By web desk.03 05 2023
ആലപ്പുഴ: മെറ്റ് ഗാലയില്‍ വിരിച്ച കാര്‍ പെറ്റ് നെയ്തത് ആലപ്പുഴയില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷന്‍ മേളയാണ് മെറ്റ് ഗാല. സെലിബ്രിറ്റികള്‍, ഫാഷന്‍ ഡിസൈനര്‍മാര്‍ തുടങ്ങി പ്രശസ്തരെല്ലാം ഈ ഫാഷന്‍ മേളയ്‌ക്കെത്താറുണ്ട്.
മെറ്റ് ഗാലയിലെ ഇന്ത്യന്‍ സെലിബ്രിറ്റി സാന്നിധ്യവും ശ്രദ്ധേയമായ കാര്യമാണ്. റിഹാനയും കിംകര്‍ദാഷ്യനും മുതല്‍ നമ്മുടെ സ്വന്തം പ്രിയങ്ക ചോപ്രയും ആലിയ ഭട്ടുമൊക്കെ ചുവടുവച്ച ഈ വര്‍ഷത്തെ മെറ്റ് ഗാലയും പതിവുപോലെ ഗംഭീരമായിരുന്നു.
എന്നാല്‍ ഇത്തവണ മെറ്റ് ഗാലയ്ക്ക് താരങ്ങള്‍ക്കപ്പുറം മറ്റൊരു ഇന്ത്യന്‍ ബന്ധം കൂടിയുണ്ട്, അസ്സല്‍ മലയാളി ബന്ധം. മെറ്റ് ഗാലയില്‍ കണ്ണുടക്കുന്ന ചുവപ്പും നീലയും കലര്‍ന്ന പരവതാനി നെയ്തത് ഇങ്ങ് കേരളത്തിലെ ആലപ്പുഴയിലാണ്.
മെറ്റ് ഗാലയിലെ പ്രധാന ആകര്‍ഷണം അവിടെ വിരിച്ചിരുന്ന പരവതാനി തന്നെയാണ്.ഈ പരവതാനി നിര്‍മ്മിച്ചതോ കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരും. ചുവപ്പ്, നീല നിറങ്ങളിലാണ് കാര്‍പ്പറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
ജപ്പാനീസ് ആര്‍ക്കിടെക്റ്റ് തഡാവോ ആന്‍ഡോയുടെ നിര്‍ദേശ പ്രകാരം നിര്‍മ്മിച്ച ഈ പരവതാനി കേരളത്തിലെ നെയ്ത്ത് ബൈ എക്സ്ട്രാവീവാണ് നിര്‍മ്മിച്ചത്. ഏകദേശം 60 ദിവസമെടുത്താണ് കലാകാരന്‍മാര്‍ ഈ പരവതാനി നിര്‍മ്മിച്ചത്.