കേരള സര്‍ക്കാരിന്റെ ലോക കേരള സഭ എന്ന പുതിയൊരു സംരംഭത്തിന്റെ സാഹചര്യത്തിലാണ് സര്‍ഗയാനം' എന്ന ഒരു കലാ ക്യാമ്പ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് ജനുവരി ഒന്നുമുതല്‍ ആറ് വരെ നടന്നത്. ലബ്‌ധ പ്രതിഷ്‌ഠരായ 15 കലാകാരന്മാര്‍ ഈ ക്യാമ്പില്‍ ചിത്രങ്ങള്‍ രചിച്ചു. ആധുനിക കലയുടെ വികാസത്തിനൊപ്പം നടന്ന കലാകാരന്മാര്‍ മുതല്‍ സമകാലിക കലയിലൂടെ കേരളത്തിന്റെ സര്‍ഗവികസന ശേഷി ലോകത്തെമ്പാടുമെത്തിച്ച പുതിയ കലാകാരന്മാരും ഈ ക്യാമ്പില്‍ പങ്കെടുത്തു. ലളിതകലാ അക്കാദമിയുടെ ചെയര്‍മാന്‍ നേമം പുഷ്‌പരാജിന്റെ നേതൃത്വത്തില്‍ നടന്ന ഈ ചിത്ര ശില്‌പശാലയില്‍ പ്രമുഖ കലാ ചരിത്രകാരനും നിരൂപകനുമായ ജോണി എം. എല്‍ പങ്കെടുത്തു.
കേരളത്തിലെ ആധുനിക കലയുടെ എന്നുമാത്രമല്ല ഇന്ത്യയുടെ തന്നെ ആധുനിക കലയുടെ പിതാവായ രാജാ രവിവര്‍മ്മ തന്റെ കലാപരമായ കഴിവുകള്‍ മാറ്റുരച്ചെടുത്ത തിരുവനന്തപുരം നഗരത്തില്‍വച്ച് തന്നെയാണ് ഈ ക്യാമ്പ് നടന്നതെന്ന കാര്യം ഇതിന്റെ മാറ്റ് കൂട്ടുന്നു. രാജാ രവി വര്‍മ്മയ്‌ക്ക് ശേഷം കേരളത്തിന്റെ ആധുനിക കലയില്‍ വളരെ വ്യത്യസ്‌തങ്ങളായ വികാസമാണ് ഉണ്ടായത്. നേര്‍നേഖയില്‍, ഏതെങ്കിലും ഒരു കലാ പ്രസ്ഥാനത്തിന്റെ ചുവട് പിടിച്ചായിരുന്നില്ല കേരളത്തിലെ ആധുനിക കലയുടെ വികാസം. രവിവര്‍മയുടെ പിന്മുറക്കാരായി എത്തിയ ഒരു കൂട്ടം കലാകാരന്മാരുടെ സജീവ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ കലയ്‌ക്ക് ഒരു സാമൂഹികാടിത്തറ ലഭിച്ചെങ്കിലും കേരളത്തിന് പുറത്ത് പഠിക്കാനായി പോയ കലാകാരന്മാരാണ് കേരളത്തെ ഒരു തനത് ആധുനികതയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത്. മാധവമേനോനില്‍ നിന്ന് ആ ചരിത്രം തുടങ്ങുന്നു.അറുപതികളില്‍ മദ്രാസ് സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ കലാകാരന്മാരും അതേ സമയം തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ നിന്ന് പഠിച്ചിറങ്ങിയ കലാകാലന്മാരും വ്യത്യസ്‌തങ്ങളെങ്കിലും നവമായ ആധുനികതയ്‌ക്ക് കാരണമായി. എഴുപതികളിലുണ്ടായ തനത് ആധുനികതയെ കുറിച്ചുള്ള അന്വേഷണം തികച്ചും കേരളത്തിന്റേതായ ഒരു ശൈലിയുടെ നിര്‍മിതിക്ക് കാരണമായി. കേരളത്തിന്റെ ഈ ശൈലിയെ പലവിധ കലാധാരകളുടെ ഒരു സംഗമ സ്ഥാനമായി വേണം കണക്കാക്കാന്‍. അക്കിത്തം നാരായണന്‍, പാരീസ് വിശ്വനാഥന്‍ എന്നിവര്‍ ഈ ക്യാമ്പില്‍ പങ്കെടുക്കണം എന്നത് തീരുമാനിച്ചത് തന്നെ ഈയൊരു നവമായ ആധുനിക കലയുടെ സ്രഷ്‌ടാക്കളില്‍ ചിലര്‍ എന്ന നിലയ്‌ക്കാണ്. എങ്കിലും എന്തുകൊണ്ടോ അവര്‍ക്ക് പാരീസില്‍ നിന്ന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. എങ്കിലും അവരുടെ സമകാലികരും പ്രശസ്‌തരുമായ കെ.ദാമോദരന്‍, എന്‍.കെ. പി. അുത്തുക്കോയ, അച്ച്യുതന്‍ കൂടല്ലൂര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. ജി. രാജേന്ദ്രന്‍ ഏതാണ്ട് അവരുടെ സമകാലികനാണെങ്കിലും കുറെക്കൂടി മൂര്‍ത്തമായ ഒരു ആധുനിക ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ബി.ഡി ദത്തനാകട്ടെ സെമിഫിഗററ്റീവ്, സെമി അബ്‌സ്‌ട്രാക്‌റ്റ് എന്ന് പറയാവുന്ന രീതിയുലുള്ള പെയിന്റിങ്ങുകളാണ് തന്റെ ആധുനികാന്വേഷണങ്ങളുടെ ഭാഗമായി സൃഷ്‌ടിച്ചിരിക്കുന്നത്. കളര്‍ഫീല്‍ഡ് അബ്‌സ്‌ട്രാക്ഷന്‍ എന്നൊക്കെ പറയാവുന്ന ശ്രമങ്ങളാണ് മദ്രാസ് സ്‌കൂളിന്റെ ആധുനികതയുമായി പരോക്ഷബന്ധങ്ങള്‍ പുലര്‍ത്തി വളര്‍ന്ന് വന്ന കെ.കെ രാജപ്പനും ടി.കലാധരനും ചെയ്യുന്നത്.എണ്‍പതുകളില്‍ നാമ്പിടുകയും തൊണ്ണൂറുകളില്‍ വളര്‍ന്ന് മുറ്റുകയും ചെയ്‌ത അര്‍ത്ഥ സാന്ദ്രവും സംവാദാത്മകവുമായ ഉത്തരാധുനികത കലാധാരയുടെ ഭാഗമായാണ് എന്‍.എന്‍ റിംസണും സമകാലികരും വളര്‍ന്നു വന്നത്. ആ അര്‍ത്ഥബന്ധിയായ സംവാദാത്മകതയുടെ ആഖ്യാനപാഠങ്ങള്‍ റിംസണിലും കെ.പി. ശെല്‍വരാജിലും കാണാം. ഏതാണ്ട് തൊണ്ണൂറുകളുടെ ഒടുവില്‍ത്തന്നെയാണ് എക്കോ-മോഡേണിറ്റി അഥവാ പാരിസ്ഥിതിക ആധുനികത എന്ന പരീക്ഷണം മുഖ്യ കലാകാരന്മാര്‍ ഏറ്റെടുക്കുന്നത്. പ്രകൃതിയെ അതിവര്‍ക്കാരിക്കാതെ തന്നെ ആധുനികതയെ സ്വീകരിക്കുകയും, അങ്ങിനെ അതവല്‍ക്കരണം സംഭവിക്കുന്ന ഇടങ്ങളില്‍ പ്രകൃതിയെ ഒരു പ്രശ്‌ന പരിഹാരമായി കലയുടെ ഇടത്തിലേയ്‌ക്ക് പ്രക്ഷേപിക്കുകയും ചെയ്യുന്ന കലാകാരന്മാരുണ്ടായി. ഇതിന്റെ ഉദാഹരണങ്ങള്‍ ഒ. പി. പരമേശ്വരനിലും സിദ്ധര്‍ത്ഥനിലും ബിനി റോയിയിലും കാണാം. മാധിമീകൃത യാഥാര്‍ഥ്യം അഥവാ മീഡിയാറ്റിക് റിയലിസം എന്ന ആധുനിക ഭാഷയുലൂടെ കടന്ന് പോയശേഷം ജോഷ് പി.എസ്, ലാല്‍ കെ. തുടങ്ങിയ യുവ കലാകാരന്മാര്‍ ഇന്ന് വളരെ വ്യത്യസ്‌തമായ ഒരു കലാചരിത്ര സന്ദര്‍ഭത്തില്‍ എത്തി നില്‍ക്കുന്നതും നമുക്ക് ഈ ക്യമ്പില്‍ കാണാന്‍ കഴിയും. ചരിത്ര സ്‌മൃതികളുടെ ആഖ്യാനങ്ങളില്‍ ഉണ്ടാകുന്ന വിടവുകളില്‍ ഫോസില്‍ പോലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന സ്‌മൃതികളെ ഒരു പുതിയ മിത്തിനെയെന്നോണം ആവിഷ്‌കരിക്കുകയാണ് അജയകുമാര്‍ ചെയ്യുന്നത്.
സര്‍ഗയാനം ക്യാമ്പിന്റെ മുഖ്യ സവിശേഷത എന്നത് കലാചരിത്രകാരനും ക്യുറേറ്ററുമായ ജോണി എം എല്‍ ന്റെ പങ്കാളിത്തമാണ്. കേരളത്തിലെ കലാ ക്യമ്പുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കലാചരത്രകാരന്‍ ഇടപെട്ട് നിന്ന്‌കൊണ്ട് ആ ക്യാമ്പിനെ കലാചരിത്ര സന്ദര്‍ഭത്തില്‍ രചിക്കുന്നത്. ജോണി എം എല്‍ ന്റെ ഇടപെടല്‍ ഒരു പുതിയ ചരിത്ര പാഠമായി പുസ്‌തകമായി ഈ മാസം മാര്‍ച്ച് മാസത്തില്‍ തന്നെ പ്രസിദ്ധീകരിക്കാനാണ് അക്കാദമി തീരുമാനിച്ചിരിക്കുന്നത്. ഒപ്പം സര്‍ഗയാനത്തിലെ കലാകാരന്മാരുടെ കൂടിതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രദര്‍ശനം സംഘടിപ്പിക്കാനും അക്കാദമി തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പിനൊപ്പം നടന്ന ചര്‍ച്ചകളായിരുനനി സാര്‍ത്ഥകമായ മറ്റൊരനുഭവം. ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ നടന്ന 'തിരിവനന്തപുരവും സമകാലിക കലയും' , 'ചോളമണ്‌ഡലത്തിന്റെ പ്രസക്തി', 'സംസാരിക്കുന്ന കല്ലുകള്‍' തുടങ്ങിയ ചര്‍ച്ചകള്‍ ജോണി എം എല്‍ നയിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് അജയകുമാര്‍ നേതൃത്വം നല്‍കി.