
ഹരിദാസ് ബാലകൃഷ്ണന്‍
ഇന്നലെ ചെയ്‌തോരബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവുമാകുന്നതുപോലെ തിരിച്ചും സംഭവിക്കുന്നതാണ്. മിനിയാന്നത്തെ ശാസ്ത്രം ഇന്നലത്തെ ആചാരവും ഇന്നത്തെ അബദ്ധവുമാകും. തെറ്റുകയും തിരുത്തുകയും എന്നത് ചലനാത്മകതയാണ്. തെറ്റുകയും തിരുത്താതിരിക്കുകയും ചെയ്യുന്നത് സ്ഥാപിത താല്‍പര്യവും.
അടിയന്തരാവസ്ഥയുടെ നാളുകളില്‍, മനുഷ്യാവകാശങ്ങള്‍ തൂത്തെറിയപ്പെട്ട ദിനയങ്ങളില്‍ വിജയന്‍ തന്റെ രേഖാചിത്രങ്ങളുടെ ഭ്രൂണാവസ്ഥയിലേക്കു മാറി. ലളിതമായ വരകള്‍ ഉപയോഗിച്ച് ഒരു ദാര്‍ശനിക വിസ്‌ഫോടനം നടത്തുകയായിരുന്നു വിജയന്‍. അതിന്റെ ഫലമായിരുന്നു കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച 'ഇത്തിരി നേരമ്പോക്കും ഇത്തിരി ദര്‍ശനവും എന്ന കാര്‍ട്ടൂണ്‍ പരമ്പര. യഥാര്‍ത്ഥത്തില്‍ വിജയന്റെ ലളിതമായ വരകളില്‍ ഉയര്‍ത്തെഴുന്നേറ്റ് ഇന്ത്യയുടെ വിദൂരഭാവിയായിരുന്നെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ന് നമ്മള്‍ വേദനയോടെ മനസ്‌സിലാക്കുന്നു.
വിഷാദവും സഹാനുഭൂതിയും കൊണ്ട് കറുത്തഹാസ്യം സൃഷ്ടിച്ച വിജയന്‍ കാര്‍ട്ടൂണില്‍ അതുവരെയില്ലാത്ത തന്റേതായ ഒരു വഴി തുറക്കുകയായിരുന്നു. അടിസ്ഥാനപരമായി വിജയന്‍ കാര്‍ട്ടൂണിസ്റ്റാണെന്ന് വേണമെങ്കില്‍ പറയാം. മലയാള കാര്‍ട്ടൂണിന് ഒരു നൂറ്റാണ്ടു തികയുമ്പോള്‍ ഒ.വി.വിജയന്‍ എന്ന കാര്‍ട്ടൂണിസ്റ്റിന്റെ മൗലിക പ്രതിഭയിലൂടെ ഒരു അന്വേഷണമാണീ കുറിപ്പ്. തന്റെ 'എ കാര്‍ട്ടൂണിസ്റ്റ് റിമംബേഡ് എന്ന പുസ്തകത്തില്‍ വിജയന്‍ പറയുന്നത് 'ഐ ആം എ തേഡ് വേള്‍ഡ് കാര്‍ട്ടൂണിസ്റ്റ് എന്നാണ്.
ചിന്തയിലും എഴുത്തിലും വരയിലുമെല്ലാം തന്റേതായ സുവര്‍ണ്ണമുദ്ര പതിപ്പിച്ച് കടന്നുപോയ മൗലിക പ്രതിഭയാണ് ഊട്ടുപുലയ്ക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി.വിജയന്‍. ശങ്കേര്‍ഴ്‌സ് വീക്കിലിയിലും പേട്രിയറ്റ് ദിനപത്രത്തിലും ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്‌സ് റിവ്യൂവിലും പൊളിറ്റിക്കല്‍ അറ്റ്‌ലസിലും ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നീ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടിയും വിജയന്‍ കാര്‍ട്ടൂണ്‍ വരച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ വിജയന്‍ നേരിട്ടതാകട്ടെ കലാകൗമുദി വാരികയില്‍ ഇത്തിരി നേരംപോക്കും ഇത്തിരി ദര്‍ശനവുമെന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെയാണ്. ഇത്തിരി നേരംപോക്കും ഇത്തിരി ദര്‍ശനവും എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ ആമുഖമായി വിജയന്‍ ഇങ്ങനെ കുറിച്ചു. കാര്‍ട്ടൂണ്‍ എന്നു പറയുമ്പോള്‍ നമ്മുടെ മനസ്‌സില്‍ വരുന്നത് ഇത്തിരി വളച്ചൊടിക്കലും തമാശയുമുള്ള ഒരു ചിത്രരൂപമാണ്. സാക്ഷരരെങ്കിലും കടലാസ് മിതവ്യയം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന നമുക്ക് പരീക്ഷണങ്ങള്‍ക്കായി പത്രത്തിന്റെ ഏടുകള്‍ ധാരാളിത്തത്തോടെ കൈകാര്യം ചെയ്യാന്‍ വയ്യ. പോരെങ്കില്‍ വാര്‍ത്തകള്‍ അപഗ്രഥിക്കാന്‍ സ്ഥലം തേടുന്നതിനിടയില്‍ ആ അപഗ്രഥനത്തിന്റെ അതിരുകള്‍ കടന്ന് ബഹുദൂരം സഞ്ചരിക്കുക വിഷമവും. കാര്‍ട്ടൂണുകള്‍ ഇന്ന് ഏറെക്കുറെ നിശ്ചിതവിഭാഗങ്ങളില്‍പ്പെടുന്നു. മുന്‍പേജിലോ എഡിറ്റ് പേജിലോ പ്രത്യക്ഷപ്പെടുന്ന, മുഖപ്രസംഗത്തെപ്പോലെയോ ശുദ്ധരാഷ്ട്രീയ കമന്ററിയായോ രചിക്കപ്പെടുന്ന എഡിറ്റോറിയല്‍ കാര്‍ട്ടൂണുകള്‍, പാതി രാഷ്ട്രീയവും പാതി ഹാസ്യവുമായ കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍, തികച്ചും അരാഷ്ട്രീയമായ സ്ട്രിപ്പുകള്‍, കോമിക് കഥാമാലകള്‍ എന്നിങ്ങനെയൊക്കെ.
ഈ ഭിന്നരൂപങ്ങള്‍ ചിലപ്പോഴൊക്കെ ഒന്ന് മറ്റൊന്നിന്റെ സ്വഭാവം പകര്‍ന്നുവെന്നു വരും. മറ്റു ചിലപ്പോള്‍ ഹാസ്യമില്ലാതെ വിഷാദത്തിലേക്ക് കടന്നെന്നു വരും. ചിലപ്പോള്‍ ശുദ്ധമായ കാവ്യപ്രദര്‍ശനമായെന്നും വരും.
ലളിതമായ വരകള്‍ ഉപയോഗിച്ച് ഒരു ദാര്‍ശനികവിളംബരം സാധ്യമാണെന്നു കൂടി ഇവിടെ പറഞ്ഞു ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരം ഒരു അന്വേഷണ യാത്രയാണ് ഈ ലഘുഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ള ചിത്രങ്ങള്‍. ലാഘവത്തിനിടയില്‍ ഘനിമ തേടുന്നവ.
ഈ പടങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ സന്ദര്‍ഭത്തെക്കൂടി പറഞ്ഞുകൊള്ളട്ടെ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഞാന്‍ ഹാസ്യചിത്രരചന നിര്‍ത്തിവച്ചിരുന്നു. ആ അന്തരീക്ഷത്തിലാണ് കലാകൗമുദിയുടെ കടന്നുവരവ്. എന്തെങ്കിലും ഈ പുതിയ വാരികയ്ക്കുവേണ്ടി ചെയ്യണമെന്നു സമ്മര്‍ദ്ദം. മനുഷ്യാവകാശങ്ങള്‍ നിഷ്‌കാസനം ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദുര്‍ബലനായ പത്രപ്രവര്‍ത്തകന്‍ എന്താണ് ചെയ്യുക? ഒന്നുമില്ല. അടിയന്തരാവസ്ഥയുടെ പൈശാചം എഴുത്തിന്റെയും വരയുടെയും ശാലീനതകളെ അസാധ്യമാക്കി.
എന്തു ചെയ്യണം? എന്തെങ്കിലും ഞാന്‍ എന്റെ രേഖാചിത്രങ്ങളുടെ ഭ്രൂണാവസ്ഥയിലേക്കു മടങ്ങി; ഒരു കൊച്ചുകുട്ടി കരിക്കട്ടകൊണ്ട് നിലത്തു വരയ്ക്കുന്ന ചിത്രങ്ങളിലേക്കു മടങ്ങി. അങ്ങനെ അജ്ഞാതനായ എന്റെ വായനക്കാരനുമായി ഒരു സ്വകാര്യം പങ്കിടാനാശിച്ചു. കാര്‍ട്ടൂണ്‍ ഒരു വാരികയില്‍ അടിച്ചുവന്നതാകയാലും പ്രസ്തുത വാരിക മലയാളത്തില്‍ ആയിരുന്നതിനാലും ഈ സ്വകാര്യം പോലീസുകാരനുമായി പങ്കിടേണ്ടിവന്നില്ല. അങ്ങനെ അടിയന്തരാവസ്ഥയുടെ ഹീനമായ കഥയിലൂടെ ഈ കാര്‍ട്ടൂണ്‍ പരമ്പര സൗമ്യമായി കടന്നുപോയി. ഇപ്പോള്‍, തിരിഞ്ഞുനോക്കുമ്പോള്‍, അവയുടെ വരയും വാക്കും നഷ്ടപ്രസക്തങ്ങളായിട്ടില്ലെന്നു തോന്നുന്നു. അന്നത്തെ സ്വകാര്യം ഇന്നും ആ വിപത്തിലേക്കു വിരല്‍ചൂണ്ടുന്നു.
ആരാണത്? ഇത് ഞാനാണ് ദൈവം, വാ ഇതൊന്നു നോക്കണം എന്റെ സൃഷ്ടിയാണ്, എന്തൊക്കെയാണിതില്‍? അണുക്കള്‍, പുഴുക്കള്‍, ചെടികള്‍, മനുഷ്യര്‍, ജനനം, മരണം, സൃഷ്ടി കൊള്ളാം പക്ഷെ ഇതില്‍ പുരോഗമനമില്ല. ഇത് സാധാരണക്കാരന് മനസ്‌സിലാവില്ല, ഇല്ല. അതുകൊണ്ട് ഇപ്പോള്‍ പോകൂ. കാലഘട്ടത്തിന്റേതായ ഒരു സൃഷ്ടിയുമായി വീണ്ടും എന്നെ കാണാന്‍ ശ്രമിക്കൂ.
നോക്കൂ ഈ കാര്‍ട്ടൂണിലൂടെ വിജയന്‍ നമ്മുടെ ചിന്താമണ്ഡലത്തില്‍ നടത്തുന്ന ദാര്‍ശനിക വിസ്‌ഫോടനം.
അടുത്ത കാര്‍ട്ടൂണില്‍ ഒരു മുട്ടയോട് കോഴി പറയുന്നു, നീ വിരിഞ്ഞ് വലിയവനാകണം' എന്തിനമ്മേ? അതാണ് വളര്‍ച്ചയുടെ നിയമം. ഞാനാ നിയമത്തെ വെല്ലുവിളിക്കുന്നു. പഴയ തലമുറകളുടെ സ്ഥാപിത താല്‍പര്യങ്ങള്‍, മുട്ട പറഞ്ഞു. തീര്‍ന്നില്ല മുട്ട ശഠിച്ചു ഞാന്‍ യുവജന രാഷ്ട്രീയത്തിലിറങ്ങും വിരിയാതെയും വളരാതെയും തന്നെ ഞാന്‍ ഈ രാഷ്ട്രത്തെ നയിക്കും. സഞ്ജയ് ഗാന്ധിയുടെ നേരമ്പോക്കുകളെ എത്ര ശക്തമായി വിജയന്‍ ഇതില്‍ വിമര്‍ശിക്കുന്നത് നോക്കുക.
മറ്റൊരു കാര്‍ട്ടൂണില്‍ വിജയന്‍ ഇങ്ങനെ കുറിച്ചു: നാം ഈ കഴിക്കുന്ന ഭക്ഷണം നമുക്കു കിട്ടിക്കൊണ്ടിരിക്കണമെങ്കില്‍ അതു കിട്ടിക്കാന്‍ ഒരു ഭരണകൂടം വേണ്ടേ? ഭരണകൂടത്തെ നിലനിര്‍ത്താന്‍ ഒരു പ്രത്യയശാസ്ത്രം വേണ്ടേ? പ്രത്യയശാസ്ത്രത്തെ സംരക്ഷിക്കാന്‍ സംഘട്ടനങ്ങള്‍ ആവശ്യമായി തീരില്ലേ? സംഘട്ടനങ്ങള്‍ യുദ്ധത്തിലേക്ക് നയിച്ചാല്‍ നാം മനസ്‌സിലാക്കണം അതത്രയും ജീവിക്കാന്‍ വേണ്ടി മാത്രമായിരുന്നെന്ന്. യുദ്ധത്തിന്റെ നിരര്‍ത്ഥകത എത്ര ഭംഗിയായാണ് വിജയന്‍ തന്റെ ലളിതമായ വരകള്‍ കൊണ്ട് പറഞ്ഞത്. അടിയന്തരാവസ്ഥയെയും ഇന്ദിരയെയും എത്ര രൂക്ഷമായിട്ടാണ് വിജയന്‍ നേരിട്ടത്. അടുത്ത കാര്‍ട്ടൂണില്‍ നമ്മുടെ പരിസ്ഥിതിയെ കുറിച്ച് എത്ര ശക്തമായിട്ടാണ് വിജയന്‍ ഇടപെടുന്നത്.
കാറുകളുടെ പുക ശ്വസിച്ച്, തൊഴില്‍ശാലകളുടെ പുക ശ്വസിച്ച്, അണുപ്രസരണമേറ്റ് അമിതമായി മരുന്നുകള്‍ കഴിച്ച് ഞാന്‍ അര്‍ബുദം പിടിച്ച് മരിച്ചുകൊണ്ടിരിക്കുന്നു. ങാഹാ? എന്നാല്‍ എനിക്കും വേണം കാറും തൊഴില്‍ശാലയും അണുപ്രസരവും മരുന്നും. അര്‍ബുദം ആരുടേയും കുത്തകയൊന്നുമല്ല. അമ്പോ സാമ്രാജ്യവാദികളുടെ ഭള്ള്! എത്ര ശരിയാണ്. ഈ ചെറുകാര്‍ട്ടൂണ്‍ കൊണ്ട് ഇന്ത്യയുടെ പുതിയ മുഖം എത്ര അനാര്‍ഭാടമായി വിജയന്‍ വരച്ചിട്ടിരിക്കുന്നു.
കമ്മ്യൂണിസത്തിന്റെ അധഃപതനത്തെ എത്ര ഭംഗിയായിട്ടാണ് വിജയന്‍ ചിത്രീകരിക്കുന്നതെന്ന് നോക്കുക. ചെറിയൊരു മീന്‍. അതു പറയുന്നു ഞാന്‍ തനിച്ചല്ല. അതാ വരുന്നു എന്റെ വര്‍ഗ സഖാവ്. ഒരു ഭീമന്‍ തിമിംഗലം വന്ന് ചെറിയ മീനിനെ വിഴുങ്ങുന്നു. തുടര്‍ന്ന് ഭീമന്‍ മീന്‍ പറയുന്നു. എല്ലാ സമുദ്രങ്ങളിലെയും മത്സ്യങ്ങളെ സംഘടിക്കുവിന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധ:പതനം എത്ര ദീര്‍ഘവീക്ഷണത്തോടുകൂടിയാണ് വിജയന്‍ ചിത്രീകരിച്ചിരിക്കുന്നത്.
അടുത്തത് സാക്ഷാല്‍ ശ്രീപത്മനാഭനെ വിജയന്‍ ചിത്രീകരിച്ചിരിക്കുന്നത് നോക്കുക. ഗദയുണ്ട് കയ്യിലിരിക്കട്ടെ. പത്മമുണ്ട് ഒരുത്തിയെ പൊക്കിയെടുക്കാനേ ഒത്തുള്ളായിരിക്കും. ശംഖുണ്ട് വിളിച്ചോ, ചക്രമുണ്ട് നേരോ അളിയാ? എല്ലാവര്‍ക്കും വേണ്ടത് ചക്രം മാത്രമായിരുന്നു. വിപ്‌ളവകാരിക്കും പിന്തിരിപ്പനും വര്‍്ഗീയവാദിക്കും ബുദ്ധിജീവിക്കും. അങ്ങനെയാണ് അവന്‍ എന്നെ ഈ നഗരത്തിന്റെ ദൈവമാക്കിയത്. എന്തൊരു ദീര്‍ഘവീക്ഷണം. ലോകത്തെ ഏറ്റവും ചക്രമുള്ള ദൈവമാണ് ശ്രീപത്മനാഭന്‍.
അടുത്ത കാര്‍ട്ടൂണില്‍ ഒരു നായയെ ചിത്രീകരിച്ചുകൊണ്ട് വിജയന്‍ പറയുന്നു മറ്റുള്ളവരുടെ കണ്ണുകള്‍ എന്റെ പ്രശ്‌നമല്ല. പക്ഷെ എന്റെ കണ്ണുകള്‍ എന്റെ മാത്രമാണ്. ഞാന്‍ അവയെ ആര്‍ക്കും അടിയറവയ്ക്കാനൊരുക്കമല്ല. സ്വതന്ത്രമായ രാത്രിയില്‍ എനിക്ക് കാണേണ്ടതെല്ലാം ഞാന്‍ കാണുന്നു. പകലിന്റെ ഔദത്യത്തെ ഞാന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു. ശാന്തനായി വിനയവാനായി ഞാനീ മൗലീകവകാശം സൂക്ഷിക്കുന്നു. നോക്കൂ ഒരെഴുത്തുകാരനും ഒരു കാര്‍ട്ടൂണിസ്റ്റും എന്തായിരിക്കണെമന്ന് എത്ര ലളിതമായി വിജയന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.