'മഴ മിഴി' യിൽ ബുധനാഴ്ച ഊരാളികൂത്തും, ആര്യമാലയും, നാടൻപാട്ടും

By Web Desk.07 09 2021

imran-azhar

 

 

തിരുവനന്തപുരം: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കലാസമൂഹത്തിന് നവ മാധ്യമത്തിലൂടെ വേദി ഒരുക്കുവാനും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി ഒരുക്കുന്ന സമാശ്വാസ പദ്ധതിയായ മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിൽ പതിനൊന്നാം ദിനമായ നാളെ ഊരാളികൂത്ത്, ആര്യമാല, നാടൻപാട്ട്, ഘടലയം, സ്കിറ്റ് എന്നിവ അരങ്ങേറും. ഇന്നലെ തമ്പി പയ്യപ്പിള്ളിയും സംഘവും അവതരിപ്പിച്ച ചവിട്ടുനാടകം പ്രേക്ഷകർക്ക്‌ പുത്തൻ അനുഭവമായി.

 

തുടർന്ന് ഫോക്ക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് ഭാസ്കരൻ മഠത്തിലും സംഘവും അവതരിപ്പിച്ച കണ്യാർകളി, കെ.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മഹാദേവ ഗ്രാമം കോൽക്കളി സംഘം അവതരിപ്പിച്ച ചരടുപിന്നികളി, ഉണ്ണി മാന്നാറും സംഘവും അവതരിപ്പിച്ച നാടൻപാട്ട്, പന്തളം ഫാക്ക് ക്രിയേഷൻസ്‌ അവതരിപ്പിച്ച വാണിയക്കോലം എന്നിവ അരങ്ങേറി.

 

മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബി, കഥാകൃത്തും, സംവിധായകനുമായ മധുപാൽ എന്നിവർ അതിജീവന സന്ദേശം നടത്തി. 65 ദിവസം നീണ്ട് നില്‍ക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായാണ് 350 ഓളം കലാ സംഘങ്ങളുടെ കലാപ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

 

ചലച്ചിത്ര അക്കാദമി, ഫോക്ലോര്‍ അക്കാദമി, ലളിതകലാഅക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആണ് മഴമിഴി എന്ന മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ഒരുക്കുന്നത്.

 

samskarikam.org എന്ന വെബ് പേജിലൂടെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെ ശ്രദ്ധേയമായ പേജുകളിലൂടെയും രാത്രി 7 മുതല്‍ 9 വരെയാണ് വെബ്കാസ്റ്റിങ്.

 

OTHER SECTIONS