വിഴിഞ്ഞം തുറമുഖത്തിന് ഐസിപി പദവി ലഭിച്ചു .ഇനി ചരക്കുനീക്കവും ക്രൂ ചെയ്ഞ്ചും വേഗത്തിൽ ആരംഭിക്കാൻ സാധിക്കും .

അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലെ വിഴിഞ്ഞത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഈ അംഗീകാരം സഹായകരമാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

author-image
Devina
New Update
vizhinjam porttt

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കാനുമുള്ള 'ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്' (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം.

 ഐസിപി പദവി ലഭിച്ചതോടെ ഇപ്പോൾ നടക്കുന്ന 'ട്രാൻസ്ഷിപ്മെന്റി'ന് പുറമേയുള്ള പ്രവർത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാൻ കഴിയും.

 റോഡ്, റെയിൽ മാർഗത്തിലൂടെയുള്ള ചരക്കുനീക്കവും ക്രൂ ചെയ്ഞ്ചും ആരംഭിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

അന്താരാഷ്ട്ര തുറമുഖ ഭൂപടത്തിലെ വിഴിഞ്ഞത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്താൻ ഈ അംഗീകാരം സഹായകരമാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

 ക്രൂ ചേഞ്ച് ഉൾപ്പെടെയുള്ള നടപടികൾ ഇനി എളുപ്പമാകും. ഒപ്പം തുറമുഖത്തിന്റെ ചരക്കു നീക്കത്തിന്റെ വേഗം വർധിക്കും.

 ദക്ഷിണേന്ത്യയുടെ ഭൂരിഭാഗം കയറ്റുമതിയും ഇറക്കുമതിയും ഇനി കൊളംബോ പോലുള്ള വിദേശ ഹബുകളെ ആശ്രയിക്കാതെ വിഴിഞ്ഞം വഴി നേരിട്ട് കൈകാര്യം ചെയ്യാൻ സാധിക്കും.

കൊവിഡ് കാലത്തു പ്രത്യേക അനുമതിയോടെ വിഴിഞ്ഞത്തു ക്രൂ ചേഞ്ച് നടത്തിയപ്പോൾ 20 കോടിയുടെ വരുമാനമാണു സർക്കാരിന് ലഭിച്ചത്.

ഇപ്പോഴും അടിയന്തര സാഹചര്യത്തിൽ കപ്പൽ ജീവനക്കാരെ കരയ്ക്കിറക്കാറുണ്ട്. തുറമുഖത്തിന്റെ അടുത്ത ഘട്ടത്തിലാണ് യാത്രക്കാർക്കുള്ള പോർട്ടും അനുബന്ധ സൗകര്യങ്ങളും പദ്ധതിയിട്ടിരിക്കുന്നത്.

ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.