/kalakaumudi/media/post_banners/f6e771a975926e2eaf127f0e0f9865f9ce1c5e86f1aa23ea6e38b128ebe3c5bf.jpg)
പദ്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ കിഴക്കുമാറി, വലിയശാല അഗ്രഹാരത്തിന്റെ സമീപത്ത്, കിള്ളിയാറിന്റെ പടിഞ്ഞാറേക്കരയില്‍ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് വലിയശാല കാന്തള്ളൂര്‍ മഹാദേവക്ഷേത്രം.
ഉഗ്രമൂര്‍ത്തിയായും ശാന്തമൂര്‍ത്തിയായും രണ്ടു സങ്കല്പങ്ങളില്‍ മഹാദേവനും തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവും കുടികൊള്ളുന്ന ഈ ക്ഷേത്രത്തില്‍ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ശ്രീകൃഷ്ണന്‍, ദുര്‍ഗ്ഗ, നാഗദൈവങ്ങള്‍, ബ്രഹ്മരക്ഷസ്സ് എന്നിവര്‍ക്കും പ്രതിഷ്ഠകളുണ്ട്.
വലിയശാല കാന്തല്ലൂര്‍ മഹാദേവക്ഷേത്രത്തില്‍ 109 -ാമത് ഭാഗവത സപ്താഹത്തിനു മുന്നോടിയായി വൃശ്ചികം ഒന്നിന് വൈകിട്ട് 6 .30 ന്1008 ചുറ്റുവിളക്കുകള്‍ തെളിക്കും.
കേരളത്തിലെ മറ്റ് ശിവക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാന്തള്ളൂരില്‍ മഹാദേവര്‍ രണ്ട് ഭാവത്തിലാണത്രെ ഇവിടെ കുടികൊള്ളുന്നത്. ഒന്ന്, ഉഗ്രമൂര്‍ത്തീ രൂപത്തിലും മറ്റൊന്ന് ശാന്തസ്വരൂപനായും. ഈ രണ്ട് വിഗ്രഹങ്ങളും രണ്ട് ശ്രീകോവിലിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത് എന്നത് മറ്റെങ്ങും കാണാനാകാത്ത പ്രത്യേകതയായിട്ടാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
മഹാദേവന്റെ ഇരട്ട പ്രതിഷ്ഠ വരാന്‍ കാരണമായി പറയുന്നത്, ആദ്യം പ്രതിഷ്ഠിച്ച മഹാദേവന്‍ ഉഗ്രമൂര്‍ത്തിയായതിനാലാണെന്നാണ്. പ്രശ്‌നവിധിയില്‍ അതിനൊരു പരിഹാരം കണ്ടത്, ഈ ഉഗ്രമൂര്‍ത്തിയുടെ ശക്തി കുറയ്ക്കുവാനായി മറ്റൊരു ശിവപ്രതിഷ്ഠ നടത്തി ശക്തി അതിലേക്ക് ആവാഹിച്ചുകൊണ്ടായിരുന്നു. ഈ രണ്ടാം പ്രതിഷ്ഠ ശിവനാണെങ്കിലും, ബ്രഹ്മാവിനെ സങ്കല്‍പ്പിച്ചാണ് പൂജകള്‍ ചെയ്യുന്നത്.
ഇതുരണ്ടും കൂടാതെ, മൂന്നാമതൊരു പ്രതിഷ്ഠ കൂടിയുണ്ട്. പ്രത്യേക ശ്രീകോവിലിലുള്ള ഈ പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണ്. ആദ്യകാലത്ത് മഹാദേവന്റേയും മഹാവിഷ്ണുവിന്റേയും പ്രതിഷ്ഠകള്‍ മാത്രമാണുണ്ടായിരുന്നത്. പില്‍ക്കാലത്ത് മഹാദേവന്റെ മൂലപ്രതിഷ്ഠയുടെ ശക്തി കുറയ്ക്കുവാനായി മറ്റൊരു ശിവനെ പ്രതിഷ്ഠിച്ചപ്പോള്‍, ആ പ്രതിഷ്ഠ നടുക്കാക്കി.
അങ്ങനെയാണ് തെക്ക് ശിവനും, വടക്ക് മഹാവിഷ്ണുവും നടുക്ക് മറ്റൊരു ശിവനും ആയത്. രണ്ടാം ശിവന് ബ്രഹ്മാവിനെ സങ്കല്‍പ്പിച്ചുള്ള പൂജയായതിനാല്‍, കാന്തള്ളൂര്‍ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്‍മാര്‍ക്കാണ് പൂജ എന്നു പറയാം.
കാന്തള്ളൂര്‍ മഹാദേവക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം കഴിഞ്ഞാല്‍ പിന്നെ തിരുവനന്തപുരത്തെ ഏറ്റവും വലിയ ക്ഷേത്രമാണ്. 1200 വര്‍ഷം കാലപ്പഴക്കം പറയുന്ന ക്ഷേത്രം നാലര ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് എട്ടുവീട്ടില്‍ പിള്ളമാരുമായി ചില ബന്ധങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.
അതുകൊണ്ടുതന്നെ തിരുവിതാംകൂര്‍ രാജവംശത്തില്‍പ്പെട്ട ആരും തന്നെ ഈ ക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നില്ല. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നെള്ളിയിരുന്ന, ചിത്തിരതിരുനാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഭാഗത്തെത്തുമ്പോള്‍ മുഖം തിരിക്കുമായിരുന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്.
ഉത്രാടംതിരുനാളിന്റെ കാലത്താണ് അതിനൊരു മാറ്റം വന്നത്. ക്ഷേത്രത്തിലെ കുംഭാഭിഷേകം ചടങ്ങ് ഉദ്ഘാടനം ചെയ്യുവാന്‍, അന്നത്തെ ക്ഷേത്രം ഭാരവാഹികള്‍ ഉത്രാടം തിരുനാളിനെ ക്ഷണിക്കുകയും, അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തതു മുതല്‍ക്കാണ് രാജകുടുംബവും കാന്തള്ളൂര്‍ ക്ഷേത്രവും തമ്മില്‍ നിലവിലുണ്ടായിരുന്ന അകല്‍ച്ച മാറിയത്. തുടര്‍ന്ന് രാജകുടുംബത്തില്‍പ്പെട്ട സ്ത്രീകളും ദര്‍ശനത്തിനെത്തി തുടങ്ങി.
ക്ഷേത്രത്തെപ്പറ്റി പറയുമ്പോള്‍ എടുത്തുപറയേണ്ടത് ഇവിടത്തെ കൊത്തുപണികളും ശില്‍പ്പങ്ങളും തന്നെയാണ്. കരിങ്കല്ലില്‍ കൊത്തിയ കവിത എന്നുപറയുംപോലൊരു അത്ഭുതകാഴ്ചയാണ് ചുറ്റുമതിലിലുള്‍പ്പെടെ കാണുവാന്‍ കഴിയുന്നത്. പ്രധാന കവാടം വഴി അകത്തേയ്ക്ക് കയറുമ്പോള്‍ വലതുവശത്ത് ദാരുശില്‍പ്പങ്ങളോടെ കാണുന്ന ഭാഗം ആരും നോക്കിനിന്നുപോകും.
ക്ഷേത്രത്തിന്റെ കാലപ്പഴക്കം വിളിച്ചുപറയുന്ന, ആ ശില്‍പ്പ ചാതുരിയും മറ്റും രാമേശ്വരം ക്ഷേത്രത്തിലും മറ്റും കാണപ്പെടുന്നതിന് സമാനമാണ്. മഹാവിഷ്ണുവിന്റെ ശ്രീകോവിലിന്റെ മുകള്‍ഭാഗവും ഇതുപോലുള്ള ശില്‍പ്പഭംഗിയാര്‍ന്നതാണ്. മൂലശിവന്റേയും മഹാവിഷ്ണുവിന്റേയും ശ്രീകോവിലുകള്‍ക്ക് മുന്നിലെ നമസ്‌ക്കാരമണ്ഡപത്തിന്റെ മുകള്‍തട്ടില്‍ തടിയില്‍ നടത്തിയിട്ടുള്ള കൊത്തുപണി വിസ്മയാവഹമാണ്.
നാലമ്പലത്തിനകത്ത് ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാര്‍ക്ക് കൂടാതെ ഗണപതിക്കും, കാവലാളന്‍ എന്നു കരുതപ്പെടുന്ന വിശ്വേശ്വരനും ഉപദേവാലയങ്ങളുണ്ട്. പുറത്ത് കൃഷ്ണന്‍, അയ്യപ്പന്‍, മുരുകന്‍, ഭഗവതി, ഭൂതത്താന്‍മാര്‍ എന്നിവരുമുണ്ട്. കൂട്ടത്തില്‍, വളര്‍ന്നുപന്തലിച്ചുകിടക്കുന്ന വലിയൊരു പേരാല്‍ നല്ലൊരു കാഴ്ചയാണ്.
താഴേക്ക് വളര്‍ന്നുകിടക്കുന്ന, പേരാലിന്റെ വേരുകള്‍ നിലത്തുതൊടുന്ന ഭാഗത്ത് ചെറിയൊരു ഗുഹ പോലെ കാണാം. അവിടെയും ഒരു ഗണപതിയുണ്ട്. പേരാലില്‍ പൊത്തിലിരിക്കുന്ന ഗണപതി. അല്‍പ്പനേരം അവിടെ കൈകൂപ്പി നിന്നാല്‍ ഗണപതി ഭഗവാന്റെ വാഹനമായ മൂഷികന്മാര്‍ വിഗ്രഹത്തിലും മറ്റും സൈ്വരവിഹാരം നടത്തുന്നത് കാണാം.
ക്ഷേത്രത്തിന് 1200 വര്‍ഷത്തെ പഴക്കം പറയുന്നത്, ഭക്തരല്ല, പുരാവസ്തു വകുപ്പുതന്നെയാണ്. നാഗര്‍കോവിലിലുള്ള പാര്‍ത്ഥിവപുരം ക്ഷേത്രത്തിലെ ശിലാലിഖിതങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് കാന്തള്ളൂര്‍ മഹാദേവക്ഷേത്രത്തിന് 1200 വര്‍ഷത്തെ പഴക്കമുണ്ടെന്നും, അന്ന് ഈ പ്രദേശത്ത് നളന്ദ- തക്ഷശില മാതൃകയില്‍ ഒരു സര്‍വ്വകലാശാല പ്രവര്‍ത്തിച്ചിരുന്നെന്നും തെളിവുകള്‍ കിട്ടിയത്. തുടര്‍ന്നുനടന്ന പഠനത്തില്‍, ഇന്ന് വലിയശാല എന്നറിയപ്പെടുന്ന പ്രദേശത്താണ് കാന്തള്ളൂര്‍ ശാല എന്ന പേരില്‍ സര്‍വ്വകലാശാല പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി.