ബിനാലെയുടെ ഭാഗമായി വൈപ്പിനും; മത്സരങ്ങളും പേടിയുമില്ലാത്ത കലായിടമായി ആര്‍ട്ട് റൂമുകള്‍

By parvathyanoop.14 12 2022

imran-azhar

 

കൊച്ചി: ബിനാലെയുടെ ഭാഗമായി മാറിയിരിക്കുകയാണ് വൈപ്പിനിലെ രണ്ട് സ്‌കൂളുകള്‍. ഞാറക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കടമക്കുടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കുട്ടികളുടെ സര്‍ഗ്ഗഭാവനകള്‍ സാക്ഷാത്കരിച്ചത്.

 

ബിനാലെ 2022ന്റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) വിഭാഗത്തിന്റെ ഭാഗമായ ആര്‍ട്ട് റൂമുകള്‍ സജ്ജമാക്കിയത്.ഇതോടെ കൊച്ചി, എറണാകുളം മണ്ഡലങ്ങള്‍ക്കു പുറമെ തൊട്ടടുത്ത വൈപ്പിനും ബിനാലെയുടെ ഭാഗമാകുകയാണ്.

 

വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണിക്കൃഷ്ണന്റെ താത്പര്യവും സഹായ സഹകരണവും സ്‌കൂളുകളില്‍ ആര്‍ട്ട് റൂം ഒരുക്കുന്നതില്‍ നിര്‍ണ്ണായകമായി.

ഡ്രോയിങ്ങുകള്‍ക്കും പെയിന്റിങ്ങുകള്‍ക്കും കൂടാതെ ഏതാനും ഇന്‍സ്റ്റലേഷനുകളും ആര്‍ട്ട്‌റൂമുകളിലുണ്ട്.

 

ബിനാലെയുടെ കഴിഞ്ഞ പതിപ്പില്‍ എബിസിയുടെയും റൂം ആര്‍ട്ടിന്റെയും പ്രോജക്ട് മാനേജര്‍ ആയിരുന്ന കലാകാരന്‍ ബ്ലെയ്സ് ജോസഫ് തന്നെയാണ് ഇക്കുറിയും സംരംഭങ്ങളുടെ രൂപകല്‍പന നിര്‍വ്വഹിക്കുന്നത്.

 

അഞ്ചുമുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് ആര്‍ട്ടറൂമുകള്‍. തിയേറ്റര്‍ ആര്‍ട്ടിസ്റ്റും വിഷ്വല്‍ ആര്‍ട്ടിസ്റ്റും എല്ലാ ആഴ്ചയിലും കുറഞ്ഞത് ഒന്നര മണിക്കൂര്‍ വീതം ഓരോക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്ട് റൂമില്‍ ക്ലാസെടുക്കും. നാലുമാസമാണ് ബിനാലെയെങ്കിലും ആര്‍ട്ട് റൂം ഒരുവര്‍ഷം തുടരും.

 

ബിനാലെ ട്രസ്റ്റി ഷബാന ഫൈസല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയ ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് പദ്ധതിക്ക് സാമ്പത്തിക നല്‍കുന്നത്.ആഗോളതലത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് 2007 മുതല്‍ പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്‍ 2014മുതല്‍ കൊച്ചി ബിനാലെയുമായി സഹകരിക്കുന്നു.

 

സര്‍ക്കാര്‍ സ്‌കൂളില്‍ നടപ്പാക്കുന്ന പദ്ധതിയായതിനാലാണ് ആര്‍ട്ട് റൂമിന് എല്ലാ പിന്തുണയും നല്‍കുന്നതെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ: ജോസഫ് സെബാസ്റ്റ്യന്‍ പറഞ്ഞു. വേറിട്ട അനുഭവമാണ് പദ്ധതിയെന്ന് ഞാറക്കല്‍, കടമക്കുടി സ്‌കൂളുകളിലെ ആര്‍ട്ട് റൂമുകള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം പ്രതികരിച്ചു.

OTHER SECTIONS