/kalakaumudi/media/post_banners/8879b5beaecfdbe5600a8ac37e4c7004f20f9361ecd277127ba453d1cc2f4988.jpg)
എഴുത്തുകാരനും രാഷ്ട്രീയപ്രവര്‍ത്തനും നയതന്ത്രജ്ഞനുമായ പവന്‍.കെ.വര്‍മ്മയുടെ ഏറ്റവും പുതിയ ഉദ്യമമാണ് Adi Shankaracharya: Hinduism’s Greatest Thinker, എന്ന പുസ്തകം. ചരിത്രത്തിന്‌റെ ഏടുകളില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്ത്വ മൂല്യങ്ങളെ ആദി ശങ്കരന്‍ നടന്ന വഴികളിലൂടെ നടന്ന് വീണ്ടെടുക്കുകയാണിതില്‍. അതിനായി ശങ്കരാചാര്യരുടെ ജന്മ സ്ഥലമായ കാലടിയിലൂടെ ഏറെ സഞ്ചരിച്ചു. എന്നാല്‍ 19ാം നൂറ്റാണ്ടിന്‌റെ അവസാന കാലത്ത് ഏറെക്കുറേ മറന്ന മട്ടില്‍ തന്നെയായിരുന്നു കാലടി ഗ്രാമം. ശൃംഗേരി മഠത്തിന്‌റെ 33 ആം ആചാര്യന്‍ ആദി ശങ്കരന്‌റെ ജന്മസ്ഥലം അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ അവര്‍ കാലടി എന്ന പേരില്‍ 3 ഗ്രാമങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇരുട്ടല്‍ ലഭിച്ച ചെറു വെട്ടം പോലെ പൂര്‍ണ്ണാ നദിക്കരയില്‍ ഒരു വീട്ടില്‍ ഒരു പറ്റം സ്ത്രീകള്‍ ആര്യാമ്പയെ, ശങ്കരാചാര്യരുടെ അമ്മയെ ദഹിപ്പിച്ച സ്ഥലത്ത് തിരി വെക്കുന്നത് കാണാനിടയായി.
ശങ്കരാചാര്യരുടെ സ്വത്വം തേടിയുള്ള അലച്ചിലില്‍, ആചാര്യന്‍ തന്‌റെ ഗുരുവായ ഗോവിന്ദപാദരെ കണ്ടെത്തിയ മധ്യപ്രദേശിലെ ഓംകാരേശ്വരത്തിലെ ഗുഹയിലുമെത്തി. അദ്വൈത തത്ത്വം ഗ്രഹിക്കാനെത്തിയ ആചാര്യനെ കുറിച്ച് ഏറെ കഥകള്‍ അവിടെ നിന്ന് കേള്‍ക്കാനിടയായി. ഇവിടെയാണ് എഴുത്തുകാരന്‍, ആചാര്യന്‍ ലോകത്തിനേകിയ അദ്വൈതശാസ്ത്രം മാത്രമല്ല, അദ്ദേഹം അവിടെ ചെയ്ത മനുഷ്യ നന്മയും നമ്മള്‍ പരിപാലിക്കണമെന്ന് ആവശ്യപ്പെടുന്നത്.
കാശിയില്‍ ആചാര്യന്‍ എവിടെയാണ് ജീവിച്ചതെന്ന് ആര്‍ക്കും വ്യക്തമായ ഊഹം പോലുമില്ല. അവിടെയുള്ള പണ്ഡിതര്‍ ഗ്രന്ഥകാരന് പകര്‍ന്ന് നല്‍കിയത് ആദി ശങ്കരന്‍ അവശേഷിപ്പിച്ചിട്ട് പോയ സിദ്ധാന്തങ്ങളും അദ്ദേഹം വികസിപ്പിച്ചെടുത്ത തത്ത്വ ശാസ്ത്രങ്ങളെക്കുറിച്ചുള്ള അവബോധവുമാണ്. അവിടെയും അദ്ദേഹത്തിന്‌റെ ദര്‍ശനങ്ങളെക്കുറിച്ച് വിഭിന്ന കാഴ്ചപ്പാടുകളായിരുന്നു പങ്കു വെയ്ക്കപ്പെട്ടത്. പലപ്പോഴും സ്വരമുയരുകയും ചെയ്തു.
ഈ യാത്രയില്‍ അദ്ദേഹം കണ്ടെത്തിയ പല അറിവുകളെക്കുറിച്ചും പുസ്തകത്തില്‍ ഗഹനമായി തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആധുനിക സര്‍വ്വകലാശാലകളില്‍ തലച്ചോറിന്‌റെ ഗഹന വ്യാപ്തിയെക്കുറിച്ചും അതീന്ദ്രിയ ജ്ഞാനത്തെക്കുറിച്ചും പുതിയ കണ്ടെത്തലുകള്‍ നടത്തുമ്പോള്‍ അവയെല്ലാം തന്നെ ഭാരതത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ശീലിച്ചവയാണ് എന്ന തിരിച്ചറിവ് നല്‍കുന്ന അഭിമാനത്തിലാണ് പവന്‍. ഇന്ന് ചില നിരക്ഷര ബുദ്ദികള്‍ പ്ലാസ്റ്റിക്ക് സര്‍ജറിയെക്കുറിച്ചും കൃത്രിമബീജ സങ്കലനത്തെക്കുറിച്ചും പരത്തുന്ന ഹിന്ദുത്ത്വ മൂല്യങ്ങളെ തരം താഴ്ത്തുന്ന പ്രസ്താവനകളേക്കാള്‍ ഭാരതത്തിന് അഭിമാനിക്കാവുന്നത്, അലിഞ്ഞില്ലാതാവുന്ന ഈ ദാര്‍ശനിക മൂല്യങ്ങള്‍ക്കാണ് എന്ന പക്ഷക്കാരനാണ് അദ്ദേഹം.