By parvathyanoop.14 12 2022
കൊച്ചി: ഏറ്റവും പുതുതലമുറ സമകാല കലാകാരന്മാരുടെ സര്‍ഗ്ഗവൈഭവം അവതരിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസില്‍ തുടക്കമായി.
രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളില്‍ നിന്നുള്ള 51 അവതരണങ്ങള്‍ നാല് വേദികളിലായി വേറിട്ട പുത്തന്‍ ചിന്തകളുടെയും ഭാവുകത്വങ്ങളുടെയും പ്രതികരണങ്ങളുടെയും നവോര്‍ജ്ജം പ്രസരിപ്പിക്കുന്നു.
അന്തരാഷ്ട്രത്തലത്തില്‍ ഉള്‍പ്പെടെ പ്രശസ്തരായ ഏഴ് ക്യൂറേറ്റര്‍മാര്‍ അണിയിച്ചൊരുക്കിയ 'ഇന്‍ ദി മേക്കിംഗ്' എന്ന പ്രമേയത്തിലൂന്നിയ പ്രദര്‍ശനത്തില്‍ 196 വിദ്യാര്‍ത്ഥികളാണ് ഭാഗമാകുന്നത്.
സാധാരണത്വത്തെ വീക്ഷണകോണിന്റെ വ്യത്യസ്തതയിലൂടെ കീഴ്‌മേല്‍മറിച്ച് അവതരിപ്പിക്കുന്ന ഗോവ സ്വദേശിയായ കലാകാരി അഫ്ര ഷെഫീഖ്, വൈവിധ്യങ്ങളുടെ കലാകാരി ബെംഗളൂരു സ്വദേശിയായ അംശു ചുക്കി, ക്യൂറേറ്റര്‍ - എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയായ ന്യൂഡല്‍ഹി സ്വദേശി ആരുഷി വാട്‌സ്, ഡല്‍ഹിയില്‍ കലാചരിത്രാധ്യാപകനും ആര്‍ട്ടിസ്റ്റുമായ മലയാളി പ്രേംജിഷ് ആചാരി, ആര്‍ട്ടിസ്റ്റും ഗവേഷകയുമായ ഡല്‍ഹി സ്വദേശി സുവാനി സുരി, മുംബൈ ക്ലാര്‍ക്ക് ഹൗസ് ഇനീഷ്യേറ്റീവില്‍ ദൃശ്യ കലാവതാരകരായ സാവിയ ലോപ്പസ്, യോഗേഷ് ബാര്‍വെ എന്നിവരാണ് കൊച്ചി മുസിരിസ് ബിനാലെയുടെ സുപ്രധാന ഘടകമായ സ്റ്റുഡന്റ്‌സ് ബിനാലെ വിഭാവന ചെയ്ത ക്യൂറേറ്റര്‍മാര്‍.
'വളര്‍ന്നുവരുന്ന കലാകാരന്മാരുടെയും സൃഷ്ടികളുടെയും പരുവപ്പെടുന്ന പ്രതിഭയും ഭാവനയും സാമൂഹ്യ - കലാവബോധവും പ്രതിഫലിപ്പിക്കുന്നതിനാലാണ് 'ഇന്‍ ദി മേക്കിംഗ്' എന്ന പ്രമേയമെന്ന് ക്യൂറേറ്റര്‍' പ്രേംജിഷ് ആചാരി പറഞ്ഞു.
കേരളത്തില്‍ നിന്ന് സെലിന്‍ ജേക്കബ്, നന്ദു കൃഷ്ണ എന്നിവരുടെ സൃഷ്ടികള്‍ക്കു പുറമെ കെ എം ഇ എ ആര്‍ക്കിടെക്ച്ചര്‍ കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ കാശ്മീര്‍ വിഷയമാക്കി വലിയൊരു പ്രതിഷ്ഠാപനവും അവതരിപ്പിക്കുന്നുണ്ട്.
കോ ലാബ്സ് എന്ന് പേരിട്ട സ്റ്റുഡന്റസ് ബിനാലെ വേദികളില്‍ വി കെ എല്‍ വെയര്‍ഹൗസിനു പുറമെ അര്‍മാന്‍ ബില്‍ഡിംഗ്, കെ വി എന്‍ ആര്‍ക്കേഡ്, ട്രിവാന്‍ഡ്രം വെയര്‍ഹൗസ് എന്നിവയും ഉള്‍പ്പെടുന്നു.