/kalakaumudi/media/post_banners/98b1c50c93ce969fcba225f65e4cf4b1017c56815cfedffdea859091d1815fc5.jpg)
കൊച്ചി: ബിനാലെയുടെ മുഖ്യവേദിയായ ആസ്‍പിന്‍വാള്‍ ഹൗസിലെ ഏറ്റവും എടുപ്പുള്ള കാഴ്ച്ചയാണ് ഒരു കൂറ്റന്‍ പിരമിഡ്.ഈ പിരമിഡിന്‍റെ ഇരുട്ടില്‍ കവിതയുണ്ട്. 'നാടുകടത്തപ്പെട്ട കവികളുടെ പിരമിഡ്' എന്നാണ് ഇതിന് പേര്. സ്ലൊവീനിയന്‍ കലാകാരനായ അലേഷ് സ്റ്റെയ്‍ഗറാണ് ഈ സൃഷ്ടിക്കു പിന്നില്‍.
ചാണകവറളിയും പായയും കൊണ്ടാണ് ഈ കൂറ്റന്‍ പിരമിഡ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനുള്ളിലെ ഇരുട്ടില്‍ തപ്പിത്തടഞ്ഞ്, അശരീരിയായ കവിതാലാപനം കേട്ടുകൊണ്ടുള്ള നടത്തമാണ് ഇന്‍സ്റ്റലേഷന്‍ എന്ന് കവികൂടിയായ ഷ്റ്റെയ്‍ഗര്‍ പറയുന്നു.
ബിനാലെയുടെ ആദ്യ രണ്ടുദിവസങ്ങളില്‍ 'ഫയര്‍ വാക് വിത് മീ' എന്ന പേരില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള നടത്തങ്ങള്‍ പിരമിഡിലൂടെ സന്ദര്‍ശകര്‍ക്കൊപ്പം ഷ്‌റ്റെയ്‍ഗറും നടത്തിയിരുന്നു. പ്രശസ്ത സംവിധായന്‍ ഷാജി എന്‍. കരുണ്‍ പിരമിഡിലെ ഫയര്‍ വാക്കില്‍ പങ്കെടുത്തിരുന്നു.
പുറത്തേക്കിറങ്ങുന്ന വാതിലില്‍, മനസില്‍ ആദ്യം വരുന്ന വാക്ക് ഉരുവിട്ടുകൊണ്ട് കവിയുടെ പേരെഴുതിയ കടലാസ് തീയിലേക്ക് നിക്ഷേപിക്കുന്നതോടെ ആത്മാവ് സ്വതന്ത്രമായി എന്ന സങ്കല്‍പ്പത്തിലാണ് തീനടത്തം അവസാനിക്കുന്നത്.