/kalakaumudi/media/media_files/2025/05/15/rZXE9R0Xq3ncSYtA0kX0.png)
കോതമംഗലം: കോതമംഗലത്ത് മന്ത്രി കെ.ബി. ഗണേശ്‌കുമാറും ആന്റണി ജോൺ എം.എൽ.എയും സന്നിഹിതരായ വേദിക്ക് സമീപത്തുകൂടി അമിത വേഗത്തിലും ഉച്ചത്തിൽ ഹോൺ മുഴക്കിയും ഓടിയ സ്വകാര്യബസുകൾക്കെതിരെ നടപടിക്കുള്ള നീക്കത്തെ ചെറുക്കാൻ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. പണിമുടക്കുമെന്ന് മേഖലാ ഭാരവാഹികൾ സൂചിപ്പിച്ചു. പൂയംകുട്ടി - കോതമംഗലം റൂട്ടിലോടുന്ന ഐഷാസ് ബസിനെതിരെയാണ് പെർമിറ്റ് റദ്ദാക്കൽ ഭീഷണി. ഹോൺ മുഴക്കിയതിന് കോതമംഗലം - ആലുവ റൂട്ടിലോടുന്ന സെന്റ് മേരീസ് ബസിന്റെ ഡ്രൈവർക്കെതിരെയും നടപടിയുണ്ടാകും. ഇന്ന് ഓഫിസിൽ ഹാജരാകാൻ രണ്ട് ബസുകളിലേയും ജീവനക്കാരോട് ജോയിന്റ് ആർ.ടി.ഒ ആവശ്യപ്പെട്ടു.
ബസുകൾക്കെതിരെ നടപടിയെടുക്കാൻ വേദിയിൽവച്ചുതന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു.
നിയമലംഘനം നടന്നില്ലെന്നാണ് ഉടമകളുടെ വാദം. ബസ് പോകേണ്ട റോഡിൽ ചടങ്ങിനെത്തിയ ആളുകൾ നിന്നതുമൂലമാണ് ഹോൺ മുഴക്കേണ്ടിവന്നത്. നിരോധനമില്ലാത്ത ഇലക്ട്രിക് ഹോൺ ആണ് ഉപയോഗിച്ചത്. അമിത വേഗത ഉണ്ടായിരുന്നില്ല. ഐഷാസ് ബസിന്റെ ഹോണിനുണ്ടായ തകരാറാണ് നീണ്ടസമയം ഹോൺ മുഴങ്ങാൻ കാരണമായത്. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
രണ്ടാഴ്ച മുമ്പ് കൊല്ലം ആയൂരി​ൽ കെ.എസ്.ആർ.ടി​.സി​ ബസി​ൽ ഉപേക്ഷിക്കപ്പെട്ട പ്ളാസ്റ്റിക് കുപ്പികൾ കണ്ടെത്തിയതിലും നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് തുടർനടപടികൾ മരവിപ്പിച്ചു.