/kalakaumudi/media/post_banners/c1cb751f827ee45e45fbb10bf18d25c1bde0288b07c786880878e5864b016231.jpg)
ജ്യേഷ്ഠ മാസത്തിലെ കൃഷ്ണ പക്ഷ ഏകാദശിയാണ് യോഗിനി ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഈ വ്രതം അനുഷ്ഠിച്ചാല്‍ പഞ്ഞം മാറുമെന്നും രോഗശമനം ഉണ്ടാകുമെന്നും തീരാവ്യാധികള്‍ ശമിക്കുമെന്നും സംസാര ദുഃഖ ശമനം ഉണ്ടാകും എന്നുമാണ് വിശ്വാസം.വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം.
ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികള്‍ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഈ വ്രതം. ഇഹലോകത്തു സുഖവും പരലോകത്ത് വിഷ്ണു സായൂജ്യമായ മോക്ഷവുമാണ് ഏകാദശി വ്രതഫലം.ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണേ പാടുളളു. അന്ന് അരിയാഹാരം ഒരിക്കല്‍ മാത്രമെന്നാണ് വിധി. ചിലര്‍ അരിക്ക് പകരം ഗോതമ്പ് കഞ്ഞി, പായസം, പഴം, പുഴുക്ക് അങ്ങനെ അന്നേദിവസം മൃഷ്ടാന്നഭോജനം നടത്താറുണ്ട്.
ഇത് പാടില്ല.മലയാളികളുടെ പ്രധാനഭക്ഷണം അരിയായതിനാലാണ് ഒരുനേരം അരിയാഹാരം എന്ന നിഷ്‌കര്‍ഷത തന്നെ വച്ചിരിക്കുന്നത്. അതായത് ഒരുനേരം മാത്രം ഭക്ഷണം എന്നാണ് വിധി. അന്ന് രാത്രിയില്‍ വെറും നിലത്ത് കിടന്ന് ഉറങ്ങാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്താല്‍ നന്ന്. എണ്ണതേച്ചുള്ള കുളിക്കരുത്. ബ്രഹ്മചര്യം പാലിക്കണം. ലഹരി, താംബൂലാദികള്‍ എന്നിവ പാടില്ല. മൗനവ്രതം ആചരിക്കുന്നത് നല്ലതാണ്.ഏകാദശി നാള്‍ പൂര്‍ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ ഉപവാസം കഴിയാത്തവര്‍ ഒരു നേരം പഴങ്ങള്‍ ഉപയോഗിക്കാം.
ഏകാദശിദിവസം മുഴുവന്‍ ഉണര്‍ന്നിരിക്കണം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂര്‍) സമയത്തെ ഹരിവാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവാസര സമയം. അപ്പോള്‍ ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.ഏകാദശി ദിവസം പ്രഭാത സ്‌നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനമോ അഥവാ വിഷ്ണുവിന്റെ അവതാര മൂര്‍ത്തികളുടെ ക്ഷേത്ര ദര്‍ശനമോ നടത്തി ഭാഗ്യസൂക്തം, വിഷ്ണുസൂക്തം, പുരുഷ സൂക്തം ഇവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക.
അന്നേ ദിവസം മുഴുവന്‍ അന്യചിന്തകള്‍ക്കൊന്നും ഇടം നല്‍കാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീര്‍ത്തിക്കുന്ന നാമങ്ങള്‍ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം മലരും/ഉണക്കലരിയും തുളസിയിലയും, അല്പം ചന്ദനവും ഇട്ട തീര്‍ത്ഥം ഭഗവത് സ്മരണയോടെ സേവിച്ച് പാരണ വിടുക. ദ്വാദശി ദിവസവും ഒരു നേരത്തെ ഭക്ഷണമാണ് ഉത്തമം.
കഴിയാത്തവര്‍ക്ക് പതിവ് ഭക്ഷണം കഴിക്കാം.ഏകാദശി വ്രതത്തിന്റെ ഫലങ്ങള്‍ എണ്ണിയാല്‍ തീരില്ല. വിഷ്ണു പ്രീതിക്കും അതിലൂടെ മോക്ഷത്തിനും ഏറ്റവും ഉത്തമ മാര്‍ഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാല്‍ മാത്രമേ പൂര്‍ണ്ണഫലം ലഭിക്കൂ. ജാതകവശാല്‍ വ്യാഴം അനുകൂലം അല്ലാത്തവര്‍ക്ക് ദോഷകാഠിന്യം കുറയ്ക്കാന്‍ ഈ വ്രതം ഉത്തമമാണ്.
ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്‌ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോള്‍ ഈ മന്ത്രം ചൊല്ലുക:
പ്രസീദ തുളസീദേവി
പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോദ്ഭുതേ
തുളസീ ത്വം നമാമ്യഹം
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
