/kalakaumudi/media/post_banners/a48220d5f965eb8f77ebf88fdeb6d4aee8671c65d98d3ede75480d698ca1692c.jpg)
കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന് ഇന്ന് തിരശ്ശീല വീഴും. ആറുലക്ഷത്തോളം പേരാണ് 108 ദിവസം നീണ്ടുനിന്ന ഈ കലാപ്രദര്‍ശനം കണ്ടത്. മുന്‍ വര്‍ഷത്തേക്കാര്‍ ഒരുലക്ഷം പേര്‍ കൂടുതലായി എത്തി.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ കലാകാരന്‍മാരും കലാസ്വാദരകരും കണ്ടും കേട്ടും ആസ്വദിച്ചും പങ്കുവെച്ചും പിന്നിട്ട 108 ദിവസത്തെ കലാമാമാങ്കത്തിനാണ് തിരശ്ശീല വീഴുന്നത്. ഭാവനയും യാഥാര്‍ഥ്യവും തമ്മില്‍ പലപ്പോഴും നൂല്‍പ്പാലത്തിന്റെ അതിര്‍വരമ്പുകളാണ് ആസ്വാദകനില്‍ സൃഷ്ടിച്ചത്.
കൊച്ചി ദര്‍ബാര്‍ഹാള്‍ ഗ്രൌണ്ടില്‍ വൈകിട്ട് 5.30 ന് നടക്കുന്ന സമാപനപരിപാടിയില്‍ മന്ത്രി എ കെ ബാലന്‍ മുഖ്യാതിഥിയാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കൊച്ചി മേയര്‍ സൌമിനി ജെയ്ന്‍, കെവി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ ജെ മാക്സി, മുന്‍മന്ത്രി എം എ ബേബി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
ബിനാലെയുടെ സമഗ്രമായ വിവരണം ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി അവതരിപ്പിക്കും. കൊച്ചി ബിനാലെ ഫൌണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വാഗതവും സെക്രട്ടറി റിയാസ് കോമു നന്ദിയും പറയും.
തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത വിരുന്നാണ് സമാപനച്ചടങ്ങിന്റെ മറ്റൊരു ആകര്‍ഷണം. സൂരജ് മണിയും ദി തത്വ ട്രിപ്പിന്റെയും പരിപാടിയോടെയാണ് സംഗീതനിശ ആരംഭിക്കുന്നത്. സമാപന ദിവസം പശ്ചിമ കൊച്ചിയിലെ ബിനാലെ വേദികള്‍ രാവിലെ ഒമ്പതിന് ആരംഭിച്ച് നാലിന് സമാപിക്കും. ദര്‍ബാര്‍ ഹാളിലെ വേദി 10 മുതല്‍ 6.30 വരെയാണ് പ്രവര്‍ത്തിക്കുക.
31 രാജ്യങ്ങളില്‍നിന്നായി 97 ആര്‍ട്ടിസ്റ്റുകളാണ് ബിനാലെയില്‍ പങ്കെടുത്തത്. ഇവരുടെ 100 കലാസൃഷ്ടികളായിരുന്നു പ്രദര്‍ശിപ്പിച്ചത്. എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറി കൊടുങ്ങല്ലൂരിനടുത്തെ കോട്ടപ്പുറം എന്നിവിടങ്ങളിലെ ബിനാലെ വേദികള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാ വേദികളും ഫോര്‍ട്ട്കൊച്ചി മട്ടാഞ്ചേരി എന്നിവിടങ്ങളിലായിരുന്നു.
കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് സമാന്തരമായി ഫൌണ്ടേഷന്‍ നിരവധി പരിപാടികള്‍ നടത്തിയിരുന്നു. കുട്ടികളില്‍ കലാവബോധം വളര്‍ത്തുന്നതിന് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികള്‍ക്കായി സ്റ്റുഡന്റ്സ് ബിനാലെ, 100 ദിവസം നീണ്ട ചലച്ചിത്രോത്സവം, ലെറ്റ്സ് ടോക്ക് സംഭാഷണപരമ്പര എന്നിവയെല്ലാം കൊച്ചിയിലെ കലാകുതുകികള്‍ക്ക് ഉത്സവാന്തരീക്ഷമാണ് പ്രദാനംചെയ്തത്.