/kalakaumudi/media/post_banners/296ecfe8d87ce7a36e1ed13faf32c96f34b78defbe99f8eb1cd273023a78a34a.jpg)
ടികെ റോഡില്‍ കാരംവേലി ജംക്ഷനു പടിഞ്ഞാറ് 2 കിലോമീറ്റര്‍ ദൂരത്ത് പ്രകൃതി ഒരുക്കിയ പച്ചപ്പിനുള്ളിലെ മനോഹരമായ കാവിനുള്ളില്‍ പാടത്തോടു ചേര്‍ന്നാണ് അദ്ദേഹമുള്ളത്, തീര്‍ത്തും ശാന്തനായി. പ്രധാന നിവേദ്യമായ മെഴുകുതിരിയും ചന്ദനത്തിരിയും ഇവിടെ ആ ധീരനോടുള്ള ഭക്തിക്ക് പ്രകാശവും സുഗന്ധവും ചാര്‍ത്തുന്നു. നേരത്തേ ഇവിടെ മരച്ചുവട്ടിലായിരുന്നു കൊച്ചുണ്ണിയെ കുടിയിരുത്തിയതെങ്കിലും പിന്നീട് മേല്‍ക്കൂരയില്ലാതെ നിലവിലുള്ള സ്ഥാനത്തേക്കു കൂടുതല്‍ സൗകര്യത്തോടെ മാറ്റുകയായിരുന്നു.
19-ാം നൂറ്റാണ്ടിലാണ് സാമ്രാജ്യത്വത്തിനും ജാതിവ്യവസ്ഥിതികള്‍ക്കുമെതിരെയുള്ള തുറന്നുപറച്ചിലായി കൊച്ചുണ്ണി ജീവിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ 1830ലെ കേരള ചരിത്രത്തിന്റെ ഭാഗമായാണ് കൊച്ചുണ്ണിയുടെ ജീവചരിത്രം അവതരിപ്പിക്കുന്നത്.പ്രകടമായ ബന്ധമൊന്നുമില്ലെങ്കിലും വിശ്വാസത്തിന്റെ ചരടില്‍ കോര്‍ത്തുകെട്ടിയിട്ടുണ്ട് ഇരു കരകളെയും. പത്തനംതിട്ട ജില്ലയില്‍ ടികെ റോഡില്‍ കാരംവേലിക്കടുത്തുള്ള ഇടപ്പാറ മലദേവര്‍ നട.ഇവിടെ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്നാണു വിശ്വാസം.
മോഷണം പോയ വസ്തുക്കള്‍ കണ്ടെത്താനായി ഇവിടെ എത്തി പ്രാര്‍ഥിക്കുന്നവരും ഏറെ. കായംകുളം കൊച്ചുണ്ണി ഇടപ്പാറ മലനടയിലെ ആരാധനാ മൂര്‍ത്തിയായി ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടതിനു പിന്നില്‍ വിശ്വാസത്തിന്റെ ഒരു കഥയുണ്ട്.തിരുവാറന്മുള കിഴക്കേ നടയുടെ കാവല്‍ക്കാരനും ദുശാസനന്റെ പ്രതിപുരുഷനുമാണത്രേ ഇടപ്പാറ മലദേവര്‍. മലദേവരുടെ കാണപ്പെട്ട രൂപമാണ് കാവിലെ ഊരാളി. ബാധ ഒഴിപ്പിക്കാനും പേടി മാറ്റാനും പടയണി നടത്തി പ്രശ്‌നവിധിക്കായുമൊക്കെ ഊരാളി പല സ്ഥലത്തും പോകാറുണ്ടായിരുന്നു.
ഒരിക്കല്‍ കായംകുളം ഭാഗത്തു പടയണി കഴിഞ്ഞു വരവെ, ഒരാള്‍ മരത്തില്‍ തല കീഴായി തൂങ്ങിക്കിടക്കുന്നു. ഊരാളിക്ക് മുന്നോട്ടു പോകാനാകുന്നില്ല. ആരാണെന്റെ വഴി മുടക്കുന്നതെന്ന് ഊരാളിയുടെ ചോദ്യം. കായംകുളം കൊച്ചുണ്ണി എന്നു മറുപടി. എന്റെ കൂടെ വരുന്നോ എന്ന് ഈരാളിയുടെ മറുചോദ്യം. ഉത്തരമായി, വന്നാല്‍ എന്തു തരും എന്ന് മറ്റൊരു ചോദ്യം. എന്റെ മുന്നില്‍ ഇരുത്താമെന്ന് ഊരാളിയുടെ വാഗ്ദാനം. ഇതു കേട്ട് ഒപ്പം പോന്ന കൊച്ചുണ്ണിയെ മലദേവര്‍ക്കു മുന്നിലെ കാവില്‍ പ്രതിഷ്ഠിച്ചെന്നാണ് വിശ്വാസം.
തങ്ങളുടെയും സ്വത്തിന്റെയും സംരക്ഷകനും കാവല്‍ക്കാരനുമാണ് കായംകുളം കൊച്ചുണ്ണിയെന്ന് ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. കാരംവേലി, ഇലന്തൂര്‍, പുന്നയ്ക്കാട്, കര്‍ത്തവ്യം, കാഞ്ഞിരവേലി, ആറന്മുള, നാരങ്ങാനം എന്നീ ഏഴുകരകളെ അറിയിച്ചു നടത്തുന്ന വിഷു ഉത്സവത്തിനെത്തുന്നവരും കായംകുളം കൊച്ചുണ്ണിയുടെ അനുഗ്രഹം തേടി പ്രാര്‍ഥിച്ചുപോരുന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭക്തര്‍ ക്ഷേത്രത്തിലെത്തി കായംകുളം കൊച്ചുണ്ണി നടയില്‍ മെഴുകുതിരി കത്തിച്ചും കാണിക്കയിട്ടും പ്രാര്‍ഥിക്കാറുണ്ടെന്ന് ക്ഷേത്രഭരണ സമിതി സെക്രട്ടറി എ.പി.ആനന്ദന്‍ പറഞ്ഞു. കായംകുളം കൊച്ചുണ്ണി എന്ന സിനിമ ഇറങ്ങിയ ശേഷം ക്ഷേത്രത്തിന് കൂടുതല്‍ പ്രശസ്തി വന്നെന്നും നടന്‍ മോഹന്‍ലാലും ഇവിടെയെത്തിയിരുന്നെന്നും ആനന്ദന്‍ പറഞ്ഞു.