/kalakaumudi/media/post_banners/4c1d1c8900e213a90fac14c608bc1446a43be7c057758ea2c482a9da8b9fb332.jpg)
കുരുക്ഷേത്ര ഭൂമിയിൽ ദുശ്ശാസനനു നേരെ പാഞ്ഞടുക്കുന്ന രൗദ്രഭീമന്റെ വേഷത്തിലൂടെ പേരെടുത്ത അനവധി നടന്മാർ കഥകളിരംഗത്തുണ്ട്. എന്നാൽ പൗരുഷത്തിന്റെയും സംഹാരത്തിന്റെയും സമസ്ത വീര്യവും ഉൾച്ചേർന്ന രൗദ്രഭീമന്റെ അവതരണത്തിലൂടെ ശ്രദ്ധ നേടുന്നു സോണി എസ്.കുമാർ എന്ന യുവകലാകാരി. കഴിഞ്ഞദിവസം കഴക്കൂട്ടം മഹാദേവക്ഷേത്ര സന്നിധിയിൽ വച്ചാണു സോണിയുടെ രൗദ്രഭീമൻ അരങ്ങിലെത്തിയത്. കൗരവർ ചെയ്ത ചതികൾ ഓരോന്നും ഓർമിച്ചുകൊണ്ടു രൗദ്രമൂർത്തിയായി മാറുന്ന ഭീമൻ യുദ്ധക്കളത്തിൽ ദുശ്ശാസനനെ തേടിക്കണ്ടെത്തുന്നു. ദുശ്ശാസനന്റെ മാറുപിളർന്ന ചോരകൊണ്ടു രൗദ്രഭീമൻ പാഞ്ചാലിയുടെ മുടി കെട്ടുന്നു. ഒടുവിൽ കൃഷ്ണസന്നിധിയിൽ എത്തുന്നതോടെ ഭീമന്റെ കോപം ശമിക്കുന്നു.
രൗദ്രഭീമനൊപ്പം ശ്രീകൃഷ്ണനായി അരങ്ങിലെത്തിയതു സോണിയുടെ പ്രധാന ഗുരുനാഥനും കലാമണ്ഡലം മുൻ പ്രഫസറുമായ ബാലസുബ്രഹ്മണ്യനാണ്. ഇദ്ദേഹത്തിനു പുറമെ കലാമണ്ഡലം രാജീവന്റെ ശിക്ഷണവും ഈ കലാകാരിക്കു ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണകുമാർ, ഐശ്വര്യ ലക്ഷ്മി, കലാലയം വെങ്കിടേഷ്, കോട്ടയ്ക്കൽ നാരായണൻ തുടങ്ങിയവരും കഥകളിയിൽ പങ്കെടുത്തു. കഴക്കൂട്ടം കളിയരങ്ങ് സെക്രട്ടറി സുരേഷ് കുമാറിന്റെയും കൈരളീ വിദ്യാമന്ദിർ പ്രിൻസിപ്പൽ ശ്രീദേവിയുടെയും മകളായ സോണി നൃത്തം, മാജിക്, കരാട്ടെ തുടങ്ങിയ മേഖലകളിലും അംഗീകാരം നേടിയിട്ടുണ്ട്.