/kalakaumudi/media/post_banners/93a12dbf8598d82ac8f2cb6413e8fb0d8382bafe746ab9e31b603f9950fdd957.jpg)
ചില നക്ഷത്രങ്ങള്‍ മോശമാണെന്ന ചിന്ത ഹൈന്ദവസമൂഹത്തിലുണ്ട്. പ്രസ്തുത നക്ഷത്രങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങളെ വിരോധത്തോടെ നോക്കിക്കാണുകയും കുടുംബത്തില്‍ എന്തെങ്കിലും ആപത്തുസംഭവിക്കുന്പോള്‍ അവരെ പഴിക്കുന്നതും പതിവാണ്. പൂയം, പൂരാടം, അത്തം, ഉത്രം, ആയില്യം നക്ഷത്രജാതരാണ് ഇത്തരം കുത്തിനോവിക്കലുകള്‍ക്ക് കൂടുതല്‍ വിധേയമാകുന്നത്. ഇതില്‍ അത്തം, പൂയം, ഉത്രം, പൂരാടം നക്ഷത്രങ്ങളില്‍ കാലുളളത് കൊണ്ട് ആ സമയങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങള്‍ മൂലം ചിലര്‍ക്ക് ദോഷമാണെന്ന ചൊല്ലുണ്ട്. ജ്യോതിഷമതപ്രകാരം ഇങ്ങനെയുണ്ടെങ്കിലും അത് ഈ നക്ഷത്രജാതര്‍ക്കെല്ലാം ഇല്ല. മറിച്ച് നക്ഷത്രവും പ്രത്യേകദിനവും ലഗ്നവും തിഥിയുമൊക്കെ ചേര്‍ന്നുവരുന്ന സമയത്താണ് ദോഷമുളളത്. അതിനൊക്കെ പര ിഹാരവുമുണ്ടാകും. ആയില്യം നക്ഷത്രക്കാരെ ഒന്നടങ്കം അയല്‍പക്കത്തിന് ദോഷമെന്ന രീതിയില്‍ നോക്കികാണുന്നു. ഇതും തെറ്റാണ്. ആയില്യം നക്ഷത്രക്കാര്‍ കാരണം എത്ര അയല്‍പക്കങ്ങള്‍ക്കാണ് ദോഷം വന്നിട്ടുളളതെന്ന് വെറുതെ ചിന്തിച്ചാല്‍ മനസ്സിലാകും. നക്ഷത്രത്തിന്‍റെ പേരില്‍ കുഞ്ഞുങ്ങളെ വേദനിപ്പിക്കരുത്. ഒരിക്കല്‍ ആയില്യം നക്ഷത്രജാതയായ കുട്ടി ഒരു മലയാളമാസം ഒന്നാം തീയതി ഓര്‍ക്കാതെ പാലുവാങ്ങാന്‍ പോയി. സ്വന്തം അമ്മാവന്‍റെ വീട്ടിലാണ് പോയത്. കുട്ടിയെ കണ്ട അമ്മാവന്‍ വലിയ തെറി പറഞ്ഞ് പാഞ്ഞുവന്നു. അതുകണ്ട് കുട്ടി ഭയന്നോടി. അപമാനവും സങ്കടവും കാരണം അവള്‍ പൊട്ടിക്കരഞ്ഞാണ് വീട്ടിലെത്തിയത്. പിന്നീട് ഒരിക്കലും പാലുവാങ്ങാന്‍ അവള്‍ പോയില്ല. മാത്രമല്ല, തന്‍റെ നക്ഷത്രം മോശമാണെന്നുളള അപകര്‍ഷാബോധം അവളെ പലപ്പോഴും പിന്നോട്ടുവലിച്ചു. ആരാണ് ഇതിനൊക്കെ കാരണം. ഇത്തരത്തില്‍ കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നത് ബ്രഹ്മഹത്യാപാപത്തിന് തുല്യമാണ്. കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ ദാനമാണ്. ഇന്ന നക്ഷത്രത്തില്‍ ജനിക്കണമെന്ന് തീരുമാനിക്കുന്നതും ദൈവമാണ്. അപ്പോള്‍ ഫലത്തില്‍ ഇത്തരത്തില്‍ കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്നവര്‍ ദൈവത്തെയാണ് നിന്ദിക്കുന്നത്.