/kalakaumudi/media/post_banners/f03fd2e03a0ba81cf20c80ec0337bb12f97e6d48dbc3a67be692df3d50189777.jpg)
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലാ കലോത്സവത്തിനു വര്‍ണ്ണാഭമായ തുടക്കം. ഇതിനു മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര തലസ്ഥാനത്തെ നിറങ്ങളിലാറാടിച്ചു. കണ്ണഞ്ചിപ്പിക്കുന്ന ഘോഷശയാത്ര അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ ഇളക്കിമറിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയില്‍ കലാരൂപങ്ങളും കേരളീയവേഷങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടിയേകി. വര്‍ഷങ്ങള്‍ക്കുശേഷമാണ് തലസ്ഥാന നഗരിയില്‍ സര്‍വ്വകലാശാല കലോത്സവം വിരുന്നെത്തുന്നത്. അതിന്റെ ആവേശത്തിരയില്‍ നഗരം മുങ്ങിനിവര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് നഗരത്തെ ഇളക്കിമറിച്ച ഘോഷയാത്ര കൗമാരപ്രസരിപ്പിന്റെ വിളംബരമായി.
250 കോളേജുകളില്‍ നിന്നുള്ള അയ്യായിരത്തോളം പ്രതിഭകളാണ് കലോത്സത്തില്‍ മാറ്റുരയ്ക്കുന്നത്. 96 ഇനങ്ങളിലാണ് മത്സരം. സെനറ്റ് ഹാള്‍, യൂണിവേഴ്‌സിറ്റി കോളേജ്, വഴുതക്കാട് വിമണ്‍സ് കോളേജ്, തൈക്കാട് ഫൈന്‍ ആര്‍ട്‌സ് കോളേജ്, ഗവ.ആര്‍ട്‌സ് കോളേജ്, തൈക്കാട് സംഗീതകോളേജ്, യൂണിവേഴ്‌സിറ്റി സംഗീത വിഭാഗം, ഗവ.സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലാണ് വേദി ഒരുക്കിയിട്ടുള്ളത്. മോഹിനിയാട്ടം, ഗാനമേള, വൃന്ദവാദ്യം, പെയിന്റിങ്, ക്‌ളേമോഡലിങ്, കഥകളി, ഗസല്‍,എസ്എ റൈറ്റിങ് എന്നീ മത്സരങ്ങളാണ് തിങ്കളാഴ്ച ആരംഒഭിച്ചത്. ആയിരത്തോളം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ അണിനിരന്ന ഘോഷയാത്ര കനകക്കുന്ന് കൊട്ടാരപരിസരത്തുനിന്ന് വൈകിട്ട് മൂന്നരയോടെയാണ് ആരംഭിച്ചത്. മ്യൂസിയം, എല്‍എംഎസ്, പബ്‌ളിക്ക് ലൈബ്രറി, പാളയം, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലൂടെ ചുറ്റി സര്‍വകലാശാല ആസ്ഥാനത്ത് സംഗമിച്ചു. മറ്റ് ജില്‌ളകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നഗരത്തിലെ വിവിധ കോളേജുകളിലുള്ളവരും ഘോഷയാത്രയില്‍ നിറഞ്ഞുനിന്നു.
യൂണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം കാമ്പസ്, മാര്‍ ഇവാനിയോസ് കോളേജ്, വഴുതക്കാട് വിമന്‍സ് കോളേജ്, പാപ്പനംകോട് സിഇടി, നീറമണ്‍കര വനിതാകോളേജ്, കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളേജ് തുടങ്ങി ജില്‌ളയിലെ വിവിധ കോളേജുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്‌ളോട്ടുകളും കലാരൂപങ്ങളും വാദ്യങ്ങളുമായി വര്‍ണ്ണവേഷങ്ങളിഞ്ഞെത്തി.
പരിസ്ഥിതിസംരക്ഷണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍, ആവിഷ്‌കാരസ്വാതന്ത്ര്യങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റം തുടങ്ങിയ സാമൂഹികവിഷയങ്ങള്‍ നിശ്ചലദൃശ്യങ്ങള്‍ക്ക് വിഷയമായി.
പ്‌ളാസ്റ്റിക്ക് ഉപേക്ഷിക്കുക, പച്ചപ്പിലേക്ക് മടങ്ങിപേ്പാകുക തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ പ്‌ളക്കാര്‍ഡുകളുമേന്തി വിദ്യാര്‍ത്ഥികള്‍ നീങ്ങി. സെനറ്റ് ഹാളില്‍ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം ഭാരത്ഭവന്റെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ കലാകാരന്‍മാരുടെ പരിപാടികള്‍ അരങ്ങേറി.