ജയിലില്‍ നൂറുമേനി നാടക വിളവ്

By Web Desk.28 02 2021

imran-azhar

 

ഒരു നൂതന ആശയത്തിന്റെ വേദിയാവുകയാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍. തിയേറ്റര്‍ തെറാപ്പി എന്ന പദ്ധതിയില്‍ കലയുണ്ട്, കൃഷിയുണ്ട്, നന്മയുടെ വറ്റാത്ത ഉറവയുണ്ട്

 

നദീഷ് കരീമഠത്തില്‍

 

കുറ്റവാളികളെ സമൂഹത്തില്‍ നിന്ന് മാറ്റിപാര്‍പ്പിക്കുന്നതിന് ആദ്യമായി തടവറ നിര്‍മ്മിച്ചത് ബി.സി 1792 മുതല്‍ 1750 വരെ ബാബിലോണ്‍ ഭരിച്ച അമോറിറ്റി രാജ്യവംശത്തിലെ രാജാവ് ഹമ്മുറാബിയാണ്. പില്‍ക്കാലത്ത് കുറ്റവാളികളെ മരണം വരെ ജയിലില്‍ അടച്ചിടാതെ അവരെ മാനസിക പരിവര്‍ത്തനത്തിന് വിധേയരാക്കി പുറത്ത് കൊണ്ടുവരണമെന്ന് വാദിച്ചത് ഗ്രീക്ക് ചിന്തകനായ പ്ലാറ്റോയും. പ്ലാറ്റോ ഈ ആവശ്യം പറയും മുമ്പേ തന്നെ റോമാക്കാര്‍ തടവുകാരെ കൊണ്ട് വിവിധ ജോലികള്‍ ചെയ്യിക്കാനും ആരംഭിച്ചിരുന്നു. മാനവിക സംസ്‌കാരത്തിന്റെ കുതിപ്പിലും കിതപ്പിലും പിന്നീട് എത്രയോ തടവറകള്‍, എത്രയോ തേങ്ങലുകള്‍.

 

മനുഷ്യനിലെ മൃഗതൃഷ്ണകള്‍ പിന്നേയും ജയിലുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മതില്‍കെട്ടിനകത്തെ മനുഷ്യരുടെ വന്യതകളെ ശമിപ്പിച്ച് അവരെ സൗമ്യരാക്കാനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അത്തരത്തില്‍ അതിനൂതനമായ ഒരു ആശയത്തിന്റെ പ്രായോഗിക വേദിയാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍. തിയേറ്റര്‍ തെറാപ്പി എന്ന ഈ മാനസിക ശാരീരിക പരിവര്‍ത്തന പദ്ധതിയില്‍ കലയുണ്ട്, കൃഷിയുണ്ട്. ഇവ രണ്ടിന്റെയും നന്മയുടെ വറ്റാത്ത ഉറവയുമുണ്ട്.

 

സെന്‍ട്രല്‍ ജയിലില്‍ സംഭവിക്കുന്നത്

 

968 ജയില്‍ അന്തേവാസികളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറുപേര്‍ ഇപ്പോള്‍ മറ്റൊരു തലത്തില്‍ എത്തിയിരിക്കുന്നു. തകൃതിയായ നാടക പരിശീലനം, തങ്ങള്‍ വിത്തു വിതച്ച് മുളപ്പിച്ച പച്ചക്കറികളുടെ ജൈവപരിപാലനം, ജയില്‍ കുളത്തില്‍ വളര്‍ത്തുന്ന മത്സ്യകുഞ്ഞുങ്ങളുടെ പരിപാലനം ഇങ്ങനെ നീളുന്നു അവരുടെ പകലുകള്‍. അതോടൊപ്പം നാടക റിഹേഴ്‌സലിലൂടെ ജയിലിനകത്ത് നന്മയുടെ അതിവിശാലമായ ലോകം സൃഷ്ടിക്കുന്നു.

 

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ജയില്‍ വകുപ്പും സംയുക്തമായാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തിയേറ്റര്‍ തെറാപ്പിക്ക് തുടക്കം കുറിച്ചത്.

 


തിയേട്രം ഫാര്‍മെയില്‍ നിന്ന് തിയേറ്റര്‍ തെറാപ്പി

 

ഭാവനാ പൂര്‍ണമായ രൂപകല്പനയും കൃത്യതയാര്‍ന്ന നിര്‍വഹണവുമാണ് തിയേറ്റര്‍ തെറാപ്പിയെ ഇന്ത്യയിലെ തന്നെ നൂതന സംരംഭമാക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകളെയും ഇന്ത്യന്‍ കാര്‍ഷിക കലാരൂപങ്ങളേയും നവ നാടക ബോധങ്ങളേയും കോര്‍ത്തിണക്കി ഭാരത് ഭവന്‍ നടപ്പിലാക്കിയ ജൈവ കാര്‍ഷിക പദ്ധതി, തിയേട്രം ഫാര്‍മെയില്‍ നിന്നാണ് തിയേറ്റര്‍ തെറാപ്പിയുടെ ബീജാവാപം സംഭവിക്കുന്നത്. തരിശു കിടക്കുന്ന കൃഷിഭൂമികളില്‍ നാട്ടുകലാകാരന്മാരെ കൂട്ടിയിണക്കി ജൈവ കൃഷിക്കൊപ്പം നാടകവും പരിശീലിപ്പിച്ച് ആഘോഷമായ വിളവെടുപ്പിന് ശേഷം നാടകാവതരണവും നടത്തുന്നതാണ് തിയേട്രം ഫാര്‍മെ. പിന്നീട് വിളവെടുത്ത ഉല്പന്നങ്ങള്‍ അനാഥ മന്ദിരങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ വാനമപുരം കളമച്ചലിലും പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര വാളുവെച്ചപാറയിലും ഈ പദ്ധതി വിജയകരമായി നടന്നുകഴിഞ്ഞു.

 

2018 ലാണ് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും നാടക-ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രമോദ് പയ്യന്നൂര്‍ തിയേട്രം ഫാര്‍മെക്ക് രൂപം നല്‍കിയത്. കേരളത്തിലെമ്പാടുമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരേയും കാര്‍ഷിക വിദഗ്ധരേയും വിളിച്ചുചേര്‍ത്ത് രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുകയാണ് ആദ്യം ചെയ്തത്. ആ ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന വിത്ത് അവിടെ വീണുപോകാതെ അദ്ദേഹം അത് തിരുവനന്തപുരം, വാമനപുരത്തെ കളമച്ചല്‍ പാടശേഖരത്ത് വിതച്ചു. അസാധാരണമായ അനുഭവമായിരുന്നു അതെന്ന് വാമനപുരം എം.എല്‍.എ ഡി.കെ. മുരളി പറയുന്നു. 'ഏകദേശം പത്തേക്കര്‍ വരുന്ന പാടശേഖരമായിരുന്നു തിയേട്രം ഫാര്‍മെക്കായി അന്ന് കണ്ടെത്തിയത്. തനി ഗ്രാമീണരായ കുറേ ആളുകള്‍. അവരുടെ കൃഷിയറിവും നാടക പ്രേമവുമെല്ലാം ചേര്‍ന്ന് നന്മയുടെ പഴയൊരു കാലത്തെയാണ് അന്ന് പുന:സൃഷ്ടിച്ചത്.' മുരളിയുടെ വാക്കുകളില്‍ ആ ആഘോഷത്തിന്റെ ദിനങ്ങള്‍ ഇന്നും ദീപ്തമാവുന്നു. എന്‍വയോണ്‍മെന്റ് തിയേറ്ററിന്റെ സാധ്യതകള്‍ ഉള്‍പ്പെടുത്തി, വിളവെടുപ്പ് കഴിഞ്ഞ രാത്രിയില്‍ പാടത്തും പാടവരമ്പത്തും നാട്ടിടവഴിയിലും കളപ്പുര മുറ്റത്തുമെല്ലാം ഇടശ്ശേരിയുടെ കൂട്ടുകൃഷി അവതരിപ്പിച്ചത് നാട്ടുകാര്‍ക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു.

 

അപ്രതീക്ഷിതമായി സംഭവിച്ച പ്രളയത്തേയും അതിജീവിച്ച്, നാട്ടുകാര്‍ വിതച്ച ഉമ നെല്‍വിത്ത് നൂറുമേനിയാണ് വിളഞ്ഞത്. പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് അത് എത്തിച്ചുനല്‍കുകയും ചെയ്തു.

 

പിന്നീട് തിയേട്രം ഫാര്‍മെ പാലക്കാട്ടേക്ക് പോയി. കണ്ണമ്പ്രയിലെ വാളുവെച്ചപാറയിലും അതാവര്‍ത്തിക്കുന്നു. ഒ.വി. വിജയന്റെ കടല്‍ തീരത്ത് എന്ന വിഖ്യാത ചെറുകഥയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ നാടകമാണ് ഇവിടുത്തെ കര്‍ഷകര്‍ അവതരിപ്പിക്കുക. സംസ്ഥാനത്തെ പല എം.എല്‍.എ മാരും ഇപ്പോള്‍ ഈ പദ്ധതി നിര്‍വഹണത്തിനായി ഭാരത് ഭവനെ സമീപിക്കുന്നു. കണ്ണൂരിലെ കല്യാശ്ശേരിയിലും അടുത്തുതന്നെ തിയേട്രം ഫാര്‍മെ വരുന്നു.

 

ഇതിനിടയില്‍ മറ്റൊരു കാര്യം സംഭവിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല പുതിയ കാലത്തിന്റെ കൃഷിരീതിയായി തിയേട്രം ഫാര്‍മെ അംഗീകരിച്ചു. ഇനി യുണെസ്‌കോ അംഗീകാരത്തിനായി കാത്തിരിക്കുന്നു.

 

ജയിലില്‍ ഇനി

 

തിയേറ്റര്‍ തെറാപ്പിയുടെ രണ്ടും മൂന്നും ഘട്ടം വരാനിരിക്കുന്നു. വിശ്വസാഹിത്യത്തിലെ ക്ലാസിക് കൃതികളിലെ ചില അടരുകളും ശ്രീനാരായണ ഗുരുദേവന്റെ ജീവിതരേഖയും കുമാരനാശാന്റെ കവിതയുമൊക്കെ ഇഴചേര്‍ത്തുള്ള രംഗഭാഷയാണ് ജയില്‍ അന്തേവാസികള്‍ക്കായി പ്രമോദ് പയ്യന്നൂര്‍ തയ്യാറാക്കിയിരിക്കുന്നത്. ''മാനവികതയുടെ മൗലിക രചനകള്‍ക്കാണ് രംഗഭാഷ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത്. ജയില്‍ അന്തേവാസികള്‍ക്ക് അതിലപ്പുറം എന്താണ് നല്‍കാന്‍ സാധിക്കുക?'' പ്രമോദ് ചോദിക്കുന്നു.

 

ജയില്‍ അന്തേവാസികള്‍ ഇപ്പോള്‍ പ്രതീക്ഷയിലാണ്. ജയിലിലെ വിളവെടുപ്പും നാടകവും കഴിഞ്ഞൊരുനാള്‍ വീടണയണം; നല്ല മനുഷ്യരായി സമൂഹത്തിലേക്കിറങ്ങണം.

 

 

 

 

 

OTHER SECTIONS