/kalakaumudi/media/post_banners/81606d3118d0bb7076c41eabe1f1c6214da4536fe813908e1234250c176c23da.jpg)
കണ്ണൂര്‍ : കലാ മാമാങ്കത്തിന് നാളെ കണ്ണൂരിൽ തിരിതെളിയും. തറികളുടെയും തിറകളുടെയും നാട്ടില്‍ പത്തുവര്‍ഷത്തിനിപ്പുറം വീണ്ടും കലയുടെ പെരുങ്കളിയാട്ടത്തിന് ആരവമുയരുകയാണ്. അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ കണ്ണൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നിളയും കബനിയും പമ്പയും പെരിയാറും കല്ലായിയുമടക്കം ഇരുപതു നദികളുടെ പേരില്‍ വേദികള്‍. 232 ഇനങ്ങളിലായി 12000ത്തോളം വിദ്യാര്‍ത്ഥികള്‍. ഒരാഴ്ചക്കാലം കണ്ണൂരിന് ഇനി കലയാട്ടക്കാലം.
പ്രധാനവേദിയായ പോലീസ് മൈതാനത്തെ നിളയില്‍ നാളെ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തും. ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് നാലു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രണ്ടേകാല്‍ക്കോടിയോളം രൂപയാണ് കലോത്സവത്തിന് ചെലവു പ്രതീക്ഷിക്കുന്നത്. പരിസ്ഥിതി സൗഹൃദ കലോത്സവം, പ്ലാസ്റ്റിക് വിമുക്ത കലോത്സവം എന്ന മുദ്രാവാക്യമാണ് ഇക്കുറി കലോത്സവത്തിന്റെ ഹൈലൈറ്റ്. കലോത്സവത്തിന് കണ്ണൂര്‍ നഗരം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.