഷം രണ്ട് സംഘങ്ങളും സ്ഥലം വിട്ടെങ്കി​ലും ഞായറാഴ്ച എളമക്കര സ്റ്റേഷനിലെത്തി രാഗേഷ് പരാതി നൽകി​. തൃശൂർ സ്വദേശി ഹരീഷ് (50), മകൻ അച്ചു (21), 30കാരൻ എന്നിവരാണ് പ്രതികൾ. കാപ്പ കേസിൽ നാടുകടത്തപ്പെട്ട ഹരീഷ് മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം തൃശൂർ റൂറൽ പൊലീസിന്റെ പിടിയിയിലായി ജയിലിലാണ്. ഇയാളുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും. അച്ചുവും 30കാരനും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കേരളകൗമുദിയോട് പറഞ്ഞു.

ഹരീഷ് 60 കേസുകളിൽ പ്രതിയാണ്. കാപ്പ ലി​സ്റ്റി​ലുള്ള രാഗേഷിനെതിരെയും 30 കേസുണ്ട്. തന്റെ ഭാര്യയുടെ ഘാതകൻ ഹരീഷാണെന്നാണ് രാഗേഷ് പറയുന്നത്. ഇതാണ് പകയ്‌ക്ക് പിന്നിൽ. ഗുണ്ടകൾ സന്ധിസംഭാഷണത്തിനായി ഇടപ്പള്ളിയിൽ ഒത്തുചേർന്നു. ഇതിനിടെയുണ്ടായ വാക്കേറ്റമാണ് കൈയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് സൂചന.

വി​വരമറിഞ്ഞെത്തി​യ എളമക്കര പൊലീസ് സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് പരിക്കേറ്റയാളെയും മറ്റും തിരിച്ചറിഞ്ഞു. പരാതി നൽകാൻ രാഗേഷ് തയ്യാറായിരുന്നില്ല. ഗുണ്ടാ സംഘങ്ങൾ കൊച്ചിയിൽ എത്തിയത് എന്തിനെന്നും മറ്റും അന്വേഷിച്ച് വിവരം എ.സി.പിയെയടക്കം അറിയിച്ചിരുന്നു. പരാതിയില്ലാതെ നടപടി തടസപ്പെട്ടുനിൽക്കെയാണ് രാഗേഷ് സ്‌റ്റേഷനിലെത്തിയത്. തൃശൂർ റൂറൽ പൊലീസിന് ഇരുഗുണ്ടകളും എന്നും തലവേദനയാണ്.

kochi