സൂര്യ ഫെസ്റ്റിവലിന് തുടക്കം; യേശുദാസിന്റെ സംഗീതക്കച്ചേരി; ശോഭനയുടെ ഭരതനാട്യം

By Web Desk.01 10 2023

imran-azhar

 

 


തിരുവനന്തപുരം: 46-ാമത് സൂര്യ ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കമാകും. വൈകിട്ട് 6.45ന് ടഗോര്‍ തിയേറ്ററില്‍ സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത അഗ്നി 3 മെഗാഷോയോടെയാണ് പരിപാടിക്ക് തുടക്കമാവുക. ജനുവരി 11വരെ നടക്കുന്ന മേളയില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500ലേറെ കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്. കോവിഡിനു ശേഷം ഗായകന്‍ യേശുദാസും സൂര്യ ഫെസ്റ്റിവലില്‍ എത്തുന്നുണ്ട്. അമേരിക്കയിലുള്ള അദ്ദേഹത്തിന്റെ സൗകര്യം നോക്കിയാകും തിയതി നിശ്ചയിക്കുക. ഒക്‌റ്റോബര്‍ 10ന് നടി ശോഭന അവതരിപ്പിക്കുന്ന ഭരതനാട്യം എകെജി ഹാളില്‍ അരങ്ങേറും.

 

ഒക്‌റ്റോബര്‍ പത്തുവരെയാണ് നൃത്ത സംഗീതോത്സവം. ആശാ ശരത്, ലക്ഷ്മി ഗോപാലസ്വാമി, നവ്യാ നായര്‍, പ്രിയദര്‍ശിനി ഗോവിന്ദ്, രമാ വൈദ്യനാഥന്‍, മീനാക്ഷി ശ്രീനിവാസന്‍, അഭിഷേക് രഘുറാം, ജാനകി രംഗരാജന്‍ തുടങ്ങിയവര്‍ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിക്കും. 11 മുതല്‍ 15 വരെയാണ് പഞ്ചരത്‌ന വനിതാ പ്രഭാഷണ പരമ്പര. മിസൈല്‍ വുമണ്‍ ടെസി തോമസ്, ശ്രുതി ശരണ്യം, ദിവ്യാ അയ്യര്‍, അഞ്ജലി മേനോന്‍, ഇന്ദുലക്ഷ്മി എന്നിവര്‍ പ്രഭാഷണം നടത്തും. 16 മുതല്‍ 20 രെയാണ് കോറിയോഗ്രഫി ഫെസ്റ്റിവലായ ഡ്രീംസ് അണ്‍ലിമിറ്റഡ്. ഹൈദരാബാദില്‍ നിന്നുള്ള ആനന്ദ ശങ്കര്‍ ജയന്തും 22 നര്‍ത്തകരും പങ്കെടുക്കുന്ന ടെയില്‍ ഓഫ് ബുള്‍സ് ആന്‍ഡ് ടൈഗര്‍ ആണ് പ്രധാന ആകര്‍ഷണം. 21 മുതല്‍ 25 വരെ രമേശ് നാരായണ്‍, മഞ്ജരി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്ന ജല്‍സാഘര്‍ ഹിന്ദുസ്ഥാനി ചേംബര്‍ കോണ്‍സര്‍ട്ട്‌സ് നടക്കും.

 

നവംബര്‍ ഒന്നുമുതല്‍ പത്തുവരെയാണ് ഗുരുക്കള്‍ക്ക് നൃത്തത്തിലൂടെ പ്രണാമം അര്‍പ്പിക്കുന്ന പരമ്പരയായ നൃത്തമേള നടക്കുക. ഒപ്പം സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത നാടകങ്ങള്‍ ഉള്‍പ്പെടെ പത്തോളം നാടകങ്ങള്‍ അരങ്ങിലെത്തും. ചലച്ചിത്ര മേള, യുവജനമേള, മോഹിനിയാട്ട മേള, കവി സമ്മേളനം, ലഘുചിത്ര മേള തുടങ്ങി വിവിധ പരിപാടികള്‍ ജനുവരി 11 വരെ നീളുന്ന സൂര്യ മേളയുടെ ഭാഗമായി നടക്കും.

 

 

OTHER SECTIONS