By Web Desk.08 01 2023
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2021-ലെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കലാകൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.ഡി ശെല്‍വരാജിന് ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഡോ. എം. എസ്. വല്യത്താനും വി. ഡി. ശെല്‍വരാജും ചേര്‍ന്ന് രചിച്ച 'മയൂരശിഖ ജീവിതം അനുഭവം അറിവ്' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.
മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവല്‍ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ബാല ശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവര്‍ത്തനം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാര്‍ഡിന് അര്‍ഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ബാല ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരം ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ടും ജനുവും ചേര്‍ന്ന് രചിച്ച കൊറോണക്കാലത്ത് ഒരു വവ്വാല്‍ എന്ന കൃതിക്കാണ്. ഡോ. വി. രാമന്‍കുട്ടിയുടെ 'എപ്പിഡെമിയോളജി രോഗവ്യാപനത്തിന്റെ ശാസ്ത്രം'എന്ന പുസ്തകവും അവാര്‍ഡിന് അര്‍ഹമായി. വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഡോ. സുധികുമാര്‍ എ. വി. യുടെ 'കേരളത്തിലെ ചിലന്തികള്‍' അര്‍ഹമായി. ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിന് മംഗളം ദിനപത്രം മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ എം. ജയതിലകന്‍ അര്‍ഹനായി.