ഓരോ ക്യുറേറ്ററുടെയും വ്യത്യസ്ത ചിന്തയും വ്യക്തിത്വവുമാണ് ഓരോ ബിനാലെയിലും പ്രതിഫലിക്കുന്നത്: അടൂര്‍ ഗോപാലകൃഷ്ണന്‍

വേദികള്‍ നിറയുന്ന ജനക്കൂട്ടം, ബിനാലെ നാം അര്‍ഹിക്കുന്നുവെന്നതിന് തെളിവാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍

author-image
BINDU PP
New Update
ഓരോ ക്യുറേറ്ററുടെയും വ്യത്യസ്ത ചിന്തയും വ്യക്തിത്വവുമാണ് ഓരോ ബിനാലെയിലും പ്രതിഫലിക്കുന്നത്: അടൂര്‍ ഗോപാലകൃഷ്ണന്‍

കൊച്ചി: വേദികള്‍ നിറയുന്ന ജനക്കൂട്ടം, ബിനാലെ നാം അര്‍ഹിക്കുന്നുവെന്നതിന് തെളിവാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ബിനാലെ കാണാനെത്തുന്ന ആസ്വാദക സമൂഹം, ബിനാലെയ്ക്കായി നാം കാത്തിരിക്കുകയായിരുന്നുവെന്നു വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടേത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബിനാലെകളിലൊന്നായി മാറിക്കഴിഞ്ഞെന്നും അടൂര്‍ ചൂണ്ടിക്കാട്ടി.

രാജ്യാന്തര ശ്രദ്ധ നേടുന്ന കേരളത്തിലെ രണ്ടു വലിയ സാംസ്‌കാരിക അരങ്ങുകളായ രാജ്യാന്തര ചലച്ചിത്രോല്‍സവവും ബിനാലെയും തമ്മില്‍ താരതമ്യം ചെയ്യാനും അടൂര്‍ തയാറായി. ചലച്ചിത്രോല്‍സവം തുടങ്ങിയിട്ട് 22 വര്‍ഷമായി. ബിനാലെ തുടങ്ങാന്‍ അല്‍പ്പം വൈകിയെന്നേയുള്ളു. നേരത്തെ വരേണ്ടതായിരുന്നു ബിനാലെയും. രണ്ടും മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറിക്കഴിഞ്ഞുവെന്നും അടൂര്‍ പറഞ്ഞു.

ബിനാലെയില്‍ പതിവുകാരനാണ്. എല്ലാത്തവണയും വരാറുണ്ട്. കഴിഞ്ഞ തവണ കണ്ടതല്ല ഇത്തവണ കാണുന്നത്. വ്യത്യസ്ത പതിപ്പുകള്‍ തമ്മില്‍ താരതമ്യം സാധ്യമല്ല. ഓരോ ക്യുറേറ്ററുടെയും വ്യത്യസ്ത ചിന്തയും വ്യക്തിത്വവുമാണ് ഓരോ ബിനാലെയിലും പ്രതിഫലിക്കുന്നത്. പുതിയ ആശയങ്ങളിലേക്ക് മനസ്സു തുറപ്പിക്കുകയാണ് ബിനാലെയെന്നും അടൂര്‍ പറഞ്ഞു.

ചിത്രകലയും സംസ്‌കാരവുമൊന്നും അത്രകണ്ട് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമല്ല. ആ നിലയ്ക്ക് ബിനാലെയില്‍നിന്ന് അത്തരം അധ്യയനം കിട്ടുന്നത് വിദ്യാര്‍ഥികള്‍ക്കും ഗുണകരമാണെന്നും അടൂര്‍ പറഞ്ഞു. ഓരോ വേദികളും കയറിയിറങ്ങി, മണിക്കൂറുകള്‍ മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ചെലവഴിച്ച ശേഷമാണ് അടൂര്‍ മടങ്ങിയത്.

binale 2017