വെള്ളാര്‍ ക്രാഫ്റ്റ്സ് വില്ലേജില്‍ ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതനിശ

By Web Desk.03 04 2021

imran-azhar

 

തിരുവനന്തപുരം: കര്‍ണാടകസംഗീത റോക്ക് ബാന്‍ഡ് അഗം ബാന്‍ഡിന്റെ സംഗീതനിശ കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍. ഏപ്രില്‍ 10 രാത്രി 8-നു വില്ലേജിലെ തുറന്ന വേദിയായ മേള കോര്‍ട്ടില്‍ ആണ് സംഗീതപ്രേമികളുടെ പ്രീതി നേടിയ ജനപ്രിയ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഉള്‍പ്പെടുന്ന ഏഴംഗ 'അഗം' ബാന്‍ഡിന്റെ സംഗീതനിശ.

 

അഗത്തിന്റെ പ്രകടനത്തിനുമുമ്പ് അരങ്ങുണര്‍ത്തി അയ്ന്തിണൈ ബാന്‍ഡ് അതേ വേദിയെ സംഗീതസാന്ദ്രമാക്കും. അടുത്തിടെ അരങ്ങേറ്റം കുറിച്ച അയ്ന്തിണൈയുടെ ഒരു മണിക്കൂര്‍ പ്രകടനം രാത്രി 7-ന് ആരംഭിക്കും. കോവിഡ് -19 പ്രോട്ടോക്കോള്‍ അനുസരിച്ചു പരിപാടിയില്‍ പങ്കെടുക്കാന്‍ സംഗീതപ്രേമികള്‍ വൈകുന്നേരം 6 മണിയോടെ ക്രാഫ്റ്റ് വില്ലേജില്‍ എത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

 

തലസ്ഥാനവാസികള്‍ താത്പര്യപൂര്‍വ്വം കാത്തിരിക്കുന്ന അഗം ബാന്‍ഡിനു ഗംഭീരസ്വീകരണമാണു സംഗീതപ്രേമികള്‍ നല്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു. ബുക്ക്മൈഷോ, പേടിഎം ഇന്‍സൈഡര്‍ എന്നിവയില്‍ ലഭ്യമാക്കിയ 1,000 ടിക്കറ്റുകളില്‍ 750-ഉം ഒരു പ്രചാരണവും കൂടാതെതന്നെ വിറ്റുപോയി.


കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് വിനോദസഞ്ചാരികള്‍ക്കും നഗരത്തിലെ കലാപ്രേമികള്‍ക്കും പ്രിയപ്പെട്ട വേദിയായി വളരെവേഗം മാറുകയാണ്. പ്രമുഖ കലാകാരികള്‍ നയിച്ച കലാസന്ധ്യകള്‍ കോര്‍ത്തിണക്കി ക്രാഫ്റ്റ് വില്ലേജ് സംഘടിപ്പിച്ച വനിതാവാരാഘോഷം 'വൗ' (വേള്‍ഡ് ഓഫ് വിമന്‍) ഏറെ ശ്രദ്ധ നേടി. വില്ലേജിലെ ആര്‍ട്ട് ഗാലറിയില്‍ ഓവിയം എന്ന പേരില്‍ ഒരു മാസം നീണ്ട ചിത്രകലാപ്രദര്‍ശനവും ഒരുക്കി. വിവിധ കലാപ്രകടനങ്ങള്‍ക്കു യോജിച്ച ക്രാഫ്റ്റ് വില്ലേജില്‍ ഇന്‍ഡോര്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയങ്ങളും കോണ്‍ഫറന്‍സ് ഹാളും ഉണ്ട്.

 

കേരളത്തിലെ കരകൗശല വസ്തുക്കളുടെയും കലാരൂപങ്ങളുടെയും സംഗമകേന്ദ്രമായിട്ടാണ് ക്രാഫ്റ്റ് വില്ലേജ് രൂപകല്പന ചെയ്തിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് വില്ലേജിനെ ലോകോത്തരനിലവാരത്തില്‍ പുതുക്കിപ്പണിതത്. വില്ലേജില്‍ 28 സ്റ്റുഡിയോകളിലായി 50 ഓളം കലാ-കരകൗശലയിനങ്ങള്‍ പ്രദര്‍ശന-വിപണനത്തിന് ഉണ്ട്.

 

 

 

 

OTHER SECTIONS