/kalakaumudi/media/post_banners/012188026eee71543651893b6e81a1a53ebb60c69334e171205ff1562bc141cb.jpg)
ശ്രീപദ്മനാഭക്ഷേത്രത്തില്‍ നടക്കുന്ന 38-ാമത് അഖിലഭാരത ഭാഗവത മഹാസത്ര മണ്ഡപത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ തങ്കവിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ബുധനാഴ്ച മുതല്‍ ആരംഭിച്ചു.
രാവിലെ ആറിന് ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ഈ യാത്ര ആറ്റിങ്ങല്‍ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പള്ളിപ്പുറം കാര്‍ത്തികക്ഷേത്രം, തോന്നല്‍ ദേവിക്ഷേത്രം, കണിയാപുരം മഹാവിഷ്ണുക്ഷേത്രം, കഴക്കൂട്ടം മഹാശിവക്ഷേത്രം, കാര്യവട്ടം ധര്‍മശാസ്ത്ര ക്ഷേത്രം, പുലിയൂര്‍ക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുളത്തൂര്‍ കോലത്തുകര മഹാദേവക്ഷേത്രം, വെന്‍പാലവട്ടം ദേവിക്ഷേത്രം, ആനയറ ദേവിക്ഷേത്രം, കരിക്കകം ദേവിക്ഷേത്രം എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ പര്യടനം നടത്തുന്ന രഥഘോഷയാത്ര 13ന് കോട്ടയ്ക്കകത്തെ ശ്രീവൈകുണ്ഠത്ത് ഗുരുവായൂര്‍ ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പ്രതിഷ്ഠിക്കും.
പ്രാരംഭശിബിരം ഇന്ന്
ശ്രീപദ്മനാഭക്ഷേത്രസന്നിധിയില്‍ നടക്കുന്ന 38-ാമത് അഖിലഭാരത ഭാഗവതമഹാസത്രത്തിന്റെ ഭാഗമായുള്ള പ്രാരംഭ ശിബിരം ഇന്ന് ഒന്‍പതിന് നടക്കും.വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ രാവിലെ 10-ന് നടക്കുന്ന പ്രാരംഭശിബിരം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.
കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, പാളയം ഇമാം സുഹൈബ് മൗലവി, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.സംഗീത്കുമാര്‍, ആര്‍.രാമചന്ദ്രന്‍നായര്‍, ഡോ. ജി.രാജ്മോഹന്‍, ആര്‍.അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.