/kalakaumudi/media/post_banners/cedeca0f5df82f9a5958c52f1ba49e774ff5bd1d65a6e3cf3914608b0edc7609.jpg)
തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഒന്‍പതാമത് അന്തര്‍ദ്ദേശീയ നാടകോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2017 ഫെബ്രുവരി 20 മുതല്‍ 28 വരെ തിയ്യതികളിലായി അക്കാദമി കാംപസ് കോര്‍പ്പറേഷന്‍ ഹോക്കി സ്റ്റേഡിയം, സ്‌കൂള്‍ ഓഫ് ഡ്രാമ, സാഹിത്യ അക്കാദമി സ്വരാജ് റൗണ്ട് എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് ഇറ്റ്ഫോകിലെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്.
അന്തര്‍ദ്ദേശീയ നാടകോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം ഫെബ്രുവരി 20 ന് വൈകീട്ട് 6 മണിക്ക് മുരളി തുറസ്സരങ്ങില്‍ ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, വ്യാവസായിക വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, ചെയര്‍ പേഴ്സണ്‍ കെ പി എ സി ലളിത, സി എന്‍ ജയദേവന്‍ എംപി, മേയര്‍ അജിത ജയരാജ്, കലാമണ്ഡലം ഗോപി ആശാന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഭിലാഷ് പിളള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ വിജയകുമാര്‍, റാണി ജോര്‍ജ് ഐഎഎസ്, ജില്ലാ കളക്ടര്‍ എ കൗശിഗന്‍ ഐഎഎസ്, പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, സാഹിത്യ അക്കാദമി പ്രസിഡ് വൈശാഖന്‍, ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍, മലയാളം യൂണിവേഴ്സിറ്റി വിസി കെ ജയകുമാര്‍ ഐഎഎസ്, കേരള കലാമണ്ഡലം രജിസ്ട്രാര്‍ സുന്ദരേശന്‍, മാധുര്‍ കന്‍കന റോയ് (ഐസിസിആര്‍) എന്നീ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിക്കും. പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനായ ശിവ വിശ്വനാഥന്‍ മുഖ്യ പ്രഭാഷണം നടത്തും.
ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് പ്രശസ്ത നാടക സംവിധായകന്‍ ശങ്കര്‍ വെങ്കിടേശ്വരന്‍ ഒരുക്കുന്ന ഉടലുറവ് ഉയിരെഴുത്ത് ഉടലെടുപ്പ് എന്ന പ്രത്യേക പരിപാടി ഉദ്ഘ്ടന ചടങ്ങിന്റെ ഭാഗമായി അക്കാദമി അങ്കണത്തില്‍ നടക്കും. തുടര്‍ന്ന് 8 മണിക്ക് പാലസ് ഗ്രൗണ്ടിലെ കാവാലം അരങ്ങില്‍ ജര്‍മ്മനി ഇസ്രായേല്‍ രാഷ്ട്രങ്ങള്‍ സംയുക്തമായി അവതരിപ്പിക്കുന്ന ലോസ്റ്റ് വീല്‍സ് ഓഫ് ടൈം എന്ന നാടകവും അരങ്ങേറും. ലൂയിസ് കരോളിന്റെ 1865 ല്‍ രചിക്കപ്പെട്ട ലിറ്റററി നോണ്‍ സെന്‍സ് വിഭാഗത്തില്‍പ്പെടുത്തി പറയാറുളള ആലീസ് ഇന്‍ വണ്ടര്‍ലാന്റെ ആഖ്യാന രീതിയും ഘടനയും കഥാപാത്രങ്ങളും ബിംബാവലികളും ജനപ്രിയ സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും അഭേദ്യ ഭാഗമാണ്. ഈ നോവലിന്റെ നോണ്‍ വെര്‍ബല്‍ ക്ലൗണ്‍ ഷോ ആണ് ലോസ്റ്റ് വീല്‍സ് ഓഫ് ടൈം. ആലീസ് ഇന്‍ വണ്ടര്‍ലാന്റ് കൂടാതെ യുജിയില്‍ ഷവാട്സിന്റെ ടെയ്ല്‍ ഓഫ് ലോസ്റ്റ് ടൈമിന്റെ പ്രചോദനവും ഇതില്‍ കാണാം.
പ്രേക്ഷക സാന്നിദ്ധ്യം സഹൃദയത്വം ഇടപെടല്‍ എന്നിവയാല്‍ ഒന്‍പതാമത്തെ ഇറ്റ്ഫോക് വേറിട്ടതാകും. പല വേദികളിലായി പല ഘട്ടങ്ങളിലായി ഇറ്റഫോകിന്റെ ഒന്‍പത് ദിനരാത്രങ്ങള്‍ ഫെബ്രുവരി 20 മുതല്‍ 28 വരെ.