ഭാവാതാളലയങ്ങള്‍ പകര്‍ന്ന് ഒഡിസിയും അംഗുലീയ ചൂഢാമണിയും

By Web Desk.24 06 2022

imran-azhar

 

തിരുവനന്തപുരം: പത്മശ്രീ അവാര്‍ഡ് ജേതാവും പ്രശസ്ത ഒഡീസി നര്‍ത്തകിയുമായ അരുണ മൊഹന്തിയും സംഘവും അവതരിപ്പിച്ച നൃത്താവിഷ്‌കാരവും ഡോ.സജീവ് നായരും സിതാര ബാലകൃഷ്ണനും അവതരിപ്പിച്ച കേരള നടനം 'അംഗുലീയ ചൂഢാമണി'യും ആസ്വാദക ഹൃദയം കവര്‍ന്നു. വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടന കേന്ദ്രത്തിലെ നാട്യോത്സവം ഡാന്‍സ് ഫെസ്റ്റിവെല്ലിലാണ് ഒറിസ ഡാന്‍സ് അക്കാദമിയിലെ കലാപ്രതിഭകള്‍ അണിനിരന്ന ഒഡിസിയും 'അംഗുലീയ ചൂഢാമണി'യുടെ പുനരവതരണവും അരങ്ങേറിയത്.

 

ഭഗവാന്‍ കൃഷ്ണന്‍ യുദ്ധക്കളത്തില്‍ അര്‍ജ്ജുനനെ അഭിസംബോധന ചെയ്യുകയും ശരീരം വെറുമൊരു പാത്രമാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നതുള്‍പ്പെടയുള്ള ഭഗവത് ഗീതയിലെ ശ്ലോകങ്ങളാണ് ഒഡിസി നൃത്തത്തിന്റെ ഇതിവൃത്തം. ആശയവും നൃത്ത സംവിധാനവും ചിട്ടപ്പെടുത്തിയതും അരുണ മൊഹന്തിയാണ്. അരുണ മൊഹന്തി, ബിജന്‍, പ്രതാപ്, നിലാദ്രി, ചിന്മയ്, ദീപ്തിരഞ്ജന്‍, ഹിമാന്‍സു, ശുഭം, മധുസ്മിത, ശ്രീപുണ്യ, സുചിസ്മിത, സയാനി എന്നിവര്‍ വേഷമിട്ടു വേദിയിലെത്തി.ഗുരുഗോപിനാഥിന്റെ ജന്മദിനത്തില്‍ അരങ്ങേറിയ 'അംഗുലീയ ചൂഢാമണി'യുടെ പുനരവതരണം പ്രേക്ഷക ഹൃദയം കവര്‍ന്നു.
ഡോ.സജീവ് നായരും സിതാര ബാലകൃഷ്ണനും അവതരിപ്പിച്ച കേരള നടനം 'അംഗുലീയ ചൂഢാമണി' അക്ഷരാര്‍ഥത്തില്‍ ഗുരുദക്ഷിണയായി. ഗുരു ഗോപിനാഥും പത്നി തങ്കമണി ടീച്ചറും 1950 കളില്‍ ചിട്ടപ്പെടുത്തി നിരവധി വേദികളില്‍ അവതരിപ്പിച്ച നൃത്തശില്‍പമായ അംഗുലീയ ചൂഢാമണിയുടെ പുനരവതരണമാണ് വട്ടിയൂര്‍ക്കാവ് നടന ഗ്രാമത്തിലെ നാട്യോത്സവ മേളയില്‍ വേറിട്ടു നിന്നത്.

 

 

OTHER SECTIONS